HIGHLIGHTS : പെണ്‍രാത്രികളുടെ ഓര്‍മ്മ പുസ്തകം പ്രസാദ് കൊടിഞ്ഞി പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ സ്ത്രീകളുടെ രാവനുഭവങ്ങളുടെ കുറിപ്പുകളാണ് കെ അഷറഫ് എ...
പെണ്‍രാത്രികളുടെ ഓര്‍മ്മ പുസ്തകം
പ്രസാദ് കൊടിഞ്ഞി
പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ സ്ത്രീകളുടെ രാവനുഭവങ്ങളുടെ കുറിപ്പുകളാണ് കെ അഷറഫ് എഡിറ്റ് ചെയ്ത ‘ഒലിവ്’ പ്രസിദ്ധീകരിച്ച ‘പെണ്‍രാത്രികള്‍’. എഴുത്തുകാരികളും ആക്റ്റിവിസ്റ്റുകളും, ചലച്ചിത്ര താരങ്ങളും എല്ലാം ഉള്‍പ്പെടുന്ന ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള തൊണ്ണൂറില്‍ അധികം സ്ത്രീകള്‍ കുടഞ്ഞെറിയാനാവാത്ത ഓര്‍മ്മയോട് ഒട്ടിനില്‍ക്കുന്ന രാവുകളെ പങ്കുവെക്കുകയാണ് ഈ പുസ്തകത്തില്‍. മാനസിയും, റോസിതമ്പിയും, റോസ്‌മേരിയും, ജെ ദേവികയും, ശാരദക്കുട്ടിയും, സിസ്റ്റര്‍ ജെസ്മിയും,പാര്‍വതി പവനനും, വിനയയും, കെ എസ് ചിത്രയും, നവ്യാനായരും, ഷക്കീലയും, സരിതയും, കല്‍പ്പനയുമെല്ലാം തങ്ങളുടെ രാവോര്‍മ്മകള്‍ കൊണ്ട് പെണ്‍ രാത്രികളുടെ ഈ ഓര്‍മ്മപുസ്തകത്തെ വൈവിധ്യപൂര്‍ണ്ണമാക്കുന്നു.
തുടര്‍ന്നുള്ള എല്ലാ രാത്രികളിലും പേടിസ്വപ്നങ്ങളായി പുനര്‍ജനിച്ചേക്കാവുന്ന ഒരു രാത്രിയുടെ ഓര്‍മ്മയാണ് ‘ തീപിടിച്ച നഗരം’ എന്ന തന്റെ കുറിപ്പില്‍ മാനസി പങ്കുവെക്കുന്നത്. തീര്‍ത്തും വൈയക്തികമായ ഒരു അനുഭവം. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ വീണ്ടും ആവര്‍ത്തിച്ചേക്കാവുന്ന ഒന്നാണ് മാനസി എഴുതുന്ന രാത്രി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നീതി – നിയമ പാലന സംവിധാനങ്ങളുടെയും ഘനാന്ധകാരം കട്ടപിടിച്ചു നില്‍ക്കുന്നു. അടുത്തൊന്നും പുലരി പ്രതീക്ഷിക്കാന്‍ കഴിയാത്ത നീണ്ട രാത്രി. ജീവനാന്ത്യം വരെ വേട്ടയാടാവുന്ന തീക്ഷ്ണതയുണ്ട് മാനസിയുടെ ഈ രാവോര്‍മ്മക്ക്.

പ്രണയമല്ലാത്ത, എന്നാല്‍ പ്രണയം പോലെ മധുരമായ എന്തോ ഒന്ന് തുടിച്ചു നിന്ന ഒരു കൗമാരരാവിനെക്കുറിച്ചാണ് നവ്യാനായര്‍ എഴുതുന്നത്. ഒരു ചെറുകഥയുടെ ആഖ്യാനപരമായ അനായസതയും ശില്പഭദ്രതയുമുണ്ട് ഒരു തീവണ്ടിയാത്രയുടെ അനുഭവം പങ്കുവെക്കുന്ന ഈ ഓര്‍മ്മക്കുറിപ്പിന്. മനസ്സില്‍ നിന്ന് കുടഞ്ഞുകളയാന്‍ കഴിയാത്ത ഒരു വഞ്ചനയുടെ രാത്രിയെകുറിച്ച് ചലച്ചിത്രതാരം സരിതയും ഒരിക്കലും പുലരാത്ത ഏകാന്തതയുടെ നീണ്ട രാവിനെക്കറിച്ച് മിനിനായരും തന്റെ രാവുകള്‍ക്ക് ഭയത്തിന്റെ കൊമ്പുകള്‍ മുളപ്പിച്ച, രാത്രികളെ ഒറ്റപ്പെട്ട ദ്വീപാക്കി മാറ്റിയ ഒരു രാത്രിയെക്കറിച്ച് ശാരദക്കുട്ടിയും എഴുതുന്നു.
