Section

malabari-logo-mobile

ഹിമാലയം വിളിക്കുന്നു 3

HIGHLIGHTS : സാഹസികതയുടെ സംഗമം സുര്‍ജിത്ത് അയ്യപ്പത്ത്‌

  സാഹസികതയുടെ  സംഗമം 

സുര്‍ജിത്ത് അയ്യപ്പത്ത്‌

sameeksha-malabarinews

ഉണരുമ്പോള്‍ എല്ലാവരും ഒരുങ്ങുകയാണ്. ജാലകത്തിന് പുറത്ത് നിശ്ചലമായ തെരുവ്. ഹാലജന്‍ ലൈറ്റിന്റെ പ്രകാശം തെരുവിന് ഒരു സുവര്‍ണ ശോഭ പകരുന്നു. സമയം അഞ്ചുമണി ആയിട്ടും പോകാനുള്ള വാഹനം എത്തിയിട്ടില്ല. പതുക്കെ ഞാനും ഒരുങ്ങാന്‍ തുടങ്ങി. ട്രാവല്‍ ഏജന്‍സി അധികൃതരെ വീണ്ടും വീണ്ടും വിളിച്ചിട്ടും മറുപടി ഉണ്ടായില്ല. ചതിക്കപ്പെട്ടുവോ എന്ന് പോലും കരുതി. കുറച്ചു കഴിഞ്ഞപ്പോള്‍ ഉടമ ഇങ്ങോട്ട് വിളിച്ച് ക്ഷമാപണം അറിയിച്ചു. വാഹനം ഒരു ഹിമാലയന്‍ യാത്രക്ക് ശേഷം എത്താന്‍ വൈകി എന്നും, ഉടന്‍ വണ്ടി വിടാം എന്നും അയാള്‍ ഉറപ്പു നല്‍കി. സമയം ആറുമണി ആയപ്പോഴാണ് ട്രാവല്‍ ഏജന്‍സി
അധികൃതര്‍ ഏര്‍പ്പാടാക്കിയ ടാറ്റാ സുമോ എത്തിയത്. രാജേഷ്‌ തിവാരി എന്ന് പേരുള്ള മധ്യ വയസ്ക്കന്‍ ആണ് സാരഥി. നേപ്പാളി മുഖം ആണ് അയാള്‍ക്ക്‌. കണ്ണുകള്‍ക്ക്‌ നല്ല തിളക്കം. വളരെ സിനിയറും, നിരവധി തവണ ഹിമാലയ യാത്ര നടത്തി അനുഭവ സമ്പത്തുള്ള ആളുമാണ് എന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചിരുന്നു. ടാറ്റാ സുമോയുടെ കരിയറില്‍ ലഗേജുകള്‍ അടുക്കി കെട്ടി വച്ചു. ദീര്‍ഘ ദൂര യാത്രകളില്‍ ചര്‍ദി പ്രശ്നം ഉള്ളതിനാല്‍ ഞാന്‍ മുന്‍ സീറ്റിന്റെ അരികില്‍ തന്നെ സ്ഥാനം ഉറപ്പിച്ചു. വാഹനം നീങ്ങി തുടങ്ങി. ആദ്യം പോകുന്നത് കേതാര്‍നാഥിലേക്കാണ് .. ഹൃഷികേശ് നഗരം കാഴ്ചയില്‍ നിന്നും മറയുകയാണ്… വയനാടന്‍ ചുരത്തെ വെല്ലുന്ന വളവു തിരിവുകള്‍.. റോഡിലേക്ക് തള്ളിനില്‍ക്കുന്ന കരിങ്കല്‍ പാളികള്‍ ഇതു നിമിഷവും അടര്‍ന്നു വീഴും എന്ന നിലയിലാണ്. എല്ലാറ്റിനെയും പിന്നിലാക്കി ടാറ്റാ സുമോ കുതിച്ചു കയറിക്കൊണ്ടെയിരുന്നു.

