മലാപറമ്പ് എയുപി സ്‌കൂള്‍ കെട്ടിടം തകര്‍ത്ത സംഭവം; അധികാരികളുടെ മൗനാനുവാദം?

malapparambu a u p schoolകോഴിക്കോട്: മലാപറമ്പ് എയുപി സ്‌കൂള്‍ പൊളിച്ച നടപടിയില്‍ അധികാരികളുടെ മൗനാനുവാദമുണ്ടന്ന് സൂചന. ഭൂമാഫിയക്കെതിരെ നടപടിയെടുക്കാന്‍ കളക്ടറടക്കമുള്ള റവന്യു അധികാരകള്‍ മടികാണിക്കുന്നുവെന്നാണ് ഒരു വിഭാഗം നാട്ടുകരുടെ പരാതി. സ്‌കൂളിന് തൊട്ടടുത്ത് താമസിക്കുന്ന എഡിഎം കെട്ടിടം പൊളിച്ചതറിഞ്ഞിട്ടും സംഭവസ്ഥല്‌ത്തേക്ക് വരാഞ്ഞത് എറെ വിമര്‍ശിനത്തിനിടയാക്കിയിരുന്നു.

ഇന്നെല കളക്ടറുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് സ്‌കൂള്‍ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ ഏകാഭിപ്രായമുണ്ടാക്കിയിട്ടും നാട്ടുകാരുടെ നേതൃത്വത്തില്‍ ഇപ്പോഴും മാനേജ്‌മെന്റ് നിലപാടിനെതിരായ വികാരം അലയടിക്കുകയാണ്. 139 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ അടച്ചു പൂട്ടാന്‍ രണ്ടു വര്‍ഷം മുമ്പു തന്നെ നീക്കം തുടങ്ങിയിരുന്നു.

സ്‌കൂളില്‍ കുട്ടികള്‍ കുറഞ്ഞ സാഹചര്യത്തില്‍ സ്‌കൂള്‍ പൂട്ടാന്‍ തീരുമാനിച്ചതായിരുന്നുവെന്നും എന്നാല്‍ പ്രതിഷേധം ഉയരുകയം അത് നിയമസഭയില്‍പോലും അലയടിച്ചതോടെ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് വിദ്യഭ്യാസ മന്ത്രി അറിയിച്ചത്. സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ജില്ലാ ഭരണകൂടവും മാനേജ്‌മെന്റിന് ഒത്താശ ചെയ്തുവെന്ന സംശയം ബലപ്പെടുന്നതായി സ്‌കൂള്‍ സംരക്ഷണ സമിതി ആരോപിക്കുന്നു. ഈ സംഭവം കളക്ടര്‍ക്കെതിരായ ജനവികാരം ശക്തമാകാന്‍ ഇടയാക്കിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിലും പരസരത്തും നടക്കുന്ന പല അനധികൃത കെട്ടിട ഫ്ഌറ്റ് നിര്‍മാണങ്ങള്‍ക്ക് വഴിവിട്ട സഹായം അധികാരികളില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് പരാതി വ്യാപകമാണ്.

ഇപ്പോഴുണ്ടായ അനിഷ്ട സംഭവത്തിന്റെ പശ്ചാതലത്തില്‍ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടി കഴിഞ്ഞാല്‍ തുടര്‍ നടപടി കൈകൊള്ളുമെന്നും വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് അറിയിച്ചു. സ്‌കൂള്‍ പൊളിച്ച സംഭവത്തില്‍ ബാലാവകാശ സംരംക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയതും വിഷയം കൈവിട്ടകളിയായി മാറിയിട്ടുണ്ട്.പൊതുവിദ്യഭ്യാസ ഡയറക്ടര്‍, കോഴിക്കോട് ജില്ലാ കളക്ടര്‍, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരോട് 7 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടുമാസത്തിനകം കെട്ടിടം പൂര്‍വ്വസ്ഥിതിയിലാകാന്‍ ഇന്നലെ ചേര്‍ന്ന സര്‍വ കക്ഷി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നായി കെട്ടിടം നിര്‍മ്മിക്കുന്ന ഫണ്ടിലേക്കായി ഒന്നര ലക്ഷം രൂപ പിരിച്ചെടുത്തിട്ടുണ്ട്.
ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലായി 53 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 35 സെന്റ് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പൊളിച്ചു നീക്കി ഫ്‌ളാറ്റ് പണിയാനാണ് ഉടമ തീരുമാനിച്ചതെന്നും പൂട്ടാന്‍ നാട്ടുകാര്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കെട്ടിടം പൊളിച്ച് സ്‌കൂള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് സ്‌കൂള്‍ സംരക്ഷണ സമിതി പറയുന്നത്.

പൊളിച്ച കെട്ടിടം പുനഃസ്ഥാപിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ തൊട്ടടുത്തുള്ള ഏതെങ്കിലും കെട്ടിടത്തില്‍ താല്‍ക്കാലികമായി സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനമെന്നും ആക്ഷന്‍ കമ്മറ്റി പറഞ്ഞു.

ഇതിനിടയില്‍ സ്‌കൂള്‍ പൊളിച്ച മാനേജര്‍ മലാപറമ്പ് സ്വദേശി പ്രേമരാജനെതിരെ കേസെടുക്കുകയും വിദ്യഭ്യാസവകുപ്പ് ഇയാളെ അയോഗ്യനാക്കുകയും ചെയ്തിട്ടുണ്ട്.