
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ അഞ്ച് ദിവസം ‘നിയന്ത്രിത’ വെടിനിർത്തൽ പ്രഖ്യാപിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താത്കാലിക വെടിനിർത്തൽ ട്രംപ് പ്രഖ്യാപിച്ചത്. അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊർജ്ജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ട്രംപ് ഉറപ്പ് നൽകി. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.
ഇറാനുമായി തുടരുന്ന ആഴത്തിലുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ, ഇറാന്റെ പവർ പ്ലാന്റുകൾക്കും ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും എതിരായ എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവെച്ചതായി സേനകൾക്ക് നിർദ്ദേശം നൽകിയെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. നിലവിലെ ചർച്ചകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും തുടർന്നുള്ള നീക്കങ്ങളെന്നും ട്രംപ് കുറിച്ചിട്ടുണ്ട്.
ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായത് ഭയന്നുള്ള പിന്മാറ്റമാണെന്ന് ഇറാൻ വിശേഷിപ്പിച്ചു. ഇറാന്റെ പ്രത്യാക്രമണം ഭയന്ന് ട്രംപ് ആക്രമണത്തിൽ നിന്നും ഹോർമുസ് തുറക്കാനുള്ള 48 മണിക്കൂർ അന്ത്യശാസനത്തിൽ നിന്നും പിന്മാറിയെന്ന് ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റായ ഐ.ആർ.ഐ.ബി പ്രസ്‌താവനയിലൂടെ പ്രതികരിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




