കുറ്റിപ്പുറം-ചമ്രവട്ടം ജങ്‌ഷന്‍ ദേശീയപാത 22 ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും

kuttIPPURAM CHAMRAVATTAMകുറ്റിപ്പുറം: സംസ്ഥാന ഫണ്ടുപയോഗിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ദേശീയപാതയായ കുറ്റിപ്പുറം-ചമ്രവട്ടം ജങ്‌ഷന്‍ ദേശീയപാത ജനുവരി 22 ന്‌ വൈകീട്ട്‌ ആറിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ചമ്രവട്ടം ജങ്‌ഷ നില്‍ നടക്കുന്ന പരിപാടിയില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ അധ്യക്ഷനാകും. പട്ടികജാതി-ടൂറിസം-പിന്നാക്കക്ഷേമ വകുപ്പ്‌ മന്ത്രി എ.പി. അനില്‍ കുമാര്‍, ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി, എം.എല്‍.എ മാരായ പി. ശ്രീരാമകഷ്‌ണന്‍, കെ. ടി. ജലീല്‍ എന്നിവര്‍ പങ്കെടുക്കും.

45 മീറ്റര്‍ വീതിയില്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാറില്‍ നിന്ന്‌ പാതയുടെ നിര്‍മാണത്തിന്‌ തുക ലഭ്യമാകാത്ത സാഹചര്യത്തിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ പാതയുടെ നിര്‍മാണത്തിനായി 59 കോടി അനുവദിച്ചത്‌. 30 മീറ്ററാണ്‌ നിലവില്‍ പാതയുടെ വീതി. പുതിയ പാതയെന്ന 20 വര്‍ഷത്തോളമുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ്‌ ഇതോടെ പരിഹാരമാകുന്നത്‌. ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി, പി. ശ്രീരാമകഷ്‌ണന്‍ എം.എല്‍.എ, കെ. ടി. ജലീല്‍ എം.എല്‍.എ എന്നിവരുടെ നിരന്തര പരിശ്രമഫലമായാണ്‌ പദ്ധതി യാഥാര്‍ഥ്യമായത്‌. കുറ്റിപ്പുറത്ത്‌ റൗണ്ട്‌ എബൗട്ട്‌, അയ്‌ങ്കലത്ത്‌ ബ്ലിങ്കിങ്‌ ലൈറ്റ്‌, ചമ്രവട്ടം ജങ്‌ഷനില്‍ സിഗ്നല്‍ ലൈറ്റ്‌, റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷ വേലി, സൈന്‍ ബോര്‍ഡുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്‌. കേരള കണ്‍സ്‌ട്രഷന്‍ കോര്‍പ്പറേഷനാണ്‌ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്‌.