
സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാന്‍ വോട്ടര്‍മാര്‍ പൂര്‍ണ്ണ സജ്ജരാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെടുപ്പ് ദിവസം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ വോട്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
1.വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തുക
വോട്ടര്‍ ഐഡി കാര്‍ഡ് (എപിക്) കൈവശം ഉണ്ടെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ. voters.eci.gov.in എന്ന വെബ്സൈറ്റ് വഴി പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പാക്കാം.
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) നല്‍കുന്ന വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് (വി.ഐ.എസ്) വോട്ടെടുപ്പിന് മുന്‍പായി കൈപ്പറ്റുക. എന്നാല്‍ ഇതെരിക്കലും വോട്ട് രേഖപ്പെടുത്താനുള്ള അടിസ്ഥാന തിരിച്ചറിയല്‍ രേഖയല്ല
2.തിരിച്ചറിയല്‍ രേഖകള്‍
വോട്ടര്‍ ഐഡി കാര്‍ഡ് ഹാജരാക്കാന്‍ സാധിക്കാത്തവര്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച 12 രേഖകള്‍ ഹാജരാക്കാം. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, എം.ജി.എന്‍.ആര്‍.ഇ.ജി.എ ജോബ് കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്/ തപാല്‍ പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്‍കിയ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡ്, എന്‍.പി.ആര്‍ പ്രകാരം ആര്‍.ജി.ഐ അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖകള്‍, എം.പിമാര്‍ എം.എല്‍.എമാര്‍ എന്നിവര്‍ക്കു നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ അനുവദിച്ച ഫോട്ടോ സഹിതമുള്ള സര്‍വ്വീസ് ഐഡന്റിറ്റി കാര്‍ഡ്, സാമൂഹ്യനീതി – ശാക്തീകരണ മന്ത്രാലയം നല്‍കുന്ന യൂണിക് ഡിസബിലിറ്റി ഐഡി ( യു.ഡി.ഐ.ഡി)എന്നിവയില്‍ ഏതെങ്കിലും ഒരു രേഖ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം
3.വോട്ട് രേഖപ്പെടുത്തുന്ന രീതി (ഇ.വി.എം & വിവിപാറ്റ്)
വോട്ടിംഗ് മെഷീനില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുക. ഉടന്‍ തന്നെ മെഷീനില്‍ നിന്ന് ഒരു ബീപ് ശബ്ദം കേള്‍ക്കാം.
വിവിപാറ്റ് പരിശോധന: ബട്ടണ്‍ അമര്‍ത്തിയ ശേഷം മെഷീന് സമീപമുള്ള വിവിപാറ്റ് ബോക്സിനുള്ളിലെ ഗ്ലാസിലൂടെ നിങ്ങള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും അടങ്ങിയ സ്ലിപ്പ് ഏഴ് സെക്കന്‍ഡ് നേരത്തേക്ക് കാണാന്‍ സാധിക്കും. വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്ന് ഇതിലൂടെ ഉറപ്പാക്കാം.
4.പോളിംഗ് ബൂത്തിലെ സൗകര്യങ്ങള്‍
ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാന്‍ റാംപ് സൗകര്യം, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമായിരിക്കും. വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കുടുംബശ്രീ വോളണ്ടിയര്‍മാര്‍ക്കാണ് ഫോണുകള്‍ സൂക്ഷിക്കുന്നതിനുള്ള ചുമതല ജില്ലാകളക്ടര്‍ നല്‍കിയിരിക്കുന്നത്. ജില്ലയിലെ 3689 ബൂത്തുകളിലും വോളണ്ടിയര്‍മാരുടെ സേവനം കുടുംബശ്രീ മെമ്പര്‍മാര്‍ മുഖേന ഏര്‍പ്പെടുത്തും. വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറുന്ന പത്തുപേരുടെ വീതം മൊബൈല്‍ ഫോണുകള്‍ ബൂത്തിന് പുറത്ത് പ്രത്യേക പൗച്ചില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സൂക്ഷിക്കും. മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ മേല്‍നോട്ട ചുമതല ബി.എല്‍.ഒ മാര്‍ക്കായിരിക്കും. ടോക്കണ്‍ സംവിധാനത്തിലൂടെയായിരിക്കും മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുക. വോട്ട് ചെയ്തതിനുശേഷം ടോക്കണ്‍ തിരികെ നല്‍കി മൊബൈല്‍ ഫോണ്‍ കൈപ്പറ്റാം. പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിക്ക് മുന്‍പായി മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആക്കണം. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും സേവനം നല്‍കാന്‍ വോളണ്ടിയര്‍മാരുണ്ടാകും.




