ക്ഷേത്രങ്ങളിലെ സ്‌ത്രീ പ്രവേശനത്തെ എതിര്‍ക്കില്ല;കോടിയേരി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം: ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ സ്‌ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇത്‌ സംബന്ധിച്ച്‌ കോടതിയില്‍ പുതിയ സത്യവാങ്‌മൂലം നല്‍കാന്‍ സര്‍ക്കാറിനോട്‌ ആവശ്യപ്പെടുമെന്നും കോടിയേരി പറഞ്ഞു.

ക്ഷേത്രങ്ങളിലെ സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട മുന്‍ സര്‍ക്കാറിനോട്‌ യോജിപ്പില്ലെന്നും കോടിയേരി ബാലകൃഷ്‌ണന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ സ്‌ത്രീകളുടെ പ്രവേശനം ആചാരങ്ങള്‍ക്ക്‌ എതിരാണെന്ന യുഡിഎഫ്‌ നിലപാടുമായി പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കാലാകാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലഘിക്കരുതെന്നുമാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിരുന്ന സത്യവാങ്‌മൂലം.

ഈ സത്യവാങ്‌മൂലം ഇപ്പോള്‍ മാറ്റുന്നില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളും ചട്ടങ്ങളും കൂടി പരിശോധിച്ച്‌ വേണം കേസ്‌ പരിഗണിക്കാനെന്നുമാണ്‌ പിണറായി സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കിയത്‌. എന്നാല്‍ മുന്‍ യുഡിഎഫ്‌ സര്‍ക്കാറിന്റെ നിലപാടുമായി യോജിക്കാന്‍ കഴിയില്ലെന്നാണ്‌ പാര്‍ട്ടി സെക്രട്ടറി പറയുന്നത്‌.