 

ശ്രീനിവാസന്റെ തമാശകള്‍ക്കിടയിലും താഴെ കലങ്ങി മറിഞ്ഞ് ഒഴുകുന്ന വിഷാദ വതിയായ ഗംഗയെ കണ്ടു. ചുറ്റും വരണ്ടുണങ്ങിയ വന്‍ മലകള്‍ കുടിനീരിനായി നാവു നീട്ടുന്നത് പോലെ… ഒട്ടും സുഖം പകരാത്ത കാഴ്ചകള്‍ മുന്നില്‍ മിന്നി മറഞ്ഞു കൊണ്ടേയിരുന്നു. വയറിനുള്ളില്‍ തുടങ്ങിയ അസ്വസ്തത ഘട്ടം ഘട്ടമായി കൂടിക്കൊണ്ടിരുന്നു. ശ്രീനിവാസന്‍ നിശബ്ധനാണ്. തമാശയുടെ ഒഴുക്ക് നിലച്ചിരിക്കുന്നു. എന്റെ തല പെരുക്കുന്നു, നാവു കുഴയുന്നു, ചുറ്റി തിരിയുന്നു. ചങ്കിലേക്ക്‌ പടര്‍ന്നു കയറുന്ന ഒക്കാനത്തിന്റെ പൂര്‍ത്തീകരണത്തിനായി ശരീരം വെമ്പല്‍ കൊള്ളുന്നു. നാവു കടിച്ചു പിടിച്ചിരുന്നിട്ടും, കഴിയുന്നില്ല.. ദയനീയമായി ഞാന്‍ ഡ്രൈവറെ ഒന്ന് നോക്കി.. കാര്യം മനസിലായ അയാള്‍ വണ്ടി അരികിലേക്ക് നിര്‍ത്തുമ്പോഴേക്കും ഞാന്‍ തല പുറത്തേക്കു നീട്ടി ആവോളം ചര്‍ദ്ദിച്ചു… വിമ്മിഷ്ടതിന്റെ കെട്ടഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ഞാന്‍ പുറത്തേക്കിറങ്ങി. പെട്ടന്നാണ് പിറകിലെ വാതില്‍ തുറക്കപ്പെട്ടതും, അതില്‍ നിന്നും ഒരു തല പുറത്തേക്കു നീണ്ടുവന്നതും, വായില്‍ നിന്നും വെളുത്ത പക്ഷികള്‍ പുറത്തേക്കു പറന്നതും… മഹാന്‍ ശ്രീനിവാസനാണ് ആ വാള് ഹിമാലയ ഭൂമിക്കു സംഭാവന ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ സുഖം അനുഭവിച്ചിട്ടും “അയ്യോ, ന്റെ മസാല ദോശ പോയേ…അയ്യോ ന്റെ രണ്ട് ചായ പോയേ… സുബൈറിന്റെ പാത്രത്തില്‍ നിന്നും വിണ്ണിയ അര കഷ്ണം ചപ്പാത്തി പോയേ ” എന്ന് വിലപിക്കാനും ശ്രീനിവാസന്‍ മറന്നില്ല.

 

