HIGHLIGHTS : ദില്ലി: ഡല്‍ഹി കൂട്ടമാനഭംഗകേസിലെ പ്രതികളുടെ വിചാരണ മാധ്യമങ്ങള്‍ക്ക്
ദില്ലി: ഡല്‍ഹി കൂട്ടമാനഭംഗകേസിലെ പ്രതികളുടെ വിചാരണ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ അത് പ്രതികള്‍ക്ക് സഹായകരമാവുമെന്നായിരുന്നു സാകേത് കോടതിയുടെ നിരീക്ഷണം അതുകൊണ്ടായിരുന്നു വിചാരണ കോടതി റിപ്പോര്‍ട്ട് വിലക്കിയത്. കൂടാതെ പ്രതികളുടെ അഭിഭാഷകരും മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിചാരണ രഹസ്യമാക്കണമെന്ന സാകേതിലെ വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കികൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി.
ഓടികൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് കൂട്ടമാനഭംഗത്തിനിരയായി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ആറുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഇതില്‍ നാല് പ്രതികളുടെ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. കേസിലെ ഒന്നാം പ്രതി ആത്മഹത്യ ചെയ്യുകയും മറ്റൊരു പ്രതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതി വിചാരണ നടത്തിവരികയുമാണ്.

അതേസമയം മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സൈ്വര ജീവിതത്തിന് തടസ്സം സൃഷ്ടിക്കരുതെന്നും ഹൈക്കോടതി വിധിയില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.