HIGHLIGHTS : വിധിക്ക് കീഴ്‌പെടേണ്ടതാണോ ഒരു സര്‍വ്വകലാശാല? അത് വിദ്യഭ്യാസത്തെ കുറിച്ചുള്ള ആധുനിക സങ്കലപങ്ങള്‍ക്ക് നിരക്കുന്നതല്ല. സര്‍ഗാത്മകതയുടേയും, സ്വതന്ത്രചി...
കാലിക്കറ്റ് സര്‍വകലാശാല ഭൂദാനവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കും മുസ്ലിംലീഗ് മന്ത്രിമാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, വൈസ് ചാന്‍സലര്‍ അബ്ദു സലാംഎന്നിവര്‍ക്കെതിരെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
വിധിക്ക് കീഴ്‌പെടേണ്ടതാണോ ഒരു സര്‍വ്വകലാശാല? അത് വിദ്യഭ്യാസത്തെ കുറിച്ചുള്ള ആധുനിക സങ്കലപങ്ങള്‍ക്ക് നിരക്കുന്നതല്ല. സര്‍ഗാത്മകതയുടേയും, സ്വതന്ത്രചിന്തയുടേയും തിളങ്ങുന്ന വായ്തലകൊണ്ട് മനുഷ്യവിധിയുടെ മണ്ണുവെട്ടിമാറ്റുന്ന സാംസ്‌കാരിക കേന്ദ്രമെന്ന സങ്കല്പത്തിലാണ് അത് പിറവികൊള്ളുന്നത്. ഓരങ്ങളിലേക്ക് തള്ളി മാറ്റപ്പെട്ടവര്‍ അക്കാദമിക് പാഠങ്ങളിലല്ല, സര്‍വ്വകലാശാല വളപ്പിനു പുറത്തെ തീഷ്ണ ജീവിതചുറ്റുപാടുകളിലുണ്ട്. അവരെക്കുറിച്ചാണ് ഗോര്‍ക്കി പറഞ്ഞത് ‘ ജനങ്ങളാണ് യഥാര്‍ത്ഥ സര്‍വ്വകലാശാല’ യെന്ന്. ആ ജനങ്ങള്‍ ഇന്ന് കൂകി വിളിക്കുകയാണ് തങ്ങളും, തങ്ങളുടെ വൈസ്ചാന്‍സലറും, മറ്റൊരു ‘ധാര്‍മിക മാധ്യമ’ മുതലാളിയും വിദ്യഭ്യാസമന്ത്രിയും കഴുതപ്പുറത്തേറി വിജിലന്‍സ് കോടതിയിലേക്ക് നടന്നു നീങ്ങുന്നതു കാണുമ്പോള്‍.
മൗനം ശത്രുവിന്റെ കത്തിക്ക് മൂര്‍ച്ച കൂട്ടൂകയാണ് ചെയ്യുന്നത് എന്നറിയാത്തോര്‍ക്കുള്ള ചെകിടത്തടികൂടിയാണ് ഈ വിധി. ഇന്നലെയും സര്‍വ്വകലാശാലയില്‍ നിന്ന് ഒരു പെണ്‍കുട്ടി പുറത്തേക്ക് വലിച്ചെറിയപ്പെട്ടിരുന്നു. ‘മുതലാളിക്ക്’ ഇഷ്ടമില്ലാത്ത വേഷം ധരിച്ചതിന്. ഇന്നും മരങ്ങള്‍ വെട്ടി വീഴ്ത്തപ്പെടുന്നു. മൗനത്തിന്റെ മറവില്‍ വിറകിന്റെ വിലയ്ക്ക് മഹാമരങ്ങള്‍ ‘മഹത്വ’ക്കളുടെ അകൗണ്ടിലേക്ക് നടന്നു കയറുന്നു.

ഭയമാണ് സര്‍വ്വകലാശാലയെ ഭരിക്കുന്നതെന്ന് കെ എന്‍ പണിക്കര്‍ പറഞ്ഞത് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുഗതകുമാരി വന്നിരുന്നു. എന്നിട്ടും അവസാനം നിയമമെന്ന കുരുടനായ ദൈവം വേണ്ടിവന്നു നാമാഗ്രഹിച്ച ജനാധിപത്യത്തിന്റെ തല്‍ക്ഷണ സ്ഖലനത്തിന്. ‘ചില സന്ദര്‍ഭങ്ങളില്‍ ലജ്ജപോലും വിപ്ലവകരമായ ഒരു വികാരമാണ്’.
ക്യാമ്പസില്‍ നടന്ന ഒരു നിര്‍ഭാഗ്യകരമായ സംഘട്ടനത്തിന്റെ പേരില്‍ നേടിയ ഒരു കോടതി വിധിയുടെ ഒളിവില്‍ ആരൊക്കയോ അടിയന്തരാവസ്ഥയാണെന്ന് ധരിച്ചുവശായ ഒരു സര്‍വ്വകലാശാലയിലാണ് മറ്റൊരു കോടതി വിധിയിലൂടെ ‘വാളെടുത്തവന്‍ വാളാല്‍’ എന്ന ന്യായേനെ ജനാധിപത്യം പുലരാന്‍ പോകുന്നു എന്ന് ആരു കരുതുന്നില്ല. കവി പറഞ്ഞതുപോലെ ഒരു ന്യായാധിപന് കൊട്ടിയടക്കുവാനും മറ്റൊരു ന്യായാധിപന് കെട്ടഴിച്ച് വിടാനുമുള്ള ഒരു പീടിക മുറിയല്ല അക്കാദമിക്ക് സ്വാതന്ത്ര്യം എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
ഈ വിധി ശുഭോതര്‍ക്കമാണ്. മൗനത്തിനും അഹങ്കാരത്തിനും കിട്ടിയ ഒരു അടി എന്ന നിലയില്‍, നിസംഗതക്കും കള്ളക്കച്ചവടത്തിനുമേറ്റ പ്രഹരമെന്ന നിലയില്‍.
ഒന്നും എന്നും ഒരു പോലയായിരിക്കില്ല. കരിമ്പാറകള്‍ പിളര്‍ന്ന് നീരുറവകള്‍ പൊട്ടിപ്പുറപ്പെട്ടേക്കാം. ജനങ്ങളാണ് അവസാനത്തെ വിധികര്‍ത്താക്കള്‍. ഈ വിധിയുടെ സന്ദേശം അവര്‍ നെഞ്ചേറ്റും……