പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകും; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി . മെമ്പര്‍ഷിപ്പ് ആവശ്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പാര്‍ട്ടി പരിഗണിക്കുമെന്നും പാര്‍ട്ടിയില്‍ അച്ചടക്ക ലംഘനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

ഐഎന്‍എല്‍ സമാന്തര യോഗം ചേര്‍ന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നിലപാടിനും ഭരണഘടനയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന് അദ്ദേഹം താക്കീത് നല്‍കി. യോഗത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കും.
അബ്ദുള്‍ വഹാബ് വിളിച്ച സംസ്ഥാന കൗണ്‍സിലില്‍ 24 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ നീക്കുമെന്ന് പറയുന്നത് അതിമോഹമാണെന്നും തനിക്ക് എല്‍ഡിഎഫിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മന്ത്രി പറഞ്ഞു.

ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് കഴിഞ്ഞ ദിവസമാണ് കോാഴിക്കോട് യോഗം ചേര്‍ന്നത്. സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളയാനാണ് വഹാബ് പക്ഷം യോഗം ചേര്‍ന്നത്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റായി എ പി അബ്ദുള്‍ വഹാബിനേയും ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളേയും ട്രഷററായി വഹാബ് ഹാജിയേയും യോഗത്തില്‍ തിരഞ്ഞെടുത്തിരുന്നു.
അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെടാനാണ് ഐഎന്‍എല്‍ വഹാബ് പക്ഷത്തിന്റെ നീക്കം. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും. മുന്‍ പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബിനെയും ഒപ്പമുള്ളവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് മറുപക്ഷത്തിന്റെ നീക്കം. വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയെയും ഇടതുമുന്നണി നേതൃത്വത്തെയും വഹാബ് പക്ഷം കാണും. ഒറ്റ പാര്‍ട്ടിയായി തുടര്‍ന്നാലേ ഐഎന്‍എല്‍ മുന്നണിയില്‍ ഉണ്ടാകൂ എന്നാണ് എല്‍ഡിഎഫ് നേതൃത്വം നേരത്തെ നല്‍കിയ മുന്നറിയിപ്പ്.

അഡ്ഹോക്ക് കമ്മിറ്റിയുടെ ശുപാര്‍ശ കേന്ദ്ര നേതൃത്വം അംഗീകരിക്കും. ഐഎന്‍എല്ലിന് നേരത്തെ അനുവദിച്ച ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്ക് ഇരു വിഭാഗവും വ്യത്യസ്ത പട്ടികകള്‍ കൈമാറിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top