തമിഴ്നാട്ടിലെ സേലം, ആന്ധ്രാപ്രദേശിലെ വെങ്കടഗിരി, കര്‍ണാടകയിലെ ഗഡക്, കേരളത്തിലെ കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിയില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായിരിക്കണം.
ഗ്രേഡ് സമ്പ്രദായത്തില്‍ പത്താം ക്ലാസ് പാസായവര്‍ക്ക് ലഭിച്ച മാര്‍ക്ക് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രായം 2012 ജൂലൈ ഒന്നിന് 15 വയസ്സിനും 23 വയസ്സിനും മദ്ധ്യേയായിരിക്കണം. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്സ്. കൂടാതെ സംവരണവുമുണ്ടായിരിക്കും. 20 ശതമാനം സീറ്റുകള്‍ നെയ്ത്തു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ആദ്യ വര്‍ഷം പ്രതിമാസം 400 രൂപയും രണ്ടാം വര്‍ഷം 450 രൂപയും മൂന്നാം വര്‍ഷം 500 രൂപ വീതവുമാണ് സ്റ്റൈപന്റ് ലഭിക്കുക. 200 രൂപ വീതം പ്രതിമാസം അഡീഷനല്‍ സ്റ്റൈപെന്റും കേരള സര്‍ക്കാര്‍ നല്‍കും. കോഴ്സ് കഴിഞ്ഞവര്‍ക്ക് ധാരാളം തൊഴില്‍ സാധ്യതകള്‍ സ്പിന്നിങ് മില്ലുകളിലും ടെക്സ്റ്റൈല്‍ മേഖലകളിലുമുണ്ട്.
അപേക്ഷാ ഫോം ഓരോ ജില്ലയിലെയും ജില്ലാ വ്യവസായ കേന്ദ്രം, തിരുവനന്തപുരത്തെ വികാസ് ഭവനിലുള്ള കൈത്തറി ആന്‍ഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ കൈത്തറി ഡയറക്ടറേറ്റില്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10 വൈകീട്ട് അഞ്ച് മണി.




