Section

malabari-logo-mobile

കാണാപ്പുറങ്ങളിലേക്ക് തുറുവെച്ച കണ്ണുകള്‍

HIGHLIGHTS : കല കലക്കുവേണ്ടിയാണോ സമൂഹത്തിനുവേണ്ടിയാണോ എന്ന് ചോദിച്ചും പറഞ്ഞും ഇന്നും തീരുമാനമാക്ക(ക)ാതെ നില്‍ക്കുകയാണ് പലരും. അതെന്തായാലും ഒരു സാമൂഹ്യസാഹചര്യത്ത...

കല കലക്കുവേണ്ടിയാണോ സമൂഹത്തിനുവേണ്ടിയാണോ എന്ന് ചോദിച്ചും പറഞ്ഞും ഇന്നും തീരുമാനമാക്ക(ക)ാതെ നില്‍ക്കുകയാണ് പലരും. അതെന്തായാലും ഒരു സാമൂഹ്യസാഹചര്യത്തില്‍ ഏതു കലയും അതത് ജീവിതാവസ്ഥകളോടുള്ള പ്രതിപ്രവര്‍ത്തനമാകാതിരിക്കില്ല.
ജീവിതത്തിന്റെ രാഷ്ട്രീയത്തിന് പ്രസക്തിയേറുന്നതും, അതുതെയാണ് കലകളുടെയും രാഷ്ട്രീയമാകേണ്ടതെ തിരച്ചറിവുമാണ് ഇക്കാലം നല്‍കുന്ന പാഠം. പക്ഷേ പലരും പലപ്പോഴും ചിലര്‍ എപ്പോഴും തിരിച്ചറിയാതെപോകുന്നതും ഈ മനുഷ്യപക്ഷ രാഷ്ട്രീയത്തിന്റെ കൊടിയും മുദ്രാവാക്യങ്ങളുമാണ്. അത് തിരിച്ചറിയപ്പെടാതിരിക്കുന്നിടത്തോളം ഇനിയും ചുറ്റിലും നിലവിളികള്‍ കേള്‍ക്കേണ്ടിവരും നമുക്ക്. നിരാലംബതയുടെ ആ രോദനങ്ങള്‍ ചിലപ്പോള്‍ സ്വന്തം അകങ്ങളില്‍നിന്നുതന്നെ ആവുകയും ചെയ്യാം. അപ്പോള്‍ എന്ത് തിന്നണമെന്നും എന്ത് പറയണമെന്നും മറ്റും മറ്റും ഘോഷിക്കുന്ന പലജാതി കൊടിയും വടിയും നമ്മെ ചവിട്ടിക്കടന്നുപൊയ്‌ക്കൊണ്ടുമിരിക്കും. ഇങ്ങനെ വന്നതും വരാനിരിക്കുന്നതുമായ കാലത്തെക്കുറിച്ച്, അബോധവാന്മാരായവര്‍ക്കായി ആലോചിക്കുകയും ആകുലപ്പെടുകയും ചെയ്യുന്ന കര്‍ത്തവ്യം സ്വയം ഏറ്റെടുക്കുന്നവരാണ് കലാകാരന്മാര്‍. ആ പോരാട്ടത്തിന്റെ പുറപ്പാടില്‍ വിയോജിപ്പിന്റെ ജീവിത-ജീവന്മരണ രാഷ്ട്രീയത്തിനായി ജീവിക്കുകകൂടിയാണ് എഴുത്തുകാരന്‍ ചെയ്യേണ്ടതെന്ന് പ്രഖ്യാപിക്കുന്നതാവണം കലാകാരന്റെ ഓരോ വരയും വരിയും വചനവും.
ഫാസിസവും മുതലാളിത്തവും പരസ്പരം വേര്‍പ്പെടുത്താനാവാത്തവിധം കണ്‍മുമ്പില്‍ക്കിടന്ന് ഇണചേരുന്ന രണ്ട് സര്‍പ്പങ്ങളെപ്പോലെ ആകര്‍ഷിക്കുകയും ഒപ്പം ഭയപ്പെടുത്തുകയും ചെയ്യുന്ന ഇക്കാലത്ത്, കൊല്ലും കൊലയും നിവലിളിയും നിരാലംബതയും നോട്ടും നെട്ടോട്ടവും മതവും മത്തിന്റെ മദവുമെല്ലാം തുടര്‍ക്കഥകള്‍ ആവുകയും മനുഷ്യനും മനുഷ്യത്വവും വഴിക്കണ്ണില്‍നിന്നുപോലും അപ്രത്യക്ഷമാകുകയും ചെയ്യുന്ന ഇക്കാലത്ത് മനുഷ്യനെയും മനുഷ്യത്വത്തെയും കുറിച്ച് പറയുന്നതും അത് കേള്‍ക്കുന്നതും വലിയ ആശ്വാസമാണ്. അത്തരത്തിലുള്ള മനുഷ്യപക്ഷ ജീവിതചിന്തകളാണ് സുദര്‍ശനന്‍ കോടത്തിന്റെ ‘അയിരാനി ദേശത്തെ പെണ്‍കുട്ടികള്‍’ എന്ന കഥാസമാഹാരത്തിലെ കഥകള്‍.

