600 ലധികം സിലിണ്ടറുകള്‍ പിടിച്ചെടുത്തു;എല്‍പിജി മേഖലയിലെ അനധികൃത സംഭരണം തടയാന്‍ പരിശോധന ശക്തമാക്കി

രാജ്യത്ത് നിലവിലുള്ള സാഹചര്യം പരിഗണിച്ചും എല്‍.പി.ജി മേഖലയിലെ കരിഞ്ചന്ത, അനധികൃത സംഭരണം, ഗാര്‍ഹിക-വാണിജ്യ സിലിണ്ടറുകളുടെ തിരിമറി തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി സംസ്ഥാനത്തുടനീളം പരിശോധനയും എന്‍ഫോഴ്സ്മെന്റ് നടപടികളും പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ശക്തമാക്കിയിരിക്കുകയാണ്.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആറ്റിങ്ങലിന് സമീപം നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച പൊതുമേഖലാ ഓയില്‍ കമ്പനികളുടെ ഗാര്‍ഹിക, വാണിജ്യ, ചോട്ടു സിലിണ്ടറുകള്‍ ഉള്‍പ്പെടെയുള്ള 600 ലധികം എല്‍.പി.ജി സിലിണ്ടറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ പരിശോധനയും കണക്കെടുപ്പ് നടപടികളും പുരോഗമിക്കുന്നു. ഇതിനുപുറമെ രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് ഹോട്ടലുകളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 5 ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകളും സ്പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തു.

കൂടാതെ ഏപ്രില്‍ 10 ന് രാത്രി സാധുവായ രേഖകളില്ലാതെ ഒരു വാഹനത്തില്‍ കൊണ്ടുപോകുകായിരുന്ന 50 വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ പൊലീസ് തടയുകയും സിവില്‍ സപ്ലൈസ് അധികൃതരുടെ സാന്നിധ്യത്തില്‍ പരിശോധിക്കുകയും തുടര്‍ന്ന് മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ വാഹനവും സിലിണ്ടറുകളും കസ്റ്റഡിയിലെടുക്കുകയും എല്‍പിജി വിതരണ നിയന്ത്രണ ഉത്തരവ് പ്രകാരവും 1955-ലെ അവശ്യസാധന നിയമപ്രകാരവും തുടര്‍ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു.

പിടിച്ചെടുത്ത സിലിണ്ടറുകളില്‍ നിറച്ചതും ശൂന്യവുമായവയും ഉള്‍പ്പെടുന്നുവെന്നും ഇവ അനധികൃതമായി ഗ്യാസ് മാറ്റി നിറയ്ക്കുന്നതിനും നിയമവിരുദ്ധ വിതരണത്തിനുമായി ഉപയോഗിച്ചിരുന്നു എന്ന് സംശയമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

പിടിച്ചെടുത്ത സാധനങ്ങള്‍ എല്ലാം തുടര്‍ അന്വേഷണത്തിനായി സുരക്ഷിത കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് കേരള എല്‍.പി.ജി വാര്‍ റൂമിന്റെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ മുഹമ്മദ് ഷഫീഖ് അറിയിച്ചു. ഗാര്‍ഹികവും വാണിജ്യവുമായ എല്‍.പി.ജി സിലിണ്ടറുകളുടെ കരിഞ്ചന്ത ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളില്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പരിശോധനകള്‍ കേരളമൊട്ടാകെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top