Section

malabari-logo-mobile

സേവനാവകാശ നിയമം നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കും – മുഖ്യമന്ത്രി

HIGHLIGHTS : തിരു: കേരളപ്പിറവിദിനമായ നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് സേവനാവകാശ

തിരു: കേരളപ്പിറവിദിനമായ നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് സേവനാവകാശ നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടന്ന സ്വാതന്ത്യ്രദിനാഘോഷച്ചടങ്ങില്‍ നല്‍കിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമായി മാറുന്ന ഈ നിയമത്തെ സര്‍ക്കാരും ജീവനക്കാരും ജനങ്ങളും ചേരുന്ന കൂട്ടായ്മ വിജയമാക്കിത്തീര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള മാതൃശിശു സുരക്ഷാ പരിപാടി ഇന്ന് (ആഗസ്റ് 16) മുതല്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് ആശുപത്രിയിലേക്കുള്ള യാത്ര, താമസം, ഭക്ഷണം, മരുന്നുകള്‍, ഓപ്പറേഷന്‍, ലബോറട്ടറി ചെലവുകള്‍, രക്തം എന്നിവയെല്ലാം ഇനിമുതല്‍ സൌജന്യമായിരിക്കും. ഗര്‍ഭകാലത്തും പ്രസവശേഷവുമുള്ള പരിശോധനകളും ചികിത്സകളും സൌജന്യമായി നല്കും. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയുള്ള ഈ പദ്ധതിക്ക് പ്രതിവര്‍ഷം 23.42 കോടി രൂപ ചെലവഴിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ക്ഷേമപെന്‍ഷനുകളും ബാങ്ക് അക്കൌണ്ട് വഴി വിതരണം ചെയ്യും. സ്വാതന്ത്യ്രസമര സേനാനി പെന്‍ഷന്‍ ആയിരം രൂപ കൂടി വര്‍ധിപ്പിക്കും. വികലാംഗ നിയമനത്തില്‍ കുടിശികയായ 2004 മുതല്‍ 2007 വരെയുള്ള 1188 ഒഴിവുകള്‍ ആറ് മാസത്തിനകം നികത്തും. 2008 വരെ കുടിശികയുള്ള പട്ടികജാതി പട്ടികവര്‍ഗ നിയമനത്തിലെ ഒഴിവുകള്‍ ഡിസംബര്‍ 31-നകം നികത്തും. വികസന, ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിശ്ചലമായിരുന്ന സംസ്ഥാനത്തെ ഒരൊറ്റവര്‍ഷംകൊണ്ട് ചലനോന്മുഖമാക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു സാധിച്ചു. സര്‍വതല സ്പര്‍ശിയും ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നതും വലിയ മുതല്‍മുടക്ക് ആവശ്യമുള്ളതുമായ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. വികസനത്തിന് മാനുഷികവും സാമൂഹികവും പാരിസ്ഥിതികവുമായ മാനങ്ങള്‍കൂടി ഉള്‍പ്പെടുത്തും. വികസനവും കരുതലും പ്രാവര്‍ത്തികമാക്കി മുന്നോട്ടുള്ള പ്രയാണത്തിന് സര്‍ക്കാരിന്റെ പത്തു കാഴ്ചപ്പാടുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിയമവാഴ്ചയിലും നീതിനിര്‍വഹണത്തിലും വിശ്വാസമുള്ള ഒരു സമൂഹം സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. അതുകൊണ്ടു തന്നെ നിയമവാഴ്ചയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. അക്രമവും വെല്ലുവിളിയും നശീകരണവുമല്ല മറിച്ച് സമാധാനവും സഹിഷ്ണുതയും അനുരഞ്ജനവുമാണ് നമുക്കു വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ സ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ മുഖ്യമന്ത്രി പിന്നീട് വിവിധ സേനാംഗങ്ങളുടെ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍, പോലീസ്, ജയില്‍, ഫയര്‍ഫോഴ്സ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവ മുഖ്യമന്ത്രി വിതരണം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. ശശി തരൂര്‍ എം.പി, പ്ളാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. കെ.എം. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഡി.ജി.പി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!