കുവൈത്തില്‍ ഹിജാബ് പ്രോത്സാഹിപ്പിക്കുന്നതിനെ വിമര്‍ശിച്ച് വനിത എംപി

കുവൈത്ത് സിറ്റി: ഹിജാബ് ധരിക്കണമെന്ന പരസ്യത്തിനെതിരെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുവൈത്തി വനിത എംപിയുടെ നിലപാട് വന്‍ ചര്‍ച്ചയായി. എംപിയായ സഫ അല്‍ ഹാഷിം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ‘മൈ ഹിജാബ്..മെയ്ക്ക് മൈ ലൈഫ് ബെറ്റര്‍’ എന്ന സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യവാചകത്തിനെതിരെയാണ് രംഗത്തെത്തിയത്. ഹിജാബ് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മിനിസ്ട്രി ഓഫ് എന്റോമെന്റ് പുറത്തിറക്കിയ പരസ്യമാണ് ഇത്.

ട്വിറ്ററില്‍ വ്യക്തി സ്വാതന്ത്ര്യത്തിന് ഭരണഘടന അനുവദിക്കുന്ന കുവൈത്ത് പോലെ ഒരു രാജ്യത്ത് ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്നായിരുന്നു സഫ ട്വിറ്ററില്‍ കുറിച്ചത്. ഈ പരസ്യം നഗരത്തിലെ വിവിധ ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത്തരം പരസ്യപ്രചാരണം നീക്കം ചെയ്യണമെന്ന് ഇവര്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

ട്വിറ്റര്‍ ചര്‍ച്ചയായതോടെ മതയാഥാസ്ഥിക സമൂഹം ഇവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇത്തരം പരസ്യങ്ങള്‍ നീക്കം ചെയ്യുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് അവര്‍ പറഞ്ഞു. കുവൈത്തിന്റ ഔദ്യോഗിക മതം ഇസ്ലാമാണെന്നും ഇസ്ലാമിക ആചാരപ്രകാരം തലമറയ്ക്കുന്നത് നിര്‍ബന്ധമാണെന്നും ഇവര്‍ ശക്തമായി പ്രതികരിച്ചു.