Section

malabari-logo-mobile

സംസാരിക്കുന്ന ബുദ്ധന്‍ നിശ്ശബ്ദനായിരിക്കുന്നു

HIGHLIGHTS : വഴക്കാളിയായ ഒരാള്‍, കലഹപ്രിയനായ, നിര്‍ത്താതെ പറഞ്ഞുകൊണ്ടേ ഇരിക്കുന്നൊരാള്‍! പിന്നെയുമുണ്ടാകും പലര്‍ക്കും പലവിമര്‍ശനങ്ങള്‍, സുകുമാര്‍ അഴീക്കോടിന...

വഴക്കാളിയായ ഒരാള്‍, കലഹപ്രിയനായ, നിര്‍ത്താതെ പറഞ്ഞുകൊണ്ടേ ഇരിക്കുന്നൊരാള്‍! പിന്നെയുമുണ്ടാകും പലര്‍ക്കും പലവിമര്‍ശനങ്ങള്‍, സുകുമാര്‍ അഴീക്കോടിനെക്കുറിച്ച്. അഴീക്കോടുമായി കലഹിക്കാത്ത സാഹിത്യ-രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ നന്നേ ചുരുക്കമാകും. പക്ഷേ ആ കലഹങ്ങള്‍ക്കും പിണക്കങ്ങള്‍ക്കുമൊന്നും ദീര്‍ഘായുസ്സുണ്ടായിരുന്നില്ല. എല്ലാ പിണക്കങ്ങളും എപ്പോളൊക്കെയോ അലിഞ്ഞലിഞ്ഞില്ലാതായി – ‘പിരിശമുള്ളിടത്തേ അരിശമുള്ളൂ’വെന്നചൊല്ലുപോലെ. അഴീക്കോടിന്റെ പിരിശം ആരോടായിരുന്നുവെന്നല്ല ചോദിക്കേണ്ടത്, അഴിക്കോടിന് ആരോടാണ് പിരിശമില്ലാതിരുന്നിട്ടുള്ളത്, എന്നാണ്.

ശീര്‍ഷകത്തിന് ‘ബുദ്ധന്‍’ എന്നാണ് വിശേഷണം. ബുദ്ധന്‍ ജ്ഞാനിയായ പരിഷ്‌കര്‍ത്താവായിരുന്നു. ബുദ്ധന്‍ മൗനം പഠിപ്പിച്ചു. ഒരുനേരവും നിശ്ശബ്ദനാവാതിരുന്ന അഴീക്കോട് എങ്ങനെയാണ് മൗനിയായ ധ്യാനിയോട് സദൃശനാവുക? ബുദ്ധന്റെ മൗനംനിറയെ ശബ്ദായമാനമായിരുന്നപ്പോള്‍ അഴീക്കോടിന്റെ വാക്കുകളുടെ അന്തര്‍ഭാവം മൗനംതന്നെ ആയിരുന്നല്ലോ; ജ്ഞാനത്തിന്റെ മഹാമൗനം.
എന്തിനാണ് ഈ മനുഷ്യനിങ്ങനെ പറഞ്ഞുകൊണ്ടിരുന്നത്? ദയാദാക്ഷിണ്യങ്ങളില്ലാതെ കൂരമ്പുകള്‍ തൊടുത്ത്, കത്തുന്ന വാക്കിന് തിരികൊളുത്തി, വാലിന് തീപിടിച്ചവനെപ്പോലെ സൈ്വര്യംകെട്ട് പരക്കംപാഞ്ഞുകൊണ്ടേയിരുന്നു. എന്തിനാണ് ഈ മനുഷ്യനിങ്ങനെ കലഹിച്ചുകൊണ്ടേയിരുന്നത്? സത്യങ്ങളെന്നാലും, ഇങ്ങനെ അപ്രിയങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത് എന്തിനാണ്? പ്രിയങ്ങള്‍ മാത്രം പറഞ്ഞ് പ്രിയങ്കരനാകാവുന്നതിന്റെ സുഖശീതളിമയില്‍ സോല്ലാസമിരിക്കേണ്ടതിനുപകരം ഇങ്ങനെ സൈ്വര്യമില്ലാതെ അലഞ്ഞതെന്തിന്? പേരും പദവിയും കീര്‍ത്തിയും മോഹിച്ചാണെങ്കില്‍ അതാവശ്യത്തിലധികമുണ്ടല്ലോ ഈ മനുഷ്യന്! എന്നിട്ടും എന്തിനാവാം ‘ഈയാള്‍’ ഇങ്ങനെ തെരുതെരെ പറഞ്ഞുകൊണ്ടേയിരുന്നത്? അറിയുന്നുണ്ടെന്ന്

