ഹോർമുസിൽ സമവായമായില്ല; ഇറാൻ-യുഎസ് ചർച്ച തുടരും

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇസ്ലാമാബാദില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ 15 മണിക്കൂറുകള്‍ക്കൊടുവില്‍ താല്‍ക്കാലികമായി പിരിഞ്ഞു. ശനിയാഴ്ച ആരംഭിച്ച ചര്‍ച്ചകള്‍ പാകിസ്ഥാന്‍ സമയം അര്‍ദ്ധരാത്രി പിന്നിട്ടും തുടര്‍ന്നു. അഭിപ്രായവ്യത്യാസങ്ങളില്‍ കൃത്യമായ ധാരണയിലെത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിക്കാത്ത സാഹചര്യത്തില്‍ ഞായറാഴ്ചയും ചര്‍ച്ചകള്‍ തുടരുമെന്ന് ഇറാന്റെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ചയും ധാരണയും യുഎസിനെ ബാധിക്കില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം കരാറിലെത്തുന്നുണ്ടോ എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. യുദ്ധത്തില്‍ അമേരിക്ക ഇതിനോടകം തന്നെ വിജയിച്ചു കഴിഞ്ഞുവെന്ന അവകാശവാദം അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.

ഹോർമുസ് കടലിടുക്ക് സംബന്ധിച്ചാണ് ഇറാനും യുഎസും തമ്മിൽ വലിയ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നതെന്ന് ഇറാൻ മാധ്യമമായ തസ്‌നീം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് ഏകപക്ഷീയമായ വലിയ നിബന്ധനകളാണ് ഹോർമുസുമായി ബന്ധപ്പെട്ട് മുന്നോട്ടുവെക്കുന്നതെന്നും അത് ഇറാൻ അംഗീകരിക്കില്ലെന്നും തസ്‌നീം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, നിയന്ത്രണങ്ങളോടെ ഹോർമുസ് കടലിലുടക്ക് തുറന്നതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചു. ഹോർമുസിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാൻ ആരംഭിച്ചതായി യുഎസ് സേന അവകാശപ്പെട്ടെങ്കിലും കടലിടുക്കിലൂടെ സൈനികക്കപ്പലുകൾ അനുവദിച്ചിട്ടില്ലെന്ന് ഇറാൻ പ്രതികരിച്ചിട്ടുണ്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top