കാലവര്‍ഷകെടുതിയില്‍ ദുരിതം പേറി ഒരു കുടുംബം

Story dated:Wednesday July 22nd, 2015,02 10:pm
sameeksha sameeksha

tirur copyതിരൂര്‍: കാലവര്‍ഷകെടുതിയില്‍ ദുരിതജീവിതം തള്ളിനീക്കുകയാണ്‌ തിരൂര്‍ സ്വദേശി കല്ലുവളപ്പില്‍ ബീപാത്തു. ഓരോ കാലവര്‍ഷം എത്തുമ്പോഴും നിലംപൊത്താറായ വീട്ടില്‍ ഭീതിയോടെയാണ്‌ ബീപാത്തുവും കുടുംബവും കഴിയുന്നത്‌. തിരൂര്‍ ബ്ലോക്ക്‌ ഓഫീസിന്‌ പിന്‍വശത്താണ്‌ നാലുഭാഗംവും വെള്ളത്താല്‍ മൂടപ്പെട്ട വീട്ടില്‍ വിവധവയായ ബീപാത്തുവും മൂന്ന്‌ പെണ്‍ മക്കളും ദുരിതജീവിതം നയിക്കുന്നത്‌.

വീട്‌ മണ്‍കട്ടകള്‍കൊണ്ട്‌ നിര്‍മിച്ചതായതിനാല്‍ ഏതുനിഷവും പൊളിഞ്ഞുവീഴാവുന്ന അവസ്ഥയിലുമാണ്‌. വീട്ടിലെ സെപ്‌റ്റിക്ക്‌ ടാങ്ക്‌ വെള്ളം നിറഞ്ഞ്‌ കവിഞ്ഞൊഴുകുന്നതിനാല്‍ കിണറിലെ കുടിവെള്ളം പോലും ഉപയോഗിക്കാന്‍ പറ്റാത്ത ദുരവസ്ഥയിലാണ്‌ കുടുംബം. വീട്ടിലെ വളര്‍ത്തു മൃഗങ്ങളും വെള്ളകെട്ടില്‍ ഏറെ കഷ്ടതയനുഭവിക്കുകയാണ്‌ ഇവിടെ.

തനിക്ക്‌ എല്ലാ മഴക്കാലുത്തും ഈ ദുരിതം അനുഭവിക്കേണ്ട അവസ്ഥയാണെന്നും ഇതിനൊരു പരിഹാരം കാണാന്‍ നഗരസഭാ അധികൃതരോ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥരോ എത്താറില്ലെന്നും ബീപാത്തു പറഞ്ഞു. ആറുവര്‍ഷം മുന്‍പ്‌ ഭര്‍ത്താവ്‌ മരിച്ച തനിക്ക്‌ ഇതുവരെ വിധവ പെന്‍ഷന്‍ പോലും ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

പ്രദേശത്തെ പലഭാഗങ്ങളിലും മതിലുകള്‍ കെട്ടിപ്പൊക്കുകയും പാടങ്ങള്‍ മണ്ണിട്ട്‌ നികത്തുകയും ചെയ്‌തതോടെ വെള്ളം ഗതിമാറിയൊഴുകിയതാണ്‌ ഇവരുടെ പുരയിടം വെള്ളത്തിനടിയലാകാനുള്ള പ്രധാന കാരണം.

തക്കാളിപ്പനിയും ഡങ്കിപ്പനിയും പ്രദേശത്തിന്റെ പലഭാഗങ്ങളിലും സ്ഥിരീകരിച്ചിട്ടും ഈ കുടുംബത്തിനോട്‌ അനുഭാവം പ്രകടപ്പിച്ച്‌ നഗരസഭ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.