ഷൈനി ജേക്കബ് ബഞ്ചമിന്റെ ‘നിശാ സഞ്ചാരം’ എന്ന കുറിപ്പ് പുരുഷ ലൈംഗിക തൊഴിലാളികളെക്കുറിച്ചുളള ഡോക്യുമെന്ററി നിര്‍മ്മാണത്തിനായി സ്വവര്‍ഗ്ഗ ഭോഗികളായ പുരുഷ ലൈംഗിക തൊഴിലാളികളോടൊപ്പം തെരുവുകളില്‍ അലഞ്ഞ രാത്രികളെക്കറിച്ചുള്ള ഓര്‍മ്മകൂടിയാണ്. ഷൈനി എഴുതുന്നു – “അവരുടേത് വിചിത്രവും അമ്പരപ്പിക്കുന്നതുമായ ഒരു ലോകമാണ്. നഗരത്തിലെ സകലമാന അഴുക്കുകളും അവരെതേടി അവരുടെ അരികിലെത്തുന്നു. അവരാകട്ടെ അതിനെ സ്‌നേഹത്തോടെയും അരുമയോടെയും ചേര്‍ത്തു പിടിക്കുന്നു. പേടിപ്പെടുത്തുന്ന ഒരു പ്രണയ ഭാവത്തിലാണവര്‍ ജീവിക്കുന്നത്. യാതാര്‍ത്ഥ്യവുമായി അതിന് യാതൊരു ബന്ധവുമില്ല. പക്ഷെ കാതരമായ പ്രണയഭാവത്തോടെ അവരത് അനുഭവിക്കുകയും നഷ്ടപ്പെടുമ്പോള്‍ ഹൃദയം പൊട്ടിക്കരയുകയും എല്ലാം മറക്കാന്‍ ലഹരിക്കടിമപ്പെടുകയും വീണ്ടും പ്രണയിക്കുകയും ചെയ്യുന്നു. നഗരത്തിലെ ഓരോ ഇരുണ്ട കോണിലും വേട്ടക്കാരെ കാത്ത് സ്വയം ഒരുക്കപ്പെടുന്ന ഇരകളായി അവര്‍.” ഇവിടെ പുരുഷന്റെ രാത്രിയെക്കുറിച്ചു കൂടിയാണ് ഷൈനി എഴുതുന്നത്.
സഫിയ തിരൂര്‍ എഴുതുന്നത് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട രാത്രിയില്‍ അനുഭവിച്ച അരക്ഷിതത്വത്തെക്കറിച്ചാണ്. പ്രണയത്തിനായി വീടുപേക്ഷിച്ച് ഇറങ്ങിപോകുന്ന പുലരിയുടെ മുമ്പത്തെ അസ്വാസ്ഥ്യജനകമായ രാത്രിയുടെ അനുഭവമാണ് ഇന്ദു ബാലയുടെ ‘ഒരു മിന്നാമിനുങ്ങുപോലും’ എന്ന കുറിപ്പില്‍.
പെണ്‍ രാത്രികളെ കുറിച്ചുള്ള പുസ്തകത്തില്‍ വൈകാരിക ആഘാതമാകുന്ന അനുഭവങ്ങളുടെ തുറന്നെഴുത്താണ് സ്‌കൂളിലെ വായനക്കാരന്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ ഈ പുസ്തകം നിങ്ങളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തണമെന്നില്ല. ‘മായക്കാഴ്ചകള്‍’എന്ന കുറിപ്പില്‍ ഷീബകുര്യന്‍ സൂചിപ്പിക്കുന്ന “സാങ്കല്‍പ്പികതയുടെ മായികഭാഷയില്‍ എഴുതപ്പെട്ട” വൈകാരിക വിലോലത നിറഞ്ഞ കുറിപ്പുകളാണ് ഈ പുസ്തകത്തില്‍ ഭൂരിഭാഗവും. സികെ ജാനുവിന്റെ കുറിപ്പുകള്‍ പോലെയുള്ള ചില കുറിപ്പുകള്‍ പങ്കുവെക്കുന്നത് രാവനുഭവം പോലുമല്ല.
വൈയക്തിക അനുഭവങ്ങളെ തീക്ഷ്ണത ഒട്ടും ചോരാത്ത വൈകാരികതയോടെ വായനക്കാരനെ അനുഭവിപ്പിക്കുക എന്നതാണ് ഓര്‍മ്മയെഴുത്തിന്റെ മാന്ത്രികനെ ‘പെണ്‍രാത്രികളിലെ’ എഴുത്തുകാരികളില്‍ പലരും അതു മറന്നുപോകുന്നു. എന്നാല്‍ മാനസിയെ പോലെ മറ്റു ചിലര്‍ അതി തീഷ്ണമായ അനുഭവത്തിന്റെ ചൂടും വേവും കൊണ്ട് നാം ജീവിക്കുന്ന ലോകത്തിന്റെ ആസുരതകളെ കുറിച്ച് നമ്മെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നു; ഓര്‍മ്മയെഴുത്തിന്റെ തീക്ഷ്ണതകൊണ്ട് നമ്മെ അടിമുടി പിടിച്ചുലയ്ക്കുന്നു.