
നമ്മുടെ അടുക്കളത്തോട്ടത്തില്‍ പടര്‍ന്നുവളരുന്ന പച്ചക്കറി ഇനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കുമ്പളം. കുമ്പളം കൃഷി ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ തെരഞ്ഞെടുക്കേണ്ടത് ഏറ്റവും മികച്ച ഇനം കെഎയു ലോക്കല്‍ ആണ്. ഉല്‍പാദന മികവ് കൂടിയ ഇനമായ ഇത് ശരാശരി അഞ്ച് കിലോ തൂക്കം വരെ കൈവരിക്കുന്നു. ഒരേക്കറില്‍ 400 മുതല്‍ 500 ഗ്രാം വരെ വിത്ത് പാകിയാല്‍ ശരാശരി 12 ടണ്‍ വിളവെടുക്കാവുന്നതാണ്.
കൃഷി രീതികള്‍
രണ്ടടി വലിപ്പവും രണ്ടടി ആഴവുമുള്ള കുഴികളെടുത്ത് കൃഷി ആരംഭിക്കാം. 50 കിലോ ചാണകം അല്ലെങ്കില്‍ കമ്പോസ്റ്റ് മേല്‍മണ്ണുമായി ചേര്‍ത്ത് കുഴികളില്‍ ഇടുക.
നാലു വിത്തുകള്‍ ഒരു കുഴിയില്‍ പാകാവുന്നതാണ്. മുളച്ചു രണ്ടാഴ്ച കഴിയുമ്പോള്‍ ഒരു തടത്തില്‍ രണ്ട് വിത്തുകള്‍ വീതം നിര്‍ത്തുക. മേല്‍വളമായി ചാണകം 30 കിലോ അല്ലെങ്കില്‍ കമ്പോസ്റ്റ് 15 കിലോ രണ്ടുതവണയായി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കൊടുക്കുക.
രണ്ടാഴ്ചയിലൊരിക്കല്‍ ഒരു കിലോ ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പൂവിടുമ്പോള്‍ കൊടുക്കുക. വള്ളി വീശുന്നതിനനുസരിച്ച് ഓലമടല്‍ ഉപയോഗപ്പെടുത്തി തറയില്‍ അത് പടരുവാന്‍ സൗകര്യമൊരുക്കുക.
കീടരോഗ സാധ്യതകളും നിയന്ത്രണ വിധികളും
പ്രധാനമായും കുമ്പളം കൃഷിയില്‍ കണ്ടുവരുന്നത് കായീച്ച ശല്യമാണ്. ഇത് പരിഹരിക്കുവാന്‍ നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കുഴിക്ക് 100 ഗ്രാം എന്ന തോതില്‍ വേപ്പിന്‍പിണ്ണാക്ക് ഇട്ടു നല്‍കിയാല്‍ മതി. കായീച്ച ശല്യം കൂടാതെ മുഞ്ഞ ശല്യവും കുമ്പളം കൃഷിയില്‍ വെല്ലുവിളി ഉയര്‍ത്തുന്നു.
ഇത് പ്രതിരോധിക്കുവാന്‍ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ചാല്‍ മതി. ഇതുകൂടാതെ മറ്റു നീരൂറ്റി കുടിക്കുന്ന പ്രാണികളെ അകറ്റുവാന്‍ ഗോമൂത്രം ഒരുലിറ്ററും കാന്താരി 10 ഗ്രാം അരച്ചതും ചേര്‍ത്ത് മിശ്രിതം തയ്യാറാക്കി 9 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചാല്‍ മതി. ഇതുകൂടാതെ പച്ചക്കറി തോട്ടത്തില്‍ പഴക്കെണികളോ ഫിറമോണ്‍ കെണികളോ വച്ചുപിടിപ്പിക്കാക്കുന്നതാണ്.
ബിവേറിയ എന്ന മിത്ര കുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതും ഫലവത്താണ്. കുമ്പളം കൃഷിയില്‍ കണ്ടുവരുന്ന മറ്റു പ്രധാനപ്പെട്ട രോഗമാണ് ഇല മഞ്ഞളിപ്പ്. ഇത് ഇല്ലാതാക്കുവാന്‍ 10 ഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റ് ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ തളിച്ചാല്‍ മതി



