ഡല്‍ഹി: തലസ്ഥാന നഗരത്തില്‍ അമ്പരപ്പിക്കുന്ന വിജയം നേടിയ ആം ആദ്മി പാര്‍ട്ടി ഡല്‍ഹി വികസനത്തിന് വേണ്ടി ഫണ്ടുണ്ടാക്കാന്‍ ഇരക്കാനും തയ്യാറെന്ന്. ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയാണ് ഇക്കാര്യത്തില്‍ തങ്ങളുടെ നയം വ്യക്തമാക്കിയത്. ഡല്‍ഹിയുടെ വികസനത്തിന് വേണ്ടി തങ്ങള്‍ ഇരക്കാന്‍ വരെ തയ്യാറാണ്.
സൗകര്യങ്ങള്‍ കൂട്ടാന്‍ ഫണ്ട് തികയാതെ വന്നാല്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ തെണ്ടാന്‍ വരെ ഞാനും അരവിന്ദ് കെജ്രിവാളും തയ്യാറാണ്. മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതടക്കമുള്ള പരിപാടികളും ചെയ്യും. നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിക്കും. നഗരത്തില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനകം 15 ലക്ഷം ക്യാമറകളാണ് സ്ഥാപിക്കാന്‍ പോകുന്നത്.
സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ബെംഗളൂരു പോലുള്ള നഗരങ്ങളെ ഞങ്ങള്‍ മാതൃകയാക്കും. സൗജന്യമായി വൈഫൈ നല്‍കാനും ആം ആദ്മി പാര്‍ട്ടിക്ക് പദ്ധതിയുണ്ട് എന്നാണ് അറിയുന്നത്. ജനങ്ങള്‍ നല്‍കിയ വിജയം വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നും മനീഷ് സിസോദിയ പറഞ്ഞു.
ജനങ്ങള്‍ ഞങ്ങളില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചു. ഞങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് ജനങ്ങള്‍ക്ക് സംശയം ഉണ്ടാകും. എന്നാല്‍ പറഞ്ഞ വാക്ക് പാലിക്കുക തന്നെ ചെയ്യും. അരവിന്ദ് കെജ്രിവാളിന്റെ ഡെപ്യൂട്ടിയായി സിസോദിയായിരിക്കും ഡല്‍ഹിയില്‍ ഉപമുഖ്യമന്ത്രിയാകുക.
ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബി ജെ പിക്ക് മൂന്ന് സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. കെജ്രിവാള്‍ മന്ത്രിസഭ നാളെ രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്യും




