ബിജുവിന്റെ ഡ്രൈവറെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ അനുമതി

download (4)തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ കോടതി വിജിലന്‍സിന് അനുമതി നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ഇദ്ദേഹത്തെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്നു കോടതിയില്‍ വിജിലന്‍സ് അപേക്ഷ നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നു നിലപാടറിയിക്കുന്നതിനായി തിങ്കളാഴ്ച ഹാജരാകാന്‍ കോടതി അമ്പിളിയോടാവശ്യപ്പെട്ടിരുന്നു. ഇന്നു  കോടതിയിലെത്തിയ അമ്പിളി നുണപരിശോധനയ്ക്കു തയാറാണെന്നു കോടതിയെ അറിയിച്ചു.

ഇതേ തുടര്‍ന്നാണു നുണപരശോധനയ്ക്ക് കോടതി വിജിലന്‍സിന് അനുമതി നല്‍കിയത്. പരിശോധനയുടെ തിയതി നിശ്ചയിക്കാനും മറ്റു നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതി ഫോറന്‍സിക് ലാബ് ഡയറക്ടറോടു നിര്‍ദ്ദേശിച്ചു.

കേസിലെ ഏക ദൃക്‌സാക്ഷിയാണ് അമ്പിളി. 2012 ഏപ്രില്‍ 2നു കെ എം മാണിയുടെ ഔദ്യോഗിക വസതിയിലെത്തി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പണം കൈമാറുന്നത് അമ്പിളി കണ്ടെന്നു പരാതിക്കാരനായ ബിജു രമേശ് പറഞ്ഞിരുന്നു. അമ്പിളിയും ഇതേ കാര്യം വിജിലന്‍സിനു മുന്നില്‍ ആവര്‍ത്തിച്ചു.