ഞങ്ങള്‍ ഇരുവര്‍ക്കും പല കാര്യങ്ങളിലും സമാനത ഉണ്ടെന്നു സഹയാത്രികര്‍.. ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു…ഒരുമിച്ചു ചര്‍ദ്ദിക്കുന്നു.. ഉറക്കെ രാഷ്ട്രീയം പറയുന്നു…തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു.. പാര്‍ട്ടി കമ്മറ്റിയിലെ പോലെ സംസാരിക്കുന്നു എന്നൊക്കെയാണത്രെ ഞങ്ങള്‍ക്കിടയിലെ സമാനത… അടുത്ത് കണ്ട ഹോട്ടലില്‍ നിന്നും ഒരു ചായ കുടിച്ച്, അലപസമയം വിശ്രമിച്ച്‌, എലിസബത്ത്‌ ചേച്ചി  തന്ന ഇഞ്ചിയും കടിച്ച് യാത്ര തുടര്‍ന്നു… പുറത്ത് ഒട്ടും നിറമില്ലാത്ത  കാഴ്ചകള്‍  മിന്നി മറയുന്നു. സമയം പതിനൊന്നു മണിയോടടുത്ത്.. ചൂട് കൂടിക്കൊണ്ടേ ഇരിക്കുന്നു. റോഡില്‍ നിന്നും വളരെ താഴെയാണ് ഗംഗ ഒഴുകുന്നത്‌.. പൊടിക്കാറ്റുടിക്കുന്ന വഴികള്‍… ഇല പോഴിഞ്ഞുണങ്ങിയ കാടുകള്‍….. സഞ്ചാരം ഒട്ടും സുഖകരം അല്ലാതായി തോന്നി..ഹിമാലയത്തിന് ഇങ്ങനെയും ഒരു മുഖം ഉണ്ടെന്ന് മനസിലായത് ഇപ്പോഴാണ്.. കണ്ണുകള്‍ അടഞ്ഞു തുടങ്ങുമ്പോഴാണ് റോഡിന്റെ വലതു ഭാഗത്ത്‌ ഒരു സുന്ദരമായ ദൃശ്യം ശ്രദ്ധയില്‍ പെട്ടത്. ദേവ പ്രയാഗയില്‍ എത്തിയിരിക്കുന്നു. ഭാഗീരഥിയും അളക നന്ദയും ഒന്നിക്കുന്ന അപൂര്‍വ സുന്ദരമായ ദൃശ്യം. ഹൃഷികേശില്‍ നിന്നും ഞങ്ങള്‍ എഴുപത് കിലോമീറ്റര്‍ പിന്നിട്ടിരിക്കുന്നു. എന്നാല്‍ അതിനു വേണ്ടി വന്ന സമയം നാലേകാല്‍  മണിക്കൂര്‍ ആണ്…ഗംഗോത്രിയില്‍ നിന്നും  എത്തുന്ന ഭാഗീരഥിയും, ബദരിയില്‍ നിന്നും  എത്തുന്ന അളക നന്ദയും സംഗമിക്കുന്നത് അപൂര്‍വമായ ഒരു ദൃശ്യ വിസ്മയമാണ്. കലങ്ങി മറിഞ്ഞാണ് അളക എത്തുന്നത്‌. എന്നാല്‍ നീല പ്രവാഹമായി വരുന്ന ഭാഗീരഥി കൂടുതല്‍ സുന്ദരിയാണ്… സംഗമ പ്രദേശത്ത് ഒരു രേഖ രൂപപ്പെട്ടിരിക്കുന്നു. ഗംഗ എന്ന മഹാ പ്രവാഹത്തിന് സമാരംഭം കുറിക്കുന്ന ഈ സ്ഥലത്ത് ശ്രീരാമന്‍ തപസു ചെയ്തിരുന്നുവെന്നും കണ്വ മഹര്‍ഷിയുടെ ആശ്രമം ഈ തീരത്തായിരുന്നുവെന്നും പറയുന്നവരുണ്ട്. താഴെ പ്രയാഗയില്‍ കുറെ ആളുകള്‍ കുളിക്കുന്നത് ഒരു പൊട്ടു പോലെ കണ്ടു…പ്രയാഗയുടെ തീരത്ത് ഒരു ശ്രീരാമ ക്ഷേത്രവുമുണ്ട്. ചങ്ങല കെട്ടി സുരക്ഷ കവചം തീര്‍ത്തിരിക്കുന്നു.

 

തുടര്‍ന്നുള്ള യാത്രയിലും ഭാഗീരഥിയുടെ സാന്നിധ്യം റോഡിന്റെ താഴ്വരയില്‍ ഉണ്ടാകണമേ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. പക്ഷെ ദേവപ്രയാഗിന് മുന്‍പേ ഒരു പാലം പിന്നിട്ടപ്പോള്‍ ആ നീല പ്രവാഹത്തെ ഞങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടു. വീണ്ടും വിഷണ്ണയായ അളക ഞങ്ങളെ അനുഗമിച്ചു..ചൂട് അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. ടാറ്റാ സുമോയിലെ ഈ ഇരിപ്പ് അസഹനീയം…ഊര്‍ജ്ജം മുഴുവന്‍ ഊറ്റിയെടുക്കുന്ന കൊടും ചൂട്.. ഒട്ടും ഹരിതാഭയില്ലാത്ത മലകള്‍ മാത്രമാണ് കാഴ്ച.. താഴെ തളര്‍ന്നൊഴുകുന്ന അളകയും.. ഇടക്കൊരു വരം പോലെ അകലങ്ങളില്‍ ഒറ്റപ്പെട്ട ദേവ ദാരുവും, പൈന്‍ മരങ്ങളും കണ്ടു. ചുടു കാറ്റ് വീശിക്കൊണ്ടെയിരുന്നു.

