കോഴിക്കോട്:വൈദേശിക ആധിപത്യത്തിനെതിരായ കോഴിക്കോടന്‍ പോരാട്ട വീര്യത്തിന്റെയും ഐക്യത്തിന്റെയും മതേതരത്വത്തിന്റെയും ചരിത്രപ്രതീകമായ ചാലിയം കോട്ട ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) സാങ്കേതികവിദ്യയിലൂടെ പുനരാവിഷ്‌കരിക്കാനുള്ള ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിടിപിസി)പദ്ധതി അന്തിമഘട്ടത്തില്‍. ചരിത്രവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള പദ്ധതിയുടെ സോഫ്റ്റ്വെയറുകളും ത്രീഡി മോഡലുകളും തയ്യാറായിക്കഴിഞ്ഞു. ചാലിയം കടപ്പുറത്ത് സ്ഥാപിക്കുന്ന ഇന്ററാക്ടീവ് സൈന്‍ ബോര്‍ഡ് മൊബൈല്‍ ഫോണിലൂടെ സ്‌കാന്‍ ചെയ്യുന്നതിലൂടെ കോട്ടയിലൂടെ വര്‍ച്ച്വല്‍ യാത്ര നടത്താവുന്ന തരത്തിലാണ് പദ്ധതി. ഇന്ററാക്ടിവ് സൈന്‍ ബോര്‍ഡ് സ്ഥാപിക്കുന്ന പ്രവൃത്തി മാത്രമാണ് ഇനി ബാക്കിയുള്ളത്.
നഗരത്തിലെ സൈന്‍ ബോര്‍ഡുകള്‍ വിജ്ഞാനപ്രദവും ക്രിയാത്മകവുമായി രൂപകല്‍പന ചെയ്യണമെന്ന വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ സംബന്ധിച്ച ഡിസൈന്‍ നയത്തിന്റെ ഭാഗമായാണ് കോഴിക്കോട് ഡിടിപിസി ദൗത്യം ഏറ്റെടുത്തത്. ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി സാങ്കേതികവിദ്യ എന്നിവയിലൂടെ വിവരണാത്മകവും ഇന്ററാക്ടീവുമായ സൈനേജുകള്‍ ഉപയോഗിച്ചാണ് 450 വര്‍ഷങ്ങള്‍ക്കിപ്പുറം കോട്ട അതിന്റെ ചരിത്രം ഉള്‍പ്പെടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
കോട്ടയുടെ ത്രീഡി മോഡല്‍, ചരിത്രവിവരണങ്ങള്‍ നല്‍കുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വീഡിയോകള്‍, എആറിലൂടെ പുനരാവിഷ്‌കരിച്ച കോട്ടയുടെ വാതില്‍ തുറന്ന് കോട്ടയിലൂടെ വര്‍ച്ച്വല്‍ നടത്തം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത അനുഭവങ്ങള്‍ സന്ദര്‍ശകര്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി സ്‌കാന്‍ ചെയ്ത് തിരഞ്ഞെടുക്കാം. പുരാവസ്തു വകുപ്പിന്റെയും ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ചരിത്ര വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ഗവേഷണ സംഘം ചരിത്ര രേഖകള്‍ പരിശോധിച്ചാണ് കോട്ടയുടെ രൂപഘടന തയ്യാറാക്കിയത്. ഇതില്‍ നിന്നും കോട്ടയുടെ ത്രീഡി മോഡല്‍ തയ്യാറാക്കുകയായിരുന്നു.
1531- ല്‍ ചാലിയം പ്രദേശത്ത് സുഗന്ധവ്യഞ്ജന വ്യാപാരം നിയന്ത്രിക്കാനായി പോര്‍ച്ചുഗീസുകാര്‍ പണിതതാണ് ചാലിയം കോട്ട. കോഴിക്കോട്ടെ മൊത്തം വ്യാപാരത്തിന്റെ മേല്‍ക്കോയ്മ ലക്ഷ്യം വെച്ചു പണിത കോട്ട കോഴിക്കോട്ടെ ഭരണാധികാരിയായിരുന്ന സാമൂതിരിയുടെ അധികാരത്തിനു നേരെ വെല്ലുവിളിയായി മാറി. ഈ പ്രദേശത്ത് സാമുദായിക സംഘര്‍ഷങ്ങള്‍ക്കും കോട്ട കാരണമായതായി ചരിത്രം പറയുന്നു. തുടര്‍ന്ന് പോര്‍ച്ചുഗീസ് ആധിപത്യത്തിന്റെ അടയാളമായ കോട്ട തകര്‍ക്കാന്‍ സാമൂതിരി തന്റെ നാവികസേന തലവന്‍ കുഞ്ഞാലിമരയ്ക്കാര്‍ മൂന്നാമനെ ചുമതലപ്പെടുത്തി. വര്‍ഷങ്ങളോളം നീണ്ട പ്രതിരോധത്തിനൊടുവില്‍, 1571-ല്‍ കര വഴിയും കടല്‍ മാര്‍ഗവുമുള്ള ശക്തമായ ആക്രമണത്തിലൂടെ സാമൂതിരി സേന കോട്ട പിടിച്ചടക്കി പൂര്‍ണമായി നശിപ്പിക്കുകയായിരുന്നു.
തന്റെ മുസ്ലിം പ്രജകളുടെ അവകാശം സംരക്ഷിക്കാന്‍ ഒരു ഹിന്ദു രാജാവ് നിലകൊണ്ടതിന്റെ പ്രതീകം കൂടിയാണ് ചാലിയം കോട്ട. കോട്ട പൊളിച്ചതിന്റെ കല്ലുകള്‍ കൊണ്ടാണ് കുറ്റിച്ചിറയിലെ മിഷ്‌കാല്‍ പള്ളി സാമൂതിരി പണിതതെന്ന് ചരിത്രം സൂചിപ്പിക്കുന്നത് പുനരുപയോഗത്തിന്റെ മാതൃക കൂടിയാണ് മുന്നോട്ടുവയ്ക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




