ദുബൈ -കോഴിക്കോട് വിമാനത്തില്‍ യാത്രക്കാരന്റെ ഐഎസ് അനുകൂല പ്രസംഗം

indigoമലപ്പുറം: ദുബൈയില്‍ നിന്നും യാത്രതിരിച്ച ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ ഐഎസ് അനുകൂല പ്രസംഗം. വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി.യാത്രക്കാരനെ സിഐഎസ്എഫ് ചോദ്യം ചെയ്തുവരുന്നു. യാത്രക്കാരന്റെ പേരോ മറ്റോ വിവരങ്ങളോ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല.

സംഭവുമായി ബന്ധപ്പെട്ടു രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി എയര്‍പോര്‍ട്ട് എസിപി പറഞ്ഞു. ഇവരെ മുംബൈയിലെ സാഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം, പിടിയിലായത് കോഴിക്കോട് സ്വദേശികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ദുബായില്‍നിന്നു പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഒരാള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ഐഎസിനെക്കുറിച്ച് പ്രസംഗിക്കാന്‍ ആരംഭിച്ചത്.

ഐഎസിനെക്കുറിച്ചും ഇസ്ലാമിക പഠനങ്ങളെക്കുറിച്ചുമാണ് ഇയാള്‍ സംസാരിച്ചത്. പ്രസംഗം നിര്‍ത്താന്‍ മറ്റ് യാത്രക്കാര്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ അക്രമാസക്തനായി. തുടര്‍ന്ന് യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി. ഇതോടെയാണ് രാവിലെ 9.15 ഓടെയാണ് വിമാനം മുംബൈയില്‍ ഇറക്കിയത്. രാവിലെ 10 മണിക്ക് കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനമായിരുന്നു ഇത്.