കോട്ടക്കലില്‍ മൊബൈല്‍ കടയില്‍ നിന്നും ഫോണുകളും ടാബുകളും മോഷ്ടിച്ച പ്രതി പിടിയില്‍

Untitled-1 copyകോട്ടക്കല്‍: കോട്ടക്കലില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന നടത്തുന്ന കടയില്‍ നിന്നും മൊബൈല്‍ ഫോണുകളും ടാബുകളും മോഷ്ടിച്ച പ്രതി പോലീസ്‌ പിടിയില്‍. കെ ഷര്‍ണ്ണൂര്‍ കുളപ്പുള്ളി തട്ടാന്‍ ചിറക്കുന്ന്‌ സ്വദേശി ഫിറോസാണ്‌ പിടിയിലായത്‌. പ്രതി സ്ഥിരമായി മോഷ്ടിച്ച സാധനങ്ങള്‍ മംഗലാപുരത്താണ്‌ വില്‍പ്പന നടത്താറുള്ളത്‌.

കോട്ടക്കല്‍, വേങ്ങര, വണ്ടൂര്‍, പട്ടാമ്പി, വടക്കാഞ്ചേരി, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ നേരത്തെ കേസുകള്‍ നിലവിലുണ്ട്‌. കളവ്‌ കേസില്‍ നേരത്തെ ഇയാള്‍ മൂന്ന്‌ വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. സ്‌കൂളുകളില്‍ നിന്നും കടകളില്‍ നിന്നും മൊബൈല്‍ഫോണുകള്‍ മോഷ്ടിക്കലാണ്‌ ഇയാളുടെ പതിവ്‌ രീതി. എന്നാല്‍ മോഷണത്തിനായി പൂക്കിപ്പറമ്പിലെ സ്‌കൂള്‍ ലക്ഷ്യമാക്കിയാണ്‌ ഇയാള്‍ ഇവിടെ എത്തിയതെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന്‌ മൊബൈല്‍ കട തിരഞ്ഞെടുക്കുകയായിരുന്നു.

ചെസ്സ്‌ കളിയില്‍ താല്‌പര്യമുള്ള പ്രതിയെ തൃശൂര്‍ ക്ലബ്ബില്‍ വെച്ച്‌ കളിക്കിടെ തൃശൂര്‍ ഷാഡോ പോലീസാണ്‌ പിടികൂടിയത്‌. തുടര്‍ന്ന്‌ പലകേസുകളിലായി കോഴിക്കോട്‌ ജയിലിലായിരുന്നു. ഇവിടെ നിന്നാണ്‌ തിരൂര്‍ സി.ഐ ടി.പി പ്രദീപ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്‌. പ്രതിയെ തെളിവെടുപ്പിനായി പൂക്കിപ്പറമ്പിലെ സംഭവസ്ഥലത്ത്‌ കൊണ്ടുവരും.