ദില്ലി: ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസിലെ പ്രതി ഷഹ്‌സാദ് അഹമ്മദിന് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 90,000 രൂപ പിഴയായി അടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മ്മയെ കൊലപെടുത്തിയ കേസിലാണ് വിധി. അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.
കേസില്‍ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കേസില്‍ 6 ദൃക്‌സാക്ഷികളെ ഉള്‍പ്പെടെ 70 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു.
ബട്‌ലാ ഹൗസിലെ ജാമ്യാനഗര്‍ ഫ്‌ളാറ്റില്‍ പോലീസിന് നേരെ വെടിയുതിര്‍ത്തവര്‍ക്കൊപ്പം ഷഹ്‌സാദ് അഹമ്മദും ഉണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് പോസിക്യൂഷന്‍ കേസില്‍ വാദം നടക്കുമ്പോള്‍ കോടതിയില്‍ പറഞ്ഞിരുന്നു.
2008 സെപ്തംബര്‍ 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡല്‍ഹിയിലെ ജാമ്യാനഗറില്‍ ബട്‌ലാ ഹൗസിലെ അപ്പാര്‍ട്ട്‌മെന്റില്‍ തീവ്ര വാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് പരിശോധനക്കെത്തിയ പോലീസ് സംഘത്തിന് നേരെ തീവ്ര വാദികള്‍ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ എന്നു കരുതുന്ന അതീഫ് അമീനും മുഹമ്മദ് സാജിദും പോലീസ് ഇന്‍സ്‌പെക്ടര്‍ എം സി ശര്‍മ്മയും മരിച്ചു.




