HIGHLIGHTS : തിരു: കേരളത്തിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ എന്ന
തിരു: കേരളത്തിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കൊട്ടി ഘോഷിച്ച് നടത്തിയ എമര്‍ജിങ് കേരള പൂര്‍ണ്ണ പരാജയമെന്ന് വിവരാവകാശ രേഖ. അകെ ഉണ്ടായിരുന്ന 176 പദ്ധതികളില്‍ ഇതുവരെ ഒന്നിലും ധാരണാപത്രം ഒപ്പുവെച്ചിട്ടില്ലെന്ന് വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ സംഘടിപ്പിച്ച എമര്‍ജിങ് കേരളക്കായി പതിനേഴരക്കോടി രൂപയാണ് ചിലവഴിച്ചത്.
2012 സെപ്റ്റംബര്‍ 12 മുതല്‍ 16 വരെയാണ് എമര്‍ജിങ് കേരള എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപ സംഗമം സംഘടിപ്പിച്ചത്. 176 പദ്ധതികളാണ് എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ വരുന്ന 22 പദ്ധതികളിലും ധാരണാ പത്രം ഒപ്പു വെക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യവസായ വികസന കോര്പ്പറേഷന് ഹരിത സേനാ ചെയര്മാന് പ്രദീപ് കുമാറിന് വിവരാവകാശ നിയമ പ്രകാരം നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ഐ ടി വകുപ്പിന് കീഴിലുള്ള ആറ് പദ്ധതികളില്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് വിവരാവകാശ രേഖയിലുള്ള മറുപടി. ഊര്‍ജ്ജ വകുപ്പിന് കീഴിലെ 17 പദ്ധതികളില്‍ 3 എണ്ണം തുടര്‍ നടപടി സ്വീകരിക്കാവുന്നതാണെന്നും വകുപ്പ് വ്യക്തമാക്കുന്നു. എമര്‍ജിങ് കേരളയില്‍ 10 രാജ്യങ്ങളില്‍ നിന്നായി 40,000 കോടിയിലേറെ നിക്ഷേപത്തിനുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ എമര്‍ജിങ് കേരളയില്‍ ലഭിച്ചെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമാപന വേദിയില്‍ പ്രഖ്യാപിച്ചിരുന്നത്. ഭാരത് പെട്രോളിയം 20,000 കോടി രൂപയുടെ പദ്ധതികളും പ്രമുഖ കാര്‍ നിര്‍മ്മാതക്കളായ ഫോക്സ് വാഗണ്‍ എഞ്ചിന് അസംബ്ലിങ് യൂണിറ്റിനായി 2,000 കോടി രൂപയുടെ പദ്ധതിയും സമര്‍പ്പിച്ചതായിട്ടായിരുന്നു മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഫോക്സ് വാഗണ്‍ പദ്ധതി നിര്‍ദ്ദേശം നല്‍കിയെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞിരുന്നു.

