മണിപ്പൂരില്‍ വീണ്ടും അശാന്തി;റോക്കറ്റ് ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു;അമ്മയ്ക്ക് ഗുരുതര പരിക്ക്

ഇംഫാല്‍:ബിഷ്ണുപൂര്‍ ജില്ലയില്‍ ഉണ്ടായ റോക്കറ്റ് ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും അവരുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.മണിപ്പൂരില്‍ ഇതോടെ അശാന്തി പടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെന്‍സിറ്റീവ് കുന്നിന്‍ താഴ്വര അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മൊയ്രാങ് ഗ്രാമത്തിലെ ട്രോങ്ലോബി അവാങ് ലെയ്കായ് എന്ന സ്ഥലത്താണ് ഏപ്രില്‍ 7 ന് പുലര്‍ച്ചെയാണ് അതിര്‍ത്തി സുരക്ഷാ സേനാംഗമായ ഓയിനം മലംങ്ഗന്‍ബയുടെ വീടിന് മുകളിലാണ് റോക്കറ്റ് പതിച്ചത്.

സ്‌ഫോടനം നടക്കുമ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ 37 കാരിയായ ഒയിനം ഒങ്ബി ബിനിതയും അഞ്ച് വയസ്സുള്ള ഒരു ആണ്‍കുട്ടിയും അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞും വീടിനുള്ളിലുണ്ടായിരുന്നു.സ്‌ഫോടനത്തില്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും മൂന്ന് പേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇവരെ ഇംഫാലിലെ ഒരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ രണ്ട് കുട്ടികളും മരിച്ചു. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിനിത ചികിത്സയിലാണ്.

ഗ്രാമത്തില്‍ സ്ഫോടനം നടന്നതിന് തൊട്ടുപിന്നാലെ വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. ചുറ്റുമുള്ള കുന്നുകളിലെ ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് നേരത്തെയും വെടിവയ്പ്പ് നടന്നിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

ആക്രമണം താഴ്വര ജില്ലകളിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന്, രോഷാകുലരായ നാട്ടുകാര്‍ ബിഷ്ണുപൂര്‍ വഴി ചുരാചന്ദ്പൂരിലേക്ക് പോവുകയായിരുന്ന രണ്ട് എണ്ണ ടാങ്കറുകളും ഒരു ട്രക്കും കത്തിച്ചതായുമാണ് റിപ്പോര്‍ട്ട്.

പ്രദേശം അതീവ ജാഗ്രതയിലാണ്. കൂടാതെ പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്, ഉത്തരവാദികളെ കണ്ടെത്താന്‍ സമീപ കുന്നിന്‍ പ്രദേശങ്ങളില്‍ തിരച്ചിലും നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.

ആക്രമണത്തെ അപലപിച്ച എംഎല്‍എ തോങ്കം ശാന്തി, ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

ജനങ്ങള്‍ ശാന്തരാകണമെന്നും അക്രമത്തിലേക്ക് നീങ്ങരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്.

മണിപ്പൂര്‍ മാസങ്ങളായി വംശീയ സംഘര്‍ഷങ്ങള്‍ക്കും ഇടയ്ക്കിടെയുള്ള അക്രമങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയാണ് ഇത് സുരക്ഷാ സേനയ്ക്കും കനത്തവെല്ലുവിളിയായിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top