HIGHLIGHTS : കാര്‍ഡ് : ചാമ്പ്യന്‍ ട്രോഫിയിലെ ഇന്ത്യയുടെ കരുത്തുറ്റ മുന്നേറ്റത്തെ

കാര്‍ഡ് : ചാമ്പ്യന്‍ ട്രോഫിയിലെ ഇന്ത്യയുടെ കരുത്തുറ്റ മുന്നേറ്റത്തെ തടുക്കാന്‍ ശ്രീലങ്കയുടെ സിംഹങ്ങള്‍ക്കായില്ല. ലങ്കയെ എട്ടു വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കടന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികളായെത്തുന്നത്.
ശിഖര്‍ ധവാന്റെയും വിരാട് കൊഹിലിയുടെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ആദ്യ രണ്ടു മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടിയ ധവാന്‍ ലങ്കയ്‌ക്കെതിരെ 68 റണ്‍സെടുത്ത് പുറത്തായി. അതെസമയം വിരാട് കൊഹിലി 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
കഴിഞ്ഞ തവണത്തെ മത്സരങ്ങളെ പോലെ ധവാന്‍ രോഹിത് കൂട്ടുകെട്ട് നല്‍കിയ അടിത്തറയാണ് ഇംഗ്ലണ്ടിലെ റണ്ണൊഴുകാത്ത പിച്ചില്‍ ഇന്ത്യയ്ക്ക് സമര്‍ദമില്ലാത്ത ജയം സമ്മാനിച്ചത്. 33 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ നായകന്‍ ഏഞ്ജലോ മാത്യൂസ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 77 റണ്‍സെടുത്തു. പിന്നീട് ക്രീസിലെത്തിയ വിരാടും ധവാന് മികച്ച പിന്‍തുണ തന്നെയാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 142 റണ്‍സാണ് അടിച്ചു കൂട്ടിയത്. ധവാന്റെ റണ്‍സിനു പിന്നില്‍ സംഗങ്കാര ഔട്ടാക്കുകയായിരുന്നു. 7 റണ്‍സെടുത്ത സുരേഷ് റെയ്‌നയും പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് നിശ്ചിത ഓവറില്‍ 8വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് എടുക്കാനെ കഴിഞ്ഞൊള്ളു.
അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ ഏഞ്ജലോ മാത്യുസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.
ഗ്രൂപ്പ് മത്സരങ്ങളിലെല്ലാം വിജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സെമിയിലെത്തിയത്. ഇന്ത്യന്‍ യുവ നിരയ്ക്ക് ഒരു തരത്തിലുള്ള വെല്ലുവിളിയും ഉയര്‍ത്താന്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.