ഖത്തര്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ നിയമം;തൊഴില്‍ നിയമത്തിലെ നിബന്ധനകള്‍ പരസ്യപ്പെടുത്തുന്നു

Untitled-1 copyദോഹ: ഖത്തറില്‍ നടപ്പില്‍വരാനിരിക്കുന്ന പുതിയ സ്‌പോണ്‍സര്‍ഷിപ്പ്‌ നിയമനത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും ഉടനടിപുറത്തുവിടുമെന്ന്‌ റിപ്പോര്‍ട്ട്‌. പുതിയ ഭേദഗതികളോടെയുള്ള വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയ ശേഷമായിരിക്കും പുതിയ നിയമം നടപ്പിലാക്കുക. കഴിഞ്ഞ ഡിസംബര്‍ 13 നാണ്‌ രാജ്യത്തെ വിദേശികളുടെ പോക്കുവരവും സ്‌പോണ്‍സര്‍ഷിപ്‌ മാറ്റവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള തൊഴില്‍ നിയമം പ്രസിദ്ധപ്പെടുത്തിയത്‌. ഇതുപ്രകാരം ഈ വര്‍ഷം ഡിസംബറോടുകൂടി പുതിയ സ്‌പോണ്‍സര്‍ഷിപ്പ്‌ നിയമം പ്രാബല്യത്തില്‍ വരുമെന്നും നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ നിലവിലുള്ള കഫാലനിയമത്തിനു പകരമായാണ്‌ വിദേശ തൊഴിലാളികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ ഇരുപത്തിയൊന്നാം നമ്പര്‍ നിയമം നടപ്പിലാക്കുന്നത്‌.

പുതിയ നിയമത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനായി വിപുലമായ പ്രചരപരിപാടികള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്‌. നിലവിലെ സ്‌പോണ്‍സര്‍ഷിപ്‌ സമ്പ്രദായം ഒഴിവാക്കി തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തിലുള്ള തൊഴില്‍ നിയമം നടപ്പില്‍ വരുത്താനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.
പുതിയ നിയമപ്രാരം തൊഴിലുടമയുടെ രേഖാമൂലമുള്ള സമ്മതത്തോടെ മാത്രമേ തൊഴിലാളിക്കു രാജ്യം വി്‌ട്ടുപോകാനാവു എന്ന നിലവിലെ നിബന്ധന ഇല്ലാതാകും. രാജ്യം വിടുന്ന കാര്യം തൊഴിലുടമയെ അറിയിക്കുകയും തൊഴിലുടമയ്‌ക്ക്‌ എതിര്‍പ്പുണ്ടെങ്കില്‍ തൊഴിലാളിക്ക്‌ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പരാതി പരിഹാരസമിതിയെ സമീപിക്കുകയും ചെയ്യാം.

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇപ്പോള്‍ ഖത്തറിലുളള തൊഴിലാളികളും പുതിയ വ്യവസ്ഥകളോടെയുള്ള തൊഴില്‍ കരാറില്‍ ഒപ്പിടേണ്ടതായി വരും. കൂടാതെ ഒരു വിദേശതൊഴിലാളി ഖത്തറിലെത്തുന്നതിന്‌ മുമ്പ്‌ തൊഴില്‍കരാര്‍ ഒപ്പിടേണ്ടിവരും. രണ്ടുവര്‍ഷത്തെയും അഞ്ചുവര്‍ഷത്തെയും കാലപരിധി നിശ്ചയിച്ചിട്ടുള്ള രണ്ടുതരം തൊഴില്‍ കരാറുകളാണ്‌ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്‌. ഈ കരാര്‍ പ്രകാരമായിരിക്കും വേതനം, വാര്‍ഷികാവധി, മറ്റ്‌ ആനുകൂല്യങ്ങള്‍, താമസസൗകര്യങ്ങള്‍ എന്നിവ തീരുമാനിക്കുക. നിലവില്‍ ഒരു ജോലിയില്‍ നിന്ന്‌ വിരമിച്ച്‌ രാജ്യം വിട്ട്‌ പോകുന്ന തൊഴിലാളിക്ക്‌ മറ്റൊരു തൊഴിലുടമയ്‌ക്കു കീഴില്‍ ജോലി സ്വീകരിക്കാന്‍ രണ്ടുവര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥയും ഇല്ലാതാകും. എന്നാല്‍ ഇതിനു തൊഴില്‍ ആഭ്യന്തരമന്ത്രാലയങ്ങളുടെ അനുമതി ആവശ്യമായി വരും.