ഖത്തറില്‍ പ്രദേശിക ഡോക്ടര്‍മാര്‍ കുറയുന്നതില്‍ ഭരണകൂടത്തിന്‌ ആശങ്ക

qutarr newsദോഹ: പ്രതിവര്‍ഷം ആവശ്യമായി വരുന്നത് 150 ഖത്തരി ഡോക്ടര്‍മാരെ. ഓരോ വര്‍ഷവും പുറത്തിറങ്ങുന്നത് അഞ്ചുപേര്‍ മാത്രവും.

പ്രാദേശിക ഡോക്ടര്‍മാരുടെ കുറവ് രാജ്യത്ത് നന്നായുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറഷന്‍ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞതായി അറബിക്ക് പത്രമായ അര്‍റായ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ രംഗത്ത് ഖത്തരികളുടെ കുറവിനെ തുടര്‍ന്നാണ് വിദേശങ്ങളില്‍ നിന്നും ജീവനക്കാരെ നിയമിക്കേണ്ടി വരുന്നത്.

ആരോഗ്യ രംഗത്ത് ഗുണനിലവാരമുള്ള പൗരന്മാരുടെ അഭാവം രാജ്യം നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നഴ്‌സുമാര്‍, ദന്തിസ്റ്റുകള്‍, ഫാര്‍മസിസ്റ്റുകള്‍, ഈ മേഖലയിലെ മറ്റു ജീവനക്കാര്‍ തുടങ്ങിയവരുടെ കുറവാണ് അനുഭവപ്പെടുന്നത്.

ഖത്തറില്‍ മാത്രമല്ല ഗള്‍ഫ് മേഖലയിലാകമാനം ആരോഗ്യമേഖല തെരഞ്ഞെടുക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ കുറവുണ്ട്. കഴിഞ്ഞ വര്‍ഷമാദ്യം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ഗള്‍ഫ് മേഖലയിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനത്തിനായി വിദേശങ്ങളില്‍ നിന്നാണ് റിക്രൂട്ട് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം ഖത്തറില്‍ ആവശ്യത്തിനുള്ള മൂന്നില്‍ രണ്ടുഭാഗം ഡോക്ടര്‍മാരും 91 ശതമാനം നഴ്‌സുമാരും വിദേശങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്തവരാണ്.