പരപ്പനങ്ങാടി: ഇന്ന് പുലര്‍ച്ചെ പരപ്പനങ്ങാടിയില്‍ പച്ചക്കറിക്കടയിലെ തൊഴിലാളിയെ കടിച്ച പാമ്പിനെ കോഴിക്കോട്ടെത്തിക്കുന്നതിനിടയില് പാമ്പു പിടുത്ത വിദഗ്ദ്ധനെയും കടിച്ചു. കടിച്ച പാമ്പിനെ തിരിച്ചറിയാന്‍ വേണ്ടി മെഡിക്കല്‍കോളേജിലേക്ക് ചാക്കിലാക്കി കൊണ്ടുപോയ മൂര്‍ഖന്‍ ചാക്കില്‍ നിന്ന് പുറത്ത് ചാടിയതാണ് കോഴിക്കോട് നഗരത്തില്‍ ഏറെ നേരം ഗതാഗത കുരുക്കുണ്ടാക്കിയ നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കിയത്.
ഇന്ന് രാവിലെ പരപ്പനങ്ങാടിയിലെ പിപിഎ വെജിറ്റെബിള്സ് എന്ന ഹോള്‍സെയില്‍ പച്ചക്കറിക്കടയില്‍ സൂക്ഷിച്ചിരുന്ന കറിവേപ്പില ചാക്കില്‍ നി്ന്നും പുറത്ത് ചാടിയ മൂര്‍ഖന്‍ തൊഴിലാളിയായ കറുത്തേടത്ത് മുഹമ്മദിനെ കടിക്കുകയായിരുന്നു. കടിയേറ്റ ഉടനെ ബോധരഹിതനായ ഇയാളെ ഉടനെ തന്നെ മെഡിക്കല്‍ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ എത്തിച്ചു. തുടര്‍ന്ന് കടിച്ച പാമ്പിനെ തിരൂരിലെ പാമ്പുപിടുത്ത വിദ്ഗ്ദ്ധനായ ഹുസൈന് സ്ഥലത്തെത്തി പിടികൂടി. അതി വിദഗ്ദ്ധമായി പിടികൂടി ഒരു ചാക്കിലാക്കി.
ചാക്കിലാക്കിയ പാമ്പുമായി 9 മണിയോടെ നാട്ടുകാര്‍ കാറില്‍ മെഡിക്കല്‍കോളേജിലേക്ക് തിരിച്ചു. മെഡിക്കല്‍കോളേജ് എത്തുന്നതിന് മുമ്പായി കാറിലുള്ളവര്‍ ചാക്കിനുള്ളിലെ പാമ്പിനെ കാണാനില്ലെന്ന് മനസിലാക്കി കാറിലുള്ളവര്് വണ്ടി നടുറോഡിലിട്ട് പുറത്തേക്ക് ചാടി. തുടര്‍ന്ന് ഗതാഗതം സ്തംഭിക്കുകയും വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ചാനലുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയതോടെ സംഭവം ബഹളമയമായി.
പിന്നീട് ഫറൂഖില്‍ നിന്ന് പാമ്പുപിടുത്ത വിദഗ്ധനായ അബ്ദുള്‍ ലത്തീഫിനെ സ്ഥലത്തെത്തിച്ച് കാറിന്റെ കാര്പ്പറ്റിനടിയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇദേഹത്തെയും പാമ്പ് കൊത്തി. തുടര്‍ന്ന് പാമ്പിനെയും ലത്തീഫിനെയും മെഡിക്കല്‍കോളേജിലെത്തിച്ചു. രണ്ടാമത്തെ കടിയായതിനാല് ലത്തീഫിന് കാര്യമായ വിഷമേറ്റിട്ടില്ല എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കടിയേറ്റ രണ്ടുപേരെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാട്ടുകാരെ പുലിവാലുപിടിപ്പിച്ച മൂര്‍ഖനെ വനശ്രീക്ക് കൈമാറി.




