കോട്ടയം: മല്‍സരയോട്ടം നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസ്സുകളുടെയും സമയം പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. കോട്ടയത്ത് മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച അദാലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്‌ടോബര്‍ 31 നകം ബസുകള്‍ക്ക് പുതിയ സമയം തീരുമാനിക്കും. ഇതിന്റെ നടപടികള്‍ അവസാനഘട്ടത്തിലാണ്. ബസുകളുടെ അമിത വേഗം കര്‍ശനമായി നിയന്ത്രിക്കും. അമിതവേഗം കണ്ടെത്തിയാല്‍ ആദ്യം പിഴ ഈടാക്കും. വീണ്ടും നിയമ ലംഘനം പിടികൂടിയാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ധാക്കും. സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കാത്ത ഭാര വാഹനങ്ങളും സ്വകാര്യ ബസ്സുകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് നടപടിയുണ്ടാകും. ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെടുന്ന പൊതുജനങ്ങള്‍ക്ക് അക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താം. നടപടി ഉണ്ടാകുന്നില്ലെങ്കില്‍ തനിക്ക് നേരിട്ട് വിവരം കൈമാറാം.
ഓട്ടോറിക്ഷകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതായ പരാതി ഒഴിവാക്കാന്‍ എല്ലാ ഓട്ടോകളിലും ഫെയര്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. ഇതിന് ആര്‍ടിഒ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. യാത്രാ നിരക്ക് ഓട്ടോകളില്‍ പ്രദര്‍ശിപ്പിക്കാത്തത് തര്‍ക്കത്തിന് ഇടയാക്കുന്നുവെന്ന പരാതി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണിത്. ഓട്ടോകളിലെ മീറ്റര്‍ സീല്‍ ചെയ്യുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് ഓഫീസില്‍ രണ്ടു ദിവസം സൗകര്യമൊരുക്കും. നിലവില്‍ ഒരു ദിവസമാണുള്ളത്. വ്യാഴാഴ്ചകളിലും ഇനി മുതല്‍ സേവനം ലഭ്യമാകും.
മോട്ടോര്‍ വാഹന നിയമപ്രകാരം എല്ലാ ഇരു ചക്ര വാഹന വ്യാപാരികളും വാഹനം നല്‍കുന്നവര്‍ക്ക് ഹെല്‍മറ്റും നല്‍കണം. ഇതില്‍ വീഴ്ച വരുത്താന്‍ പാടില്ല. വാഹനത്തിന്റെയും ഹെല്‍മറ്റിന്റെയും ക്യാഷ് മെമ്മോയും അര്‍ടിഒമാര്‍ക്ക് സമര്‍പ്പിക്കണം. വീഴ്ച വരുത്തുന്ന ഡീലര്‍മാരുടെ ലൈസന്‍സ് റദ്ധാക്കുമെന്നും അദ്ദേഹം അറിയിച്ചു.