sameeksha-malabarinews
ബഷീര്‍, അഴീക്കോട്,തകഴി, കേശവദേവ്‌

അറിയിക്കുവാനോ അതോ നമ്മളെക്കുടി അറിയിക്കുവാനോ?
ഒരറിവും പൂര്‍ണ്ണമല്ലല്ലോ; അറിഞ്ഞതിന്റെയെല്ലാം അപ്പുറത്ത് പിന്നെയും അറിവുതന്നെ, അറിയാനുള്ള അറിവുകള്‍. ഒരുപാതി അറിയുമ്പോള്‍ മറുപാതി അറിവിന്‍ പരിധിവിട്ടകലുന്ന സബ്-ആറ്റോമിക കണത്തിന്റെ അപാരതപോലെ പരിധികള്‍ ഉല്ലംഘിച്ച് പിന്നെയും അനന്തമാകുന്നു. എങ്കിലും ഈ അറിവിനെ അറിയുക എത്ര പ്രയാസമാണെങ്കിലും അറിയാതെ പോകുന്നത് കുറ്റകരംതന്നെയാകും.
അഴീക്കോട് പറയുമ്പോള്‍, പറഞ്ഞത് ‘എനിക്കു’പതിരായത് ‘നിങ്ങള്‍ക്ക്’കാമ്പുള്ളതായിട്ടുണ്ടാവാം; തിരിച്ചും. ആത്യന്തികമായി ‘ഞാനും’ ‘നിങ്ങളും’ കരുതിയത് ‘നന്നായി, ആരെങ്കിലുമൊക്കെ പറയാതിരുന്നുകൂടാ’ എന്നുതന്നെ. അങ്ങനെ പറയേണ്ടതെല്ലാം പറയുന്ന ഒരു പറച്ചിലുകാരനായി സുകുമാര്‍ അഴിക്കോട് നമുക്കിടയിലുണ്ട്. ഗാന്ധിയനാണെന്ന് പറയുകയും ഗാന്ധിയനായി ജീവിക്കുകയും ചെയ്തുകൊണ്ട്, നിറഞ്ഞ ഗൗരവത്തിന് ചിരിയുടെ തൊങ്ങലുടുപ്പിട്ട് ചിന്തയുടെ ചന്തംനല്‍കുന്ന ആ ഭാഷണങ്ങള്‍ ഔരേസമയം അപരനോടായിരിക്കുമ്പോള്‍ത്തന്നെ ഒരാത്മാഭാഷണംകൂടിയാകുന്നു. എങ്കിലും അത് അഴീക്കോടിന്റെ മാത്രം ആതമഭാഷണമാവുകയല്ല,’എന്റെ’കൂടി ആയിത്തീരുകയും ചെയ്യുന്നു.
ഈ മനുഷ്യനിങ്ങനെ വിളിച്ചുപറഞ്ഞ് ആലസ്യത്തിന്റെ മൗനവും സ്വാസ്ഥ്യവും കുടിച്ചുറങ്ങാന്‍ കിടന്ന നമ്മുടെ ചെവിയില്‍ ഉറക്കംകെടുത്തുന്ന മൂളലും മുരളലുമുണ്ടാക്കുന്ന, ഉറങ്ങാത്ത ശബ്ദമായി ഉണര്‍ന്നിരുന്നു. അത്, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ മാത്രമല്ല മറക്കുന്നവര്‍ക്ക് ഓര്‍മ്മയായും മൗനത്താല്‍ മരിപ്പാകുന്ന മനസ്സിനും മസ്തിഷ്‌കങ്ങള്‍ക്കുംകൂടി ഉണര്‍ത്തായുമാണ്.
ഒരാളിങ്ങനെ ഉണര്‍ന്നിരുന്നു. ആ ഉണര്‍ച്ച പക്ഷേ നമ്മളോട്,
‘ഇനി ഞാനുണര്‍ന്നിരിക്കാം
