അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകള്‍ വെച്ച് മലപ്പുറം ജില്ലയും

മലപ്പുറം ജില്ലയില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ 94 ശതമാനവും പൂര്‍ത്തിയായി.

മലപ്പുറം:വികസന സൂചകങ്ങളില്‍ പുതിയൊരു ചരിത്രം കൂടി രചിച്ച് രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയില്‍ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമ്പോള്‍ മലപ്പുറം ജില്ലയ്ക്കും അഭിമാന നേട്ടം. ജില്ലയിലെ അതി ദാരിദ്ര നിര്‍മാര്‍ജ്ജന പദ്ധതിയുടെ 94 ശതമാനവും പൂര്‍ത്തിയായി.

ജില്ലയിലെ 8553 കുടുംബങ്ങളില്‍ നിന്നായി 18022 കുടുംബാംഗങ്ങളാണ് അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ക്കായി 7699 മൈക്രോ പ്ലാനുകളാണ് ജില്ലയില്‍ തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് ദാരിദ്ര നിര്‍മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കുന്നത്. 2021 ല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സര്‍വ്വേ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കളുടെ പട്ടിക അതാത് ഭരണ സമിതികള്‍ അര്‍ഹത പരിശോധിച്ചു അന്തിമ തീര്‍പ്പാക്കിയ ഗുണഭോക്താക്കളെയാണ് അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സുരക്ഷിതമായ വാസസ്ഥലം ഒരുക്കുന്ന മൈക്രോ പ്ലാനില്‍ 133 എണ്ണം മാത്രമാണ് ജില്ലയില്‍ ഇനി പൂര്‍ത്തിയാവാനുള്ളത്. ജില്ലയിലെ ഭൂരഹിത, ഭവനരഹിതരായിട്ടുള്ള കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്തുന്നതിനായി ഏറനാട് താലൂക്കിലെ പുല്‍പ്പറ്റ വില്ലേജില്‍ 180 സെന്റ്, പൊന്നാനി താലൂക്കിലെ എഴുവന്‍തുരുത്തി വില്ലേജില്‍ 37സെന്റ്, തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂര്‍ വില്ലേജില്‍ 15 സെന്റ്, നെടുവ വില്ലേജില്‍ 10 സെന്റ്, പെരിന്തല്‍മണ്ണ താലൂക്കിലെ പുലാമന്തോള്‍ വില്ലേജില്‍ 162 സെന്റ് എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ പുല്പറ്റ വില്ലേജിലെ 180 സെന്റ് ഭൂമി 37 കുടുംബങ്ങള്‍ക്കും എഴുവന്‍തുരുത്തി വില്ലേജിലെ 37സെന്റ് ഭൂമി 10 കുടുംബങ്ങള്‍ക്കും അനുവദിക്കുന്നതിനായി പ്ലോട്ടുകളാക്കി തിരിച്ച് നറുക്കെടുപ്പ് പൂര്‍ത്തിയാക്കി പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തിരൂരങ്ങാടി താലൂക്കിലേയും പെരിന്തല്‍മണ്ണ താലൂക്കിലേയും ഭൂമി പതിച്ചു നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗതിയിലാണ്.
അതിദരിദ്ര കുടുംബങ്ങളായി കണ്ടെത്തിയവര്‍ക്ക് ആവശ്യകത അനുസരിച്ചു ഭക്ഷണം , ആരോഗ്യ സേവനങ്ങള്‍ (മരുന്ന് , ചികിത്സ), വരുമാനം , സുരക്ഷിതമായ വാസസ്ഥലം ( വീട് മാത്രം , വീടും ഭൂമിയും , വീട് പുനരുദ്ധാരണം , കുടിവെള്ളം , ടോയ്‌ലറ്റ് , വൈദ്യുതീകരണം , മാലിന്യ സംസ്‌കരണ ഉപാധികള്‍ ) ,എന്നീ സേവനങ്ങള്‍ നല്‍കി 7282 കുടുംബങ്ങളെ അതിദാരിദ്രത്തില്‍ നിന്നും കരകയറ്റാനായിട്ടുണ്ട്.
ജില്ലയില്‍ ഭക്ഷണം ആവശ്യമുള്ള 3479 ആളുകളില്‍ മുഴുവന്‍ പേര്‍ക്കും ഭക്ഷണം എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇവരില്‍ പാചകം ചെയ്ത ഭക്ഷണം 353 പേര്‍ക്കും കിറ്റ് ആവശ്യമുള്ളത് 3126 പേര്‍ക്കുമായിരുന്നു. വിവിധ ആരോഗ്യസേവനങ്ങള്‍ ആവശ്യമുള്ള 4540 പേര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു.വരുമാനം ആവശ്യമുള്ള 877 പേരില്‍ മുഴുവന്‍ പേര്‍ക്കും കുടുംബശ്രീ വഴിയും വിവിധ പദ്ധതികളിലൂടെയും തൊഴില്‍ ലഭ്യമാക്കി വരുമാനം ഉറപ്പാക്കി.

ജില്ലയില്‍ സുരക്ഷിത വാസസ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി 785 വീട് മാത്രം വേണ്ടവര്‍ , 492 വീടും സ്ഥലവും ആവശ്യമുള്ളവര്‍ ,966 ഭവന പുനരുദ്ധാരണം ആവശ്യമുള്ളവര്‍ എന്നീ മൈക്രോ പ്ലാനുകളില്‍ 751 വീടും 361 വീടും സ്ഥലവും 966 വീട് പുനരുദ്ധാരണവും പൂര്‍ത്തീകരിച്ചു .
ഇനി പൂര്‍ത്തീകരിക്കാനുള്ളതും സുമനസ്സുകളുടെ സഹായം ആവശ്യമുള്ളതുമായ ഘടകം ഭൂ രഹിത ഭവന രഹിതര്‍ക്ക് ഒരു കൂരയൊരുക്കാന്‍ ഭൂമി കണ്ടെത്തുക എന്നതാണ്. സ്വന്തമായി മുതല്‍ മുടക്കി ഭൂമി കണ്ടെത്താന്‍ പ്രാപ്തിയില്ലാത്തവരാണിവര്‍. സര്‍ക്കാര്‍ ധനസഹായം കൊണ്ട് മാത്രം ഭൂമി വാങ്ങാന്‍ കഴിയാത്ത അവസ്ഥയും. പരാശ്രയത്വത്താല്‍ ഉപജീവനം കണ്ടെത്തുന്ന ഇവര്‍ക്ക് നിലവില്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് മാറി പോകാന്‍ പ്രയാസവുമുണ്ട്. ഇവരെകൂടി പുനരധിവസിപ്പിച്ച് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും അതിദാരിദ്ര്യ മുക്തമാക്കുക എന്നതാണ് ലക്ഷ്യം.

2025 നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ അതിദരിദ്രയില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും. തദ്ദേശസ്ഥാപനങ്ങള്‍ വഴിയും വിവിധ വകുപ്പുകളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴിയുമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. 1973- 74 ല്‍ 59.8% അതിദരിദ്രരാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വഴി 1993 -94 ല്‍ 25.4% ആയി മാറി. പിന്നീട് അത് 11.3% ആയി കുറയുകയും ചെയ്തു. മനുഷ്യാവകാശവും മനുഷ്യാന്തസ്സും ഉയര്‍ത്തിപ്പിടിക്കുക, മാനവികതയോടുള്ള കടമ നിറവേറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരളത്തില്‍ അതിദരിദ്രരെ കണ്ടെത്തി അവരെ പുനരുദ്ധരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top