900 കണ്ടി ടെന്റ് അപകടം: റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ടു പേര്‍ അറസ്റ്റില്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

HIGHLIGHTS : 900 Continent tent accident: Two resort operators arrested, case filed for involuntary manslaughter

cite

കല്‍പ്പറ്റ: വയനാട് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ടു പേരാണ് അറസ്റ്റിലായത്. 900 കണ്ടിയിലെ എമറാള്‍ഡിന്റെ ടെന്റ് ഗ്രാം എന്ന റിസോര്‍ട്ടിലെ നടത്തിപ്പുകാരായ സ്വച്ഛന്ത്, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

ഇരുവരെയും ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു സുരക്ഷയും ഇല്ലാത്ത ടെന്റ് ആണ് തകര്‍ന്ന് വീണതെന്നാണ് വിവരം. ദ്രവിച്ച മരത്തടികള്‍ കൊണ്ട് ഉണ്ടാക്കിയ ടെന്റിലുണ്ടായ അപകടത്തിലാണ് മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മ മരിച്ചത്.

വിനോദ സഞ്ചാരകേന്ദ്രമായ 900 കണ്ടിയിലെ വനമേഖലയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച എമറാള്‍ഡ് റിസോര്‍ട്ടിന്റെ ടെന്റ് ഗ്രാമത്തിലാണ് അപകടമുണ്ടായത്. അര്‍ധരാത്രി കനത്ത മഴയ്ക്കിടെ തടികൊണ്ട് കെട്ടി ഉണ്ടാക്കിയ ടെന്റ് തകരുകയായിരുന്നു. മഴയില്‍ ടെന്റ് മേഞ്ഞ പുല്ലില്‍ ഭാരം കൂടിയതോടെ ദുര്‍ബലാവസ്ഥയില്‍ ആയിരുന്ന നിര്‍മ്മിതി തകര്‍ന്നു. വിനോദസഞ്ചാരികളായ 16 അംഗ സംഘമാണ് അപകട സമയത്ത് റിസോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

ഇതില്‍ മൂന്നു പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ടെന്റാണ് തകര്‍ന്നുവീണത്. നിലമ്പൂര്‍ സ്വദേശിയായ നിഷ്മ ആശുപത്രിയിലേക്ക് കൊണ്ടുപോകന്നതിനിടെയാണ് മരിച്ചത്. പുല്ലുമേഞ്ഞ ടെന്റിനു കീഴില്‍ 3 പ്ലാസ്റ്റിക് ടെന്റുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ താമസിച്ചിരുന്നത്. ഉറപ്പില്ലാത്ത ദ്രവിച്ച മരത്തടികളായിരുന്നു ടെന്റിന് താങ്ങായി നല്‍കിയിരുന്നത്.

അതേസമയം, എമറാള്‍ഡ് റിസോര്‍ട്ടിന് ഒരു അനുമതിയും നല്‍കിയിരുന്നില്ലെന്ന് മേപ്പാടി പഞ്ചായത്ത് അറിയിച്ചു. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, അപകടത്തിന് കാരണം മഴയാണെന്നും ടെന്റില്‍ ആവശ്യത്തിന് സുരക്ഷയുണ്ടായയിരുന്നുവെന്നും എല്ലാ അനുമതിയുണ്ടെന്നും റിസോര്‍ട്ട് നടത്തിപ്പുകാര്‍ പറഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് പരിക്കേറ്റത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!