നീ ഉറങ്ങുക..’ – എന്ന് താരാട്ടായല്ല ഉണര്‍ന്നിരിക്കുകയെന്ന് അഭിനവ വിവേകാന്ദശബ്ദമായി ,’ഉത്തിഷ്ഠത ജാഗ്രത’ ഓതിയോതി തട്ടിക്കുലുക്കി വിളിക്കുകയായിരുന്നു. അവിടെ പരിസ്ഥിതിക്കെന്നോ മാതൃത്വത്തിനും മൂല്യങ്ങള്‍ക്കും മണ്ണിനും മാനവികതക്കും സംസ്‌കാരത്തിനും രാഷ്ട്രീയത്തിനും സാഹിത്യത്തിനു ഒക്കെ പ്രത്യേകം ലേബല്‍ പതിക്കാതെയും, ഒന്നിനെയും കാറ്റഗറൈസ് ചെയ്യാതെയും അറിഞ്ഞതും കണ്ടതുമെല്ലാം പറഞ്ഞുകൊണ്ടേയിരുന്നു. ഒരര്‍ത്ഥത്തില്‍ ആ ശബ്ദമായിരുന്നു അഴീക്കോടും അദ്ദേഹത്തിന്റെ നിയോഗവും. മുന്നില്‍ ആരാണെന്നതോ, വലിപ്പമോ പിന്‍തുണയോ നോക്കാതെ, വശം ഇടമെന്നോ വലമെന്നോ ശങ്കിച്ചുനില്‍ക്കാതെ അഴീക്കോടിന് പറയാനാകുന്നതും അദ്ദേഹം അങ്ങനെ ഒരു തരംതിരിവിന്റെ വക്താവല്ലാത്തതുകൊണ്ടാണ്്. മാനവികതയും മൂല്യവുമല്ലാതെ വിധേയപ്പെടേണ്ടതായി ഒന്നുമില്ല. അതിനപ്പുറം മറ്റൊന്നും അഴീക്കോടിന് വിഘ്‌നമാകാത്തതും ഈ ജീവകാലത്തില്‍ അങ്ങനൊരു പക്ഷപാതിത്വത്തിനും ഇടകൊടുക്കാതിരുന്നതുകൊണ്ടുതന്നെ. ഒന്നും ചോദിച്ചുവാങ്ങാതെ, പലതും വേണ്ടെന്നുപറയുന്ന ആര്‍ജ്ജവത്വം, നേടിയതും നേടാത്തതുമെല്ലാം നിസ്സാരമെന്ന ഒരു തിരിച്ചറിവും ‘ആര്’ എന്നതിനേക്കാള്‍ ‘എന്ത്, എന്തിന്’ എന്ന ബോദ്ധ്യങ്ങളും ചേര്‍ന്ന അവസ്ഥതന്നെയാണ്; ബുദ്ധന്റെ നിര്‍വ്വേദാവസ്ഥയും.
വിമര്‍ശിക്കപ്പെടേണ്ടത് ജീ യോ പി. യോ പി. ജി. യോ വീരേന്ദ്രകുമാറോ പത്മനാഭനോ എന്നതൊന്നുമല്ല പ്രസക്തമെന്നും പേരുകള്‍ക്കതീതമായ നേരിന്റെ വേരാണ് പ്രധാനമെന്നും അറിയുന്ന ഉള്ളറിവുതന്നെയാണ് ബുദ്ധന്റെ ബോധോദയവും. ബുദ്ധന്‍ ബിന്ദുസാരനോടു പറഞ്ഞതുതന്നെ അഴീക്കോട് അഭിനവ രാജാക്കന്മാരോടും സേവകരോടും പറഞ്ഞുകൊണ്ടിരിക്കുന്നത്.
അപ്രിയ സത്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്് തന്നോടുള്ള പ്രിയമേ ഇല്ലാതാകുന്നുള്ളൂ, തനിക്ക് പ്രിയപ്പെട്ടവര്‍ ഇല്ലതാകുന്നില്ലെന്ന അറിവാണ് അഴീക്കോടിലെ ജ്ഞാനിയുടെ വെളിവ്. അതുകൊണ്ടാണല്ലോ ‘തത്വമസി’തന്നെ എഴുതപ്പെട്ടത്.