 

ഉച്ചക്ക് രണ്ട് മണിയോടെ ആണ് ഞങ്ങള്‍ രുദ്രപ്രയാഗില്‍ എത്തുന്നത്‌. ഓരോ പ്രയാഗയിലും ഓരോ നദികള്‍ തമ്മിലുള്ള കൂടി ചേരല്‍ ആണ്. ഇവിടെ അളകയും, മന്ദാകിനിയും ഒന്നാകുന്നു… കേദാര ശൈലങ്ങളില്‍ നിന്നുമാണ് മന്ദാകിനി എത്തുന്നത്‌…ഇവിടെ നിന്നുമാണ് കേദാര്‍ നാഥിലേക്കും, ബദരി നാഥിലേക്കും ഉള്ള വഴികള്‍ പിരിയുന്നത്.. രുദ്ര പ്രയാഗിനോട് ചേര്‍ന്ന് ഒരു ചെറു പട്ടണം രൂപപ്പെട്ടിട്ടുണ്ട്. ദേവ പ്രയാഗില്‍ നിന്നും അറുപത്തി ആറ് കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഇവിടെ നിന്നും വടക്കോട്ട്‌ പിരിയുന്ന വഴിയാണ് കേദാര്‍നാഥ്‌.. മന്ദാകിനി നദിക്ക് ഭാഗീരതിയുടെ നീലിമ ഇല്ലെങ്കിലും അളകയോട് താരതമ്യപ്പെടുത്തുമ്പോള്‍ ഭേദം ആണ്. ഇവിടെ സംഗമം പേര് പോലെ തന്നെ രൗദ്രംആണ്.. ആര്‍ത്തലച്ചാണ് അളകനന്ദയുടെ വരവ്. അതിലേക്കു വളരെ സൗമ്യയായി മന്ദാകിനി അലിഞ്ഞു ചേരുന്നു. ക്ഷീണം അകറ്റാന്‍ രുദ്ര പ്രയാഗില്‍ മുങ്ങി കുളിക്കുവാന്‍ തീരുമാനിച്ചു, നദിയിലേക്ക് കല്‍പടവുകള്‍ കെട്ടി ഇറക്കിയിരിക്കുന്നു. ഉടുത്തതെല്ലാം ഊരി എറിഞ്ഞ് വെള്ളത്തിലേക്ക്‌ പതുക്കെ ഇറങ്ങി. മുങ്ങി നിവര്‍ന്നപ്പോള്‍ തണുപ്പ് അരിച്ചിറങ്ങുന്നത്‌ ഹൃദയത്തിലേക്കാണ് . ആ സുഖ ശീതളിമയില്‍ അല്‍പ നേരം നനഞ്ഞു കിടന്നു. വിശക്കുന്നുണ്ട്…ഛര്‍ദ്ദി ഭയന്ന് ഭക്ഷണം ബഹിഷ്കരിച്ചതാണ്. ഇനി അപ്പുറത്തെക്കുള്ള യാത്ര കൂടുതല്‍ ദുഷ്കരമാണെന്ന് സുബൈര്‍ ഡ്രൈവറില്‍ നിന്നും കേട്ടതായി പറഞ്ഞു. മലയിടിച്ചിലിനു സാധ്യത ഉണ്ടത്രേ.. കുളി കഴിഞ്ഞു കരക്ക്‌ കയറിയപ്പോഴേക്കും തുണിയെല്ലാം വടി പോലെ ആയിരിക്കുന്നു…. തോര്‍ത്ത്‌ മുണ്ടിനൊക്കെ മടങ്ങാന്‍ ഇത്തിരി മടി പോലെ.. അത്രമേല്‍ ചൂടിലൂടെയാണ് ഞങ്ങളുടെ സഞ്ചാരം…ഹിമാലയന്‍ സ്വപ്നങ്ങളില്‍ ആദ്യം ഓടിയെത്തുക മഞ്ഞു മൂടി കിടക്കുന്ന മലയോരങ്ങളും മൂടി കിടക്കുന്ന മലയോരങ്ങളും മൂടി പുതച്ചു നടക്കുന്ന ആളുകളെയും ഒക്കെയാണ്. പക്ഷെ ഈ യാത്ര ഹിമാലയന്‍ സങ്കല്‍പ്പങ്ങളെ അടിമുടി മാറ്റി മറക്കുന്നു.
