വെണ്ട കൃഷി ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാം;അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ , ചാക്കില്‍ ഒക്കെ വളര്‍ത്താം. മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ട കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വിളയുന്ന പച്ചക്കറിയാണ്. സാധാരണയായി നാടന്‍ ഇനങ്ങളും സങ്കരയിനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

വിത്തിനങ്ങള്‍

അര്‍ക്ക അനാമിക , സല്‍കീര്‍ത്തി, അരുണ, സുസ്ഥിര തുടങ്ങിയവ ചില മികച്ചയിനം വേണ്ടകള്‍ ആണ്. ശാഖകളില്ലാത്ത ഇനം ആണ് അര്‍ക്ക അനാമിക, കായ്കള്‍ പച്ചനിറത്തില്‍ ഉള്ളവയാണ്. ഇളം പച്ചനിറത്തിലുള്ള നീളം കൂടിയ കായ്കള്‍ ആണ് സല്‍കീര്‍ത്തിയുടെ പ്രത്യേകത. അരുണ ആകട്ടെ ഇളം ചുവപ്പുനിറത്തില്‍ നീളംകൂടിയ കായ്കള്‍ തരുന്നു. സുസ്ഥിര പേര് പോലെ തന്നെ വെണ്ട കൃഷി ചെയ്താല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഇനമാണ്.

നടീല്‍രീതി

വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കില്‍ കൂടുതല്‍ നല്ലത്. വിത്തുകള്‍ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്.

അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. കമ്മ്യുണിസ്റ്റ് പച്ചയുടെ ഇലകള്‍ ഇടുന്നത് വെണ്ട കൃഷിയില്‍ നിമാവിരയെ അകറ്റും.വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും അകലം വരാന്‍ ശ്രദ്ധിക്കുക. ഗ്രോ ബാഗ് / ചാക്കില്‍ എങ്കില്‍ ഒരു തൈ വീതം നടുക.

വിത്തുകള്‍ 3-4 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ നിര്‍ത്തുക. ആദ്യ 2 ആഴ്ച വളങ്ങള്‍ ഒന്നും വേണ്ട. ഇടയ്ക്കിടെ സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) തളിച്ച് കൊടുക്കാം. ചെടികള്‍ക്ക് 3-4 ഇലകള്‍ വന്നാല്‍ ചാണകപ്പൊടി , മണ്ണിര കമ്പോസ്റ്റ് ഒക്കെ ഇട്ടു കൊടുക്കാം. ദ്രവ രൂപത്തിലുള്ള വളങ്ങള്‍ കൊടുക്കാം.

പരിചരണം

വിത്ത് നട്ടതിന് ശേഷം മണ്ണില്‍ ആവശ്യത്തിന് നനവ് ഉണ്ടായിരിക്കണം. വൈകീട്ട് ഒരു നേരം നനച്ചുകൊടുക്കണം.ചാണകവെള്ളമോ, ബയോഗ്യാസ് സ്ലറിയോ ഒരു ലിറ്റര്‍ അഞ്ച് ലിറ്റര്‍ വെള്ളവുമായി ചേര്‍ത്ത് നേര്‍പ്പിച്ച് മേല്‍ വളമായി നല്‍കാം. അല്ലെങ്കില്‍ ഗോമൂത്രമോ വെര്‍മി വാഷോ രണ്ട് ലിറ്റര്‍ പത്തിരട്ടി വെള്ളവുമായി ചേര്‍ത്തതും മേല്‍വളമാക്കാം.

അത്യാവശ്യത്തിന് നനവ് ഓരോ വാരത്തിലും നിലനിര്‍ത്തണം. പാഴ് ചെടികള്‍ കൊണ്ടോ ശീമക്കൊന്ന ഇല കൊണ്ടോ പുതയിട്ടു കൊടുക്കുന്നത് കളകള്‍ വരാതിരിക്കാനും മണ്ണില്‍ നനവ് നിലനിര്‍ത്താനും സഹായിക്കും. മഴക്കാലത്താണ് വെണ്ട കൃഷിയിറക്കുന്നത് എങ്കില്‍ ഇടയ്ക്ക് കളപറിച്ചുകൊടുക്കുകയും മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം. വേനല്‍ക്കാലത്ത് ചെടികള്‍ക്ക് ഓരോ ദിവസവും ഇടവിട്ട് നനയ്‌ക്കേണ്ടതാണ്.

ഗുണങ്ങള്‍

വെണ്ടക്കയില്‍ ദഹനത്തിന് സഹായകരമായ നാരുകള്‍ ധാരാളം അടങ്ങിയിക്കുന്നു. കൂടാതെ ജീവകം എ, ജീവകം സി, ജീവകം കെ, കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു.

