HIGHLIGHTS : കോതമംഗലം : ജീവിതം സമരായുധമാക്കി പോരാടിയ മൂന്ന പെണ്‍കുട്ടികള്‍
കോതമംഗലം : ജീവിതം സമരായുധമാക്കി പോരാടിയ മൂന്ന പെണ്‍കുട്ടികള്‍ കേരളത്തില്‍ ഒരു പുതിയ സമരമുഖം തുറന്നു. കനത്ത മഴയേയും വെയ്‌ലിനേയും കൂസാതെ 36 മണിക്കൂര്‍ ജലപാനം പോലുമില്ലാതെ പോരാടിയ ഇവരുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ മാര്‍ ബസേലിയോസ് മെഡിക്കല്‍ ആശുപത്രി മാനേജ്‌മെന്റിന് ഒടുവില്‍ കീഴടങ്ങേണ്ടിവന്നു. കേരളത്തിന്റെ പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദന്‍ കൂടി ഈ ജനകീയസമരത്തിന്റെ മുന്‍നിരയിലേക്കെത്തിയതോടെ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും കോതമംഗലത്തായി.
വിഎസ് അച്ചുതാനന്ദന്റെ സാനിദ്ധ്യത്തില്‍ ജില്ലാ കലക്ടറുടെയും ജില്ല ലേബര്‍ കമ്മീഷണറുടെയും മദ്ധ്യസ്ഥതയില്‍ മാനേജ്‌മെന്റും നഴ്‌സസ് അസോസിയേഷനും തമ്മില്‍ ആറുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം ഒത്തുതീര്‍പ്പായത്.
എല്ലാ നഴ്‌സുമാര്‍ക്കും മിനിമം വേതനം നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. മൂന്ന് ഷിഫ്റ്റ് വേണമെന്ന നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കും. സമരം ചെയ്തവര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കില്ല. സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ 19 ന് മന്ത്രിതല സമിതി ചര്‍ച്ച നടത്താനും ധാരണയായി.
ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കിടയില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പലപ്പോഴും പ്രകോപനം സൃഷ്ടിക്കാന്‍ശ്രമിച്ചെങ്കിലും വിഎസ് ആ ഘട്ടങ്ങളിലെല്ലാം ഇടപെടുകയായിരുന്നു. ഇംഗ്ലീഷില്‍ തയ്യാറാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പിന്നീട് തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയുണ്ടെന്നതിനാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മലയളത്തിലാകണമെന്നും വിഎസ് നിര്‍ദേശിച്ചു. തുടര്‍ന്ന് വിഎസ് നേരിട്ട് സമരപന്തലിലെത്തി സമരം വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതെ തുടര്‍ന്ന് ടെറസില്‍ സമരം ചെയ്തിരുന്ന പെണ്‍കുട്ടികള്‍ താഴെയിറങ്ങുകയും തുടര്‍ന്ന് നഴ്‌സുകാരും നാട്ടുകാരുമടക്കം ആയിരകണക്കിനാളുകള്‍ പങ്കെടുത്ത ആഗ്ലാദപ്രകടനവും കോതമംഗലത്ത് നടന്നു.