യാത്ര തുടങ്ങി. ഇനി അഗസ്ത്യമുനി എന്ന സ്ഥലത്തുനിന്നും ആണ് ഭക്ഷണം കഴിക്കുന്നത്‌…. അഗസ്ത്യമുനിയിലെ ചപ്പാത്തിയും, നാട്ടിലെ അച്ചാറും ആണ് ഭക്ഷണം… കടുകെണ്ണയില്‍ പാചകം ചെയ്ത കറികള്‍ വയറിന് പണിയാകും എന്നതുകൊണ്ട്‌ അത് തന്നെയാണ് ഇപ്പോഴും കഴിച്ചു കൊണ്ടിരുന്നത്. ഇടവേളകളില്‍ പഴങ്ങളും, അവിലും വിശപ്പിനെ ശമിപ്പിക്കും.. ഇന്ന് രാത്രി ഞങ്ങള്‍ തങ്ങുന്നത് സോനാ പ്രയാഗിലോ ഗൗരി കുണ്ടിലോ ആയിരിക്കും.. ഇപ്പോള്‍ മന്ദാകിനിയുടെ ഓരത്ത് കൂടിയാണ് യാത്ര. അളകയെ വഴിയില്‍ നഷ്ട്ടപ്പെട്ടിരിക്കുന്നു. മല റോഡിലേക്ക് വീണത്‌ മൂലം കോണ്‍വോയ് അടിസ്ഥാനത്തില്‍ ആണ് വാഹനങ്ങള്‍ വിടുന്നത്. ഒരു വാഹനത്തിനു കടന്നു പോകാവുന്ന ഇടുങ്ങിയ വഴി… ഡ്രൈവര്‍ക്ക് ഒന്ന് പിഴച്ചാല്‍.. വളയം ഒന്ന് തിരിഞ്ഞാല്‍ പണി കഴിഞ്ഞു. പിന്നെ താഴെ മന്ദാകിനിയില്‍ ഒഴുകിനടക്കാം. റോഡില്‍ പുക മഞ്ഞു പോലെ പൊടിപടലങ്ങള്‍ … റോഡ്‌ ശരിയാക്കി ഗതാകതം സുഗമം ആക്കാന്‍ പാട് പെടുന്ന സൈനികരെ അവിടെ കണ്ടു. കടുത്ത ചൂടിനെ അവഗണിച്ചും, പൊടി പടലങ്ങളെ കുടിച്ചും അവര്‍ ജോലി തുടരുന്നു. എന്നിലെ ക്ഷീണം ഉറക്കത്തിലേക്കു വഴിമാറ്റി. സോനാ പ്രയാഗില്‍ എത്തുന്നതിനു മുന്‍പാണ് ഉണര്‍ന്നത്. മുന്നിലും പിന്നിലുമായി വാഹനങ്ങളുടെ നീണ്ട നിര. കുറച്ചപ്പുറത്ത്‌ സോനാ പ്രയാഗ് ഒരു കെ.എം എന്ന ഒരു സൂചന ബോര്‍ഡ് കണ്ടു. ചുറ്റും മലകളാണ്.. ഈ യാത്രയില്‍ പച്ച കാടുകള്‍ ആദ്യമായി കാണുന്നത് ഇവിടെയാണ്. റോഡിനു താഴെ ഒരു നീര്‍ ചാല് പോലെ മന്ദാകിനി… പാറയില്‍ തട്ടി പ്രകമ്പനം കൊള്ളുന്നത്‌ ചെവിയോര്‍ത്താല്‍ കേള്‍ക്കാനാകും. കേധാര്‍ നാധ് മലകളില്‍ നിന്നാണത്രേ മന്ദാകിനി ഉദ്ഭവിക്കുന്നത്. ഇവിടെയും വഴിയോര കച്ചവടക്കാര്‍ സജീവം ആണ്. ചായയും ലഘു വിഭവങ്ങളുമായി അവര്‍ ഞങ്ങളെയും സമീപിച്ചു, ചായ വില അര വിരലോളം വലിപ്പം ഉള്ള ഗ്ലാസിന് പത്തു രൂപ… ചെറു വിഭവങ്ങള്‍ക്കും വലിയ വിലയാണ്.

