
ഹിന്ദി പഠനവകുപ്പിൽ ദേശീയ പ്രഭാഷണ പരമ്പര
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ ‘ശാസ്ത്രയാൻ 2026’-ൻ്റെ ഭാഗമായി ‘സാഹിത്യം, വിജ്ഞാനം, ഭാഷ’ എന്ന പ്രമേയത്തെ ആസ്പദമാക്കി ദേശീയ പ്രഭാഷണ പരമ്പരക്ക് തുടക്കമായി. പരിപാടി പരീക്ഷ കൺട്രോളർ ഡോ. പി സുനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗം ഡോ. കെ. മുഹമ്മദ് ഹനീഫ, മലയാളം പഠനവകുപ്പ് മേധാവി ഡോ. എം.ബി. മനോജ്, ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. സി. ഷിബി എന്നിവർ സംസാരിച്ചു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പരയിൽ ഡോ. അച്യുതാനന്ദ മിശ്ര, ഡോ. ടി.വി. മധു, ഡോ. ഹർജീന്ദർ സിംഗ്, ഡോ. റൂബൽ മിത്തൽ എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും.
കാലിക്കറ്റിൽ വനിതാ ശാസ്ത്രജ്ഞരുടെ ദേശീയ സംഗമം
നൂതന ആശയങ്ങളെ ശക്തിപ്പെടുത്തുന്നതിനും വിവിധ ശാസ്ത്ര മേഖലകളിലെ വനിതാ ശാസ്ത്രജ്ഞരുടെ സംഗമത്തിനുമായി കാലിക്കറ്റ് സർവകലാശാലയിൽ ദേശീയ സമ്മേളനം നടത്തുന്നു. സർവകലാശാലാ സുവോളജി പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥതി കൗൺസിലും കേരള സയൻസ് അക്കാദമിയും ചേർന്ന് ജനുവരി 27, 28 തീയതികളിലാണ് പരിപാടി. വിവിധ ശാസ്ത്ര മേഖലകൾ തമ്മിലുള്ള സഹകരണം ഈ മേഖലകളിൽ വനിതകളുടെ സാന്നിധ്യം എന്നിവയാണ് ലക്ഷ്യം. തടസങ്ങൾ മറികടന്ന് മുന്നേറിയ വനിതാ ശാസ്ത്രജ്ഞരുടെ അനുഭവങ്ങളും വേദിയിൽ പങ്കുവെക്കും. വിവിധ ഗവേഷണ സ്ഥാപനങ്ങളിൽനിന്നായി 20 പേരുടെ പ്രഭാഷണവുമുണ്ടാകും. സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി.
കോളേജ് ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിച്ചു
നാല് വർഷ ബിരുദ പ്രോഗ്രാം ( 2024 – 25 ബാച്ച് ) നാലാം സെമസ്റ്റർ വിദ്യാർഥികളിൽ നിന്ന് മേജർ നിലനിർത്തിക്കൊണ്ടുള്ള കോളേജ് ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സൗജന്യമാണ്. ഒരു വിദ്യാർഥിക്ക് പരമാവധി പത്ത് കോളേജ് – മേജർ ഓപ്ഷനുകൾ തെരഞ്ഞെടുക്കാം. കോളേജ് ട്രാൻസ്ഫറിനോടൊപ്പം മേജർ മാറ്റം അനുവദിക്കുന്നതല്ല. ഓട്ടോണമസ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഓട്ടോണമസല്ലാത്ത കോളേജുകളിൽ നിന്ന് ഓട്ടോണമസ് കോളേജുകളിലേക്ക് ട്രാൻസ്ഫറിനായി അപേക്ഷിക്കുന്നവർ അതത് കോളേജിനെ സമീപിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ.
കോൺടാക്ട് ക്ലസ്
2025 ഡിസംബർ 20-ന് നടത്താനിരുന്ന വിദൂര വിഭാഗം ആറാം ( 2023 പ്രവേശനം ) ബി.കോം. വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസ് ജനുവരി 24-നും ബി.ബി.എ. വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസ് ജനുവരി 31-നും നടത്തും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായ ഒന്ന്, രണ്ട് സെമസ്റ്റർ എം.എഡ്. (2002 സിലബസ് – 2002 മുതൽ 2012 വരെ പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓഫ്‌ലൈനായി ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എം.സി.എ. ( 2010 സ്‌കീം – 2017 പ്രവേശനം ) ഒന്ന്, മൂന്ന്, നാല് സെമസ്റ്റർ സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 16-നും രണ്ടാം സെമസ്റ്റർ പരീക്ഷ ഫെബ്രുവരി 18-നും തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ( 2011 സ്‌കീം – 2019, 2020, 2021 പ്രവേശനം ) ഏപ്രിൽ 2025, ( 2011 സ്‌കീം – 2017, 2018 പ്രവേശനം ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 04 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എം.കോം. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.




