ജിഷ വധക്കേസ്‌;കൊലപാതകി അമിയൂര്‍ ഉല്‍ ഇസ്ലാം തന്നെ

jishaകൊച്ചി: ജിഷയുടെ കൊലപാതകിയായ അസം സ്വദേശി പിടിയില്‍. ഡിഎന്‍എ പരിശോധനഫലവും അനുകൂലമായതോടെയാണ് പ്രതി 23 കാരനായ അമിയൂര്‍ ഉള്‍ ഇസ്‌ലാം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഇയാള്‍ കുറ്റം സമ്മതിച്ചു. രണ്ട് ദിവസം മുന്‍പാണ് ഇയാളെ കൊച്ചിയില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്. ജിഷയുടെ സുഹൃത്താണ് പ്രതിയായ അസം സ്വദേശി.ഇയാള്‍ നേരത്തെ പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്നു.

ജിഷയുടെ പ്രതിയെ കുറിച്ചുളള പൂര്‍ണ്ണ വിവരങ്ങള്‍ പോലീസിന് ലഭിച്ചു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചിരുന്നു. പ്രതി കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് നിരീക്ഷണത്തില്‍ തന്നെ ആയിരുന്നു. സര്‍ക്കാരിന് അഭിമാനകരമായ നേട്ടങ്ങളാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

രണ്ട് ദിവസം മുന്‍പ് പൊലീസിന് ലഭിച്ച സിസിടിവി ക്യാമറയിലുള്ള ദൃശ്യങ്ങളിലെ വ്യക്തിക്ക് അസം സ്വദേശിയുമായി സാമ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജിഷയെ ഒരാള്‍ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ക്യാമറയില്‍ ഉണ്ടായിരുന്നത്. അതേസമയം ചെരുപ്പ് കടക്കാരന്റെ മൊഴിയാണ് പ്രതിയെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായതെന്നാണ് വിവരം. ജിഷയുടെ വീടിന്റെ സമീപത്തു നിന്ന് പൊലീസിന് തെളിവായി ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോടെ കൊലയാളിയിലേക്കുള്ള അന്വേഷണം പൊലീസ് ഈ ചെരുപ്പിന്റെ ഉടമയിലേക്കു മാത്രമായി കേന്ദ്രീകരിക്കുകയായിരുന്നു.

അതേസമയം, കൊലപാതകത്തിന്റെ കാരണം കണ്ടെത്താനുള്ള കഠിനമായ പരിശ്രമത്തിലാണ് പൊലീസ്. ഇയാള്‍ക്ക് ജിഷയുമായുള്ള ബന്ധം, ജിഷയോട് വൈരാഗ്യം തോന്നാനുണ്ടായ സാഹചര്യം എന്നിവ സംബന്ധിച്ച് പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഏപ്രില്‍ 28ന് കൊലപാതകം നടക്കുമ്പോള്‍ കൊലയാളി ധരിച്ചിരുന്ന ചെരുപ്പുകള്‍ ഇതു തന്നെയാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണു ഫൊറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നിരുന്നു.