സ്വന്തം ജീവിതപരിസരങ്ങളിലേക്ക് കണ്ണോടിക്കാന്‍ മറന്നോ മടിച്ചോ പോകുന്നവര്‍ക്ക് ‘കാണാത്ത കാഴ്ചകള്‍’ ഒരുക്കുന്നതാണ് സുദര്‍ശനന്റെ കഥകള്‍. ഇനി കാഴ്ചകള്‍ കണ്ടുകണ്ടേ പോകുന്നവരും തെല്ലൊന്നമ്പരക്കാന്‍ സുദര്‍ശനന്റെ കഥകള്‍ ഇടയാക്കും. കാരണം ഇതുവരെയും കണ്ടതൊന്നും കണ്ടതല്ലെന്ന, കാഴ്ചയുടെ അപ്പുറത്തെ കാഴ്ചകളിലേക്കാണ് അവരെ കഥാകാരന്‍ ആനയിക്കുന്നത്. ശരിക്കും കണ്ടതിന്റെ കാണാപ്പുറങ്ങളില്‍, ഇതൊക്കെയും ഇങ്ങനെയൊക്കെയും ഉണ്ടായിരുന്നെന്ന ഒരാശ്ചര്യമോ അമ്പരപ്പോ വായനക്കാരനില്‍ ഈ കഥകള്‍ സൃഷ്ടിക്കും.
നമുക്ക് സുപരിചിതരായ മനുഷ്യരുടെ ആകുലതകളും ആത്മരോദനങ്ങളും ആവിഷ്‌കരിക്കുന്ന കഥകള്‍ എതിനേക്കാള്‍ നമ്മുടെതെന്ന, സമകാല ജീവിത്തിന്റെ നേരനുഭവങ്ങളായിത്തീരുന്നുണ്ട് സുദര്‍ശനന്റെ കഥകളേറെയും. വിഷയവൈവിധ്യങ്ങള്‍കൊണ്ട് ഈ സമാഹാരത്തിലെ കഥകളുടെ വ്യാപ്തി പ്രവിശാലമാകുമ്പോള്‍ വര്‍ത്തമാന ജീവിതത്തിന്റെ വ്യവഛേദിക്കാനാവാത്ത പരിസരങ്ങള്‍ കഥയിലുടനീളം പ്രതിഫലിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ വായനക്കുശേഷം കഥ ശേഷിപ്പിക്കുന്നത് കുടഞ്ഞെറിയാനാവാത്ത ജീവിതത്തിന്റെതന്നെ കറുത്ത അസ്വാസ്ഥ്യങ്ങളും തുടര്‍ജീവിതത്തിനുള്ള ഒരു ജാഗ്രതയുടെ കണ്ണും കാതുമാകുന്നു ഈ കഥകള്‍.
മാതൃത്വവും കര്‍ഷക ആത്മഹത്യയും ഗര്‍ഭച്ഛിദ്രവും സ്ത്രീത്വവും പെണ്‍മക്കളുടെ മാതാപിതാക്കളുടെ ഭയവിഹ്വലതകളും മാധ്യമപ്രവര്‍ത്തനത്തിന്റെ പിന്നാമ്പുറങ്ങളും ദുഃഖവും ദുരിതവും പ്രണയവുമെല്ലാം സുദര്‍ശനന്റെ കഥകളുടെ വിഷയങ്ങളാകുന്നു.
സരളമായ ആഖ്യാനവും സവിശേഷമായ ശൈലിയും സുദര്‍ശനന്റെ കഥപറച്ചിലിനെ ആകര്‍ഷകമാക്കുന്നുണ്ട്. കര്‍ഷകവ്യാപാരി, കാണാതായ പെണ്‍കുട്ടി, എഡിറ്റേഴ്‌സ് ചോയ്‌സ്, ക്വട്ടേഷന്‍ ക്രാഫ്റ്റ്, ഒറ്റമരപ്പൂവ്, ജലസമാധി, നിശ്ശബ്ദമേഖലകള്‍, അയിരാനിദേശത്തെ പെണ്‍കുട്ടികള്‍, ഭ്രൂണത്തൊട്ടില്‍, ഉഭയജീവികള്‍, ആന്റില, അമ്മയെന്ന യന്ത്രം, എന്‍കൗണ്ടര്‍, വെളിച്ചത്തിന്റെ കടല്‍, സമഗണിതം എന്നിങ്ങനെ പതിനഞ്ച് കഥകളാണ് ഈ സമാഹാരത്തില്‍. ഷിബു ടി ജോസഫിന്റെ ഗൗരവമുള്ള അവതാരികയും അരുണ്‍ ഗോകുലിന്റെ മനോഹരമായ പുസ്തകക്കവറും ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നു.

അയിരാനിദേശത്തെ പെകുട്ടികള്‍
കഥകള്‍

സുദര്‍ശനന്‍ കോടത്ത്

ലൈഫ് ബുക്‌സ്
വില 100 രൂപ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!