രാജ്യസഭാസീറ്റ് കേരളകോണ്‍ഗ്രസ്സിന് ;കോണ്‍ഗ്രസ്സില്‍ കലാപം

ദില്ലി : കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ കുര്യന്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാസീറ്റ് യുഡിഎഫ് കേരള കോണ്‍ഗ്രസ്സ് മാണിവിഭാഗത്തിന് നല്‍കി. യുഡിഎഫിനെ ശക്തിപ്പെടുത്താനാണ് ഇന്നത്തെ പ്രത്യേകസാഹചര്യത്തില്‍ ഈ നീക്കമെന്ന് ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദീകരണം. എന്നാല്‍ ഈ തീരൂമാനം കോണ്‍ഗ്രസ്സില്‍ കടുത്ത പൊട്ടിത്തെറിക്കാണ് ഇടയാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ്സിന് അര്‍ഹതപ്പെട്ട സീററ് കേരളകോണ്‍ഗ്രസ്സിന് നല്‍കിയതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ പിജെ കുര്യനും, വിഎം സുധീരനും പരസ്യപ്രസ്താവനയുമായി രംഗത്തെത്തി. സോഷ്യല്‍മീഡിയയിലൂടെ യുവനേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തി. പലയിടങ്ങളിലും നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനങ്ങളും നേതാക്കളുടെ കോലം കത്തിക്കലുമടക്കം നടത്തി.

കോഴിക്കോട് കെഎസ്‌യു ജില്ലാകമ്മറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു. കെപിസിസി ജനറല്‍സക്രട്ടറി അഡ്വ.ജയന്ത് രാജിവെച്ചു.
മാണിക്ക് രാജ്യസഭാസീറ്റ് ലഭിക്കാന്‍ പ്രധാനമായും കരുക്കള്‍ നീക്കിയത് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണെന്നാണ് സൂചന. മാണിയും ഇക്കാര്യം തുറന്നു പറയാന്‍ മടികാട്ടിയില്ല. രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് അവകാശപ്പട്ടതാണെന്നും അത് ലഭിച്ചതില്‍ നന്ദിയുണ്ടെന്നും, അതിന് സഹായിച്ച പികെ കുഞ്ഞാലിക്കുട്ടിയോട് ഏറെ നന്ദിയുടണ്ടെന്നും മാണി പ്രതികരിച്ചു.
കോണ്‍ഗ്രസ്സിനെ തകര്‍ത്ത് എങ്ങിനെ യുഡിഎഫിനെ രക്ഷിക്കാനാകുമെന്ന് സൂധീരന്‍ ചോദിച്ചു. ആത്മാഭിമാനം പണയം വെച്ച കോണ്‍ഗ്രസ്സിന് ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.