ദുബായില്‍ ലൈസന്‍സില്ലെങ്കില്‍ പട്ടിയെ വളര്‍ത്താന്‍ കഴിയില്ല

Untitled-1 copyദുബായ്‌: ദുബായില്‍ വീടുകളില്‍ പട്ടിയെയും മറ്റ്‌ മൃഗങ്ങളെയും വളര്‍ത്തണമെങ്കില്‍ ലൈസന്‍സ്‌ നേടിയിരിക്കണം എന്ന നിയമം കര്‍ശനമാക്കി. ലൈസന്‍സില്ലാതെ പട്ടിയെ വളര്‍ത്തി പിടക്കപ്പെട്ടാല്‍ ഇവരില്‍ നിന്ന്‌ 10,000 ദിര്‍ഹം മുതല്‍ 200,000 ദിര്‍ഹം വരെ പിഴയും ഈടാക്കാനും ആറ്‌ മാസം തടവ്‌ ശിക്ഷ നല്‍കാനുമാണ്‌ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്‌. ബുധനാഴ്‌ച ചേര്‍ന്ന എഫ്‌എന്‍സി അംഗങ്ങളുടെ യോഗത്തിലാണ്‌ ഇക്കാര്യത്തെ കുറിച്ച്‌ തീരുമാനമുണ്ടായത്‌. കൂടാതെ വന്യമൃഗങ്ങളെ വ്യക്തികള്‍ വളര്‍ത്തുന്നതിനെതിരെയും തീരുമാനമെടുത്തിട്ടുണ്ട്‌.

എഫ്‌എന്‍സി കമ്മറ്റി അംഗങ്ങള്‍ അബുദാബി ആസ്ഥാനത്ത്‌ നടത്തിയ യോഗത്തിലാണ്‌ ദുബായില്‍ പട്ടിയെയും മറ്റ്‌ മൃഗങ്ങളെയും വളര്‍ത്തുന്നത്‌ ആളുകള്‍ക്ക്‌ ബുദ്ധിമുട്ടായിട്ടുണ്ടെന്ന്‌ അറിയിച്ചത്‌. ഇതെത്തുടര്‍ന്നാണ്‌ പുതിയ നിര്‍ദേശം നടപ്പിലാക്കാന്‍ ദുബായ്‌ തയ്യാറായിട്ടുള്ളത്‌. വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുന്നതിന്‌ പുറമെ മികച്ച ഇനത്തില്‍പ്പെട്ട പട്ടികളെ വില്‍പ്പന നടത്തുന്നതിനും ഇതോടെ ലൈസന്‍സ്‌ അത്യാവശ്യമായി വന്നിരിക്കുകയാണ്‌.

വളര്‍ത്തുമൃഗങ്ങളുടെ ആക്രമണം മരണത്തിന്‌ കാരണമായാല്‍ ഉടമസ്ഥന്‌ ജീവപര്യന്തം ഉള്‍പ്പെടെയുള്ള ശിക്ഷകളാണ്‌ ലഭിക്കുക. മൃഗങ്ങളെ ഉപയോഗിച്ച്‌ വ്യക്തികളെ ഭീഷണിപ്പെടുത്തുന്ന കുറ്റത്തിന്‌ 700,000 ദിര്‍ഹം പിഴയോ തടവോ ആയിരിക്കും ശിക്ഷ.

വന്യമൃഗങ്ങളെ വളര്‍ത്തുന്നതിന്‌ മൃഗശാല, വൈല്‍ഡ്‌ ലൈഫ്‌ പാര്‍ക്കുകള്‍, സര്‍ക്കസ്‌, റിസര്‍ച്ച്‌ സെന്ററുകള്‍ എന്നിവയ്‌ക്ക്‌ മാത്രമേ വന്യമൃഗങ്ങളെ വര്‍ത്തുന്നതിനുള്ള അനുമതിയുള്ളു. അല്ലാത്ത സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന്‌ പൊതുജനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. നിലവില്‍ സിംഹം, പെരുമ്പാമ്പ്‌ എന്നിവയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ വളര്‍ത്തുന്നവര്‍ ഇവയെ വനത്തിലേക്കോ സംരക്ഷിത പ്രദേശങ്ങിളിലേക്കോ തിരിച്ചയക്കമെന്നും എഫ്‌എന്‍സി ആവശ്യപ്പെട്ടു.