ആ സ്വരമുഴക്കം നിലിച്ചിരിക്കുന്നു, നേര്‍ത്തതും മൂര്‍ച്ചയുള്ളതുമായ, ശകാരംതന്നെയാകുന്ന വാഗ്ശരങ്ങളുടെ വിമര്‍ശനങ്ങള്‍ ഇനിയൊരിക്കലും നമുക്കുവേണ്ടി ഒന്നും പറയില്ല.. നിശ്ശബ്ദത! പ്രവഹിക്കുന്ന രണ്ടുവാക്കുകള്‍ക്കിടയില്‍ ആ പ്രത്യേക താളത്തില്‍ അറിഞ്ഞ മധുരിക്കുന്ന, മൗനമല്ലത്. മൗനമാകുന്ന ബുദ്ധന്റെ ശബ്ദവുമല്ല. അതിലൊരു ശൂന്യതയുണ്ട്. എന്തെങ്കിലും പറയേണ്ടിടത്ത് നമ്മളൊക്കെ പാലിക്കുന്ന കുറ്റകരമായ മൗനത്തെ മറികടന്നിരുന്ന ആ സ്ഥൈര്യത്തിന്റെ സുരക്ഷ നമുക്ക് ഇല്ലാതായിരിക്കുന്നു.
മുല്ലപ്പെരിയാര്‍ മുതല്‍ ഈ-മെയില്‍ ചോര്‍ത്തല്‍വരെ അളവിലധികം നിറഞ്ഞ പ്രശ്‌നത്തിന്റെ മുന്നിലെ, കെട്ടിനിര്‍ത്തിയ ഡാമുകള്‍പോലെ അവനവനോടും അപരരോടുമുള്ള ബാദ്ധ്യതകള്‍ കൊട്ടിയടച്ച് നമ്മുടെ സാസംകാരിക നായകരൊക്കെയും ആംഗ്യപ്പാട്ടും ടാബ്ലോയും നാടകവും കളിക്കുമ്പോള്‍ ചിലതൊക്കെ നമുക്ക് പറയാനുണ്ടെന്ന്, അത് ആരെങ്കിലുമൊന്ന് പറയുമോ, പറഞ്ഞെങ്കിലെന്ന് ത്രസിക്കുമ്പോളാണ് ആ ശൂന്യതയുടെ ആഴവും പരപ്പും എത്രയെന്ന് നമ്മളറിയുക. ഇനി അഴീക്കോടില്ലെന്ന ഭീതിതമായ അപ്രിയസത്യം.
വെറുതെ ഒരു പക്ഷം ചേരലിനപ്പുറം എപ്പോളെങ്കിലും ഓര്‍ത്തിടട്ടുണ്ടോ, അഴീക്കോട് കൊളുത്തിവിടുന്ന വിമര്‍ശനത്തിന്റെ പൊരുളുകള്‍?
‘കണ്ണുള്ളപ്പോള്‍ കാഴ്ചയെന്തെന്നറിയാത്ത’ അറിയാന്‍ ശ്രമിക്കാത്ത നമ്മള്‍ വെറുതെയെങ്കിലും ഓര്‍ക്കണം, ഇങ്ങനെ ചിലര്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാനും നിങ്ങളുമടക്കം നമ്മുടെ പ്രജകളും പ്രജാപതികളും എന്തെന്തെല്ലാം ചെയ്യാതിരിക്കില്ല! എത്രമാത്രം ഭയാനകവും വിരസവും അസഹനീയവുമായിരിക്കും നമ്മള്‍ക്ക് നമ്മള്‍തന്നെ! ആരെങ്കിലമൊന്നുണ്ടായിരുന്നെങ്കിലെന്ന്, ആര്‍ജ്ജവമുള്ള വാക്കും നോക്കും കാണാതെ, കേള്‍ക്കാതെ എല്ലാ നെറിയില്ലായ്മകളും മേല്‍ക്കുമേല്‍ അടക്കിവാഴുകയും അടിച്ചുവീഴ്ത്തുകയും ചെയ്യുമ്പോള്‍ ‘രാജാവ് നഗ്നനാണെ’ന്ന് വിളിച്ചു പറഞ്ഞ കുഞ്ഞിന്റെ നിഷ്‌കളങ്കതയും രാജാവിനെ തിരുത്തുന്ന ബുദ്ധബോദ്ധ്യങ്ങളും ഒത്തുചേരുന്ന ഈ പ്രതിഭാസത്തിന്റെ വിലയറിയാന്‍ ഏതു തിന്മകളുടെ അണക്കെട്ടുകള്‍ പൊട്ടുന്നത് കാത്താണ് നമ്മളിരിക്കുന്നത്? ഓര്‍ക്കുക, ഇനി നമുക്കൊരു അഴീക്കോടില്ല, നമ്മുടെതന്നെ നാവും നാദവുമാകാന്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!