രോഗങ്ങളും കീടങ്ങളും

തണ്ട് തുരപ്പന്‍ ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില്‍ ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് തടത്തില്‍ ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.

മൊസേക്ക് രോഗമാണ് വെണ്ടയ്ക്ക് സാധാരണയായി കണ്ടുവരുന്ന പ്രധാന രോഗം. രോഗമുള്ള ചെടികള്‍ കണ്ടാല്‍ പിഴുത് കത്തിച്ചുകളയണം. വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം രണ്ടു ശതമാനം വീര്യത്തില്‍ തളിച്ചുകൊടുക്കാം. വൈറസിന്റെ വാഹകരായ കളകള്‍ പറിച്ചുമാറ്റുക, വേപ്പധിഷ്ടിത കീടനാശിനികള്‍ (ജൈവം) ഉപേയാഗിച്ചും രോഗനിവൃത്തി വരുത്താം. മുഞ്ഞ, വെള്ളീച്ച, പച്ചത്തുള്ളന്‍ എന്നിവയാണ് വെണ്ടയുടെ നിലനില്പിനെ ബാധിക്കുന്ന മറ്റ് കീടങ്ങള്‍. വെണ്ടയെ ബാധിക്കുന്ന മറ്റൊരു കീടം ഇല ചുരുട്ടിപ്പുഴുവാണ്.

വേപ്പ് അടിസ്ഥാനമാക്കി വരുന്ന ജൈവ കീടനാശിനികള്‍ ആണ് ഇതിന് ഫലപ്രദം. ചുരുണ്ട ഇലകള്‍ പറിച്ചു നശിപ്പിച്ചു കളയുകയും വേപ്പിന്‍ കുരു സത്ത് തളിക്കുകയും ചെയ്താല്‍ ഇതിനെ നിയന്ത്രിക്കാം. മഞ്ഞക്കെണികള്‍ ഒരുക്കിയും ഇലച്ചുരുട്ടിപ്പുഴുവിന്റെ വ്യാപനം തടയാം.
ബോറന്‍ പുഴുക്കളും നിമ വിരകളുമാണ് വെണ്ട കൃഷിയുടെ ശത്രുക്കള്‍. വിത്ത് മുളച്ച് രണ്ടാഴ്ച പ്രായം കഴിഞ്ഞാല്‍ ഒന്നാകെ വാടിപ്പോകുന്നതാണ് ലക്ഷണം.വാടിപ്പോയ ചെടി പറിച്ച് അതിന്റെ തണ്ട് കീറിനോക്കിയാല്‍ വെളുത്തപ്പുഴുക്കളെ കാണാം.

ഇതാണ് ബോറന്‍ പുഴു. ഇതിനെ പ്രതിരോധിക്കാന്‍ മണ്ണ് തയ്യാറാക്കുമ്പോള്‍ അടിവളമായി സെന്റൊന്നിന് അഞ്ച് കിലോ വേപ്പിന്‍പിണ്ണാക്ക് പൊടിച്ച് ചേര്‍ക്കണം. തൈപറിച്ചു നടുകയാണെങ്കില്‍ നടുന്ന കുഴിയില്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിട്ടാലും മതി. നിമ വിര കയറിയാല്‍ ആദ്യം ചെടി മുരടിക്കുകയും പിന്നീട് വാടിപ്പോവുകയും ചെയ്യും. മുരടിക്കാന്‍ തുടങ്ങുന്ന ചെടി സൂക്ഷിച്ചു നോക്കിയാല്‍ തണ്ടിന് ചെറിയ വീക്കം തോന്നാം. ബ്ലേഡുകൊണ്ട് തൈ ചെറുതായി കീറി പുഴുവിനെ ഒഴിവാക്കിയാല്‍ തൈ രക്ഷപ്പെടും.ഭഭഭ

വിളവെടുപ്പ്

പൂവിട്ടു ഒരാഴ്ച കഴിയുമ്പോള്‍ പാകമാകുന്ന വെണ്ട മൂപ്പെത്തുന്നതിന് മുന്‍പ് വിളവെടുക്കണം.3-4 മാസം വരെ നീണ്ട് നില്‍ക്കുന്ന വിളവെടുപ്പില്‍ 4-6kg വരെ കായ്കള്‍ ലഭിക്കുന്നതാണ്.

കടപ്പാട്:പരപ്പനാട് ഹെര്‍ബല്‍ ഗാര്‍ഡന്‍സ്

 

Share news
error: Content is protected !!
Scroll to Top