വേസ്റ്റ് കൊട്ടയിൽ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം; കുഞ്ഞ് അച്ചാമ്മയെ തേടിയെത്തിയത് ഇരട്ട ഭാഗ്യം

ആലപ്പുഴ: കുഞ