 

വാഹന വ്യൂഹം നീങ്ങി തുടങ്ങി.. നിരങ്ങി നിരങ്ങിയാണ് പോകുന്നത്. സമയം ആറുമണി ആയിട്ടും ഇരുട്ട് വീണിട്ടില്ല.. നല്ല തെളിവ്.. നാട്ടിലെ നാലുമണി കാഴ്ച പോലെ.. സോനാ പ്രയാഗ് ഒരു ചെറു പട്ടണമാണ്. നിരനിരയായി കടകള്‍… ലോഡ്ജുകള്‍… പേരിന് രണ്ടു മൂന്നു ടെലിഫോണ്‍ ബൂത്തുകള്‍…. കുറെ താഴെ മന്ദാകിനി. തണുത്ത കാറ്റു വീശുന്നു… കൊടും ചൂടില്‍ നിന്നും, ഇത്തിരി തണുപ്പില്‍ എത്തിയിരിക്കുന്നു. ഒരു ഊട്ടി ക്ലൈമറ്റ്…ഞങ്ങള്‍ ഇന്ന് തങ്ങുന്നത് ഇവിടെ ആണ്. ഡ്രൈവറുമായി ആലോചിച്ച് ലോഡ്ജില്‍ മുറിയെടുത്തു. രണ്ടു കുടുസ്സു മുറികള്‍… കുളിക്കാനായി മന്ദകിനിയില്‍ ഇറങ്ങാന്‍ തന്നെ തീരുമാനിച്ചു… വെള്ളത്തിന്‌ നല്ല തനുപ്പെന്ന്‍ അവിടെത്തുകാര്‍ പറയുന്നത് കേട്ടു… എന്തൊക്കെയായാലും യായാത്രയിലെ അനിവാര്യതയാണ് പുഴകുളി.. ഞങ്ങള്‍ ഒരു യാത്രയിലും വെള്ള ചാട്ടങ്ങളും, അരുവികളും ഒഴിവാക്കാറില്ല. പക്ഷെ ഇവിടെ കുളിക്കാന്‍ തയ്യാറായത് പോള്‍ ഏട്ടനും, സീബ ചേച്ചിയും, ശ്രീനിവാസനും, പിന്നെ ഞാനും ബഷീര്‍ മാഷും ആണ്. മറ്റുള്ളവര്‍ ലോഡ്ജു മുറിയില്‍ മടി പിടിച്ചിരുന്നു. ഞങ്ങള്‍ തങ്ങിയ ലോഡ്ജിന്റെ അമ്പതു മീറ്റര്‍ താഴെയാണ് മന്ദാകിനി. ലോഡ്ജിനു പിറകിലൂടെ ഉള്ള നട വഴിയിലൂടെ ഞങ്ങള്‍ ഊര്‍ന്നിറങ്ങി. നല്ല ഇറക്കമാണ്. കാലു തെന്നിയാല്‍ മന്ദകിനിയില്‍… പാറക്കെട്ടുകളിലൂടെ ആര്‍ത്തലച്ചു മന്ദാകിനി ഒഴുകുന്നു.

 

പോളേട്ടന്‍ ആണ് ആദ്യം വെള്ളത്തില്‍ ഇറങ്ങിയത്‌. ഇറങ്ങിയതും കയറിയതും ഒരുമിച്ചായിരുന്നു. പൊള്ളുന്ന തണുപ്പാണ് വെള്ളത്തിന്‌ എന്ന് പോളേട്ടന്‍ പറഞ്ഞു. ഞാന്‍ കാലൊന്നു വച്ചതും തണുപ്പ് സിരകളിലേക്ക് പടര്‍ന്നു കയറി. പിന്നെ കുളി കരയില്‍ നിന്ന് കൈകൊണ്ടു വെള്ളം കോരി തലയില്‍ ഒഴിച്ചായി…..ഇതിനിടെ ശ്രീനിവാസന്‍ ഓരോ വെടി പൊട്ടിച്ച് എന്നെ പ്രകോപിതനാക്കാന്‍ തുടങ്ങി. ഒടുവില്‍ ” ഈ തണുത്ത വെള്ളത്തില്‍ അമ്പത് എണ്ണുന്നത് വരെ ഇറങ്ങി നില്ക്കാന്‍ നിനക്ക് കഴിയുമോ” എന്ന ചോദ്യം എന്റെ കരുത്തിനെ വെല്ലുവിളിക്കല്‍ ആയി തോന്നി. പിന്നെ മറിച്ച് ചിന്തിച്ചില്ല.. ആ തണുത്ത പ്രവാഹത്തിലേക്കു ഇറങ്ങി ഇറങ്ങി പോയി. മരവിപ്പിക്കുന്ന തണുപ്പിനെ കടിച്ചമര്‍ത്തി……….

 

(തുടരും)….

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!