കോട്ടക്കലില്‍ ഇരുട്ടിന്റെ മറവില്‍ കക്കൂസ്‌ മാലിന്യം തള്ളുന്നു;ജനങ്ങള്‍ ദുരിതത്തില്‍

latrine wasteകോട്ടക്കല്‍: കോട്ടക്കല്‍ പൂത്തൂര്‍-അരിച്ചോള്‍ റോഡരികിലെ ഓടയില്‍ കക്കൂസ്‌ മാലിന്യം തള്ളിയതായി പരാതി. കഴിഞ്ഞ ദിവസം തള്ളിയ മാലിന്യം ഓടയില്‍ അടിഞ്ഞുകിടക്കുകയാണ്‌. ഒരു മഴ പെയ്‌താല്‍ മാലിന്യം പൂത്തൂര്‍ ജങ്‌ഷനിലെത്തുമെന്ന്‌ നാട്ടുകാര്‍ പറയുന്നു. പെരിന്തല്‍മണ്ണയി ഭാഗത്തേക്കു പോകുന്നവര്‍ പ്രദേശത്തുകൂടി മൂക്കുപൊത്തിയാണ്‌ പോകുന്നത്‌.

ഹോട്ടലുകള്‍,വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ പാതയോരങ്ങളിലെ ആളൊഴിഞ്ഞ ഭാഗത്ത്‌ നിക്ഷേപിക്കുന്ന പ്രവണത കൂടിവരികയാണ്‌. പൂത്തൂര്‍ പാടശേഖരങ്ങളില്‍ ഇത്തരം മാലിന്യങ്ങള്‍ നിക്ഷേപിച്ച സംഭവം മൂമ്പും നടന്നിരുന്നു.

അന്യസംസ്ഥാനക്കാരുടെ സംഘങ്ങളാണ്‌ ഇത്തരം പ്രവൃത്തികള്‍ക്ക്‌ പിന്നിലെന്നാണ്‌ സംശയം. കഴിഞ്ഞദിവസം കോട്ടക്കല്‍ ഭാഗത്തെ പെട്രോള്‍ പമ്പ്‌ പരിസരത്ത്‌ നിന്നും നാട്ടുകാര്‍ പിടികൂടിയ മാലിന്യലോറി പൊലീസിലേല്‍പ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം ലോറി സ്‌റ്റേഷന്‍ വിട്ടുപോയി. കക്കൂസ്‌ മാലിന്യം തള്ളുന്നതിനെതിരെ ജാഗ്രത പാലിക്കാനായി ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനിരിക്കുകയാണ്‌ പൂത്തൂര്‍ പ്രദേശത്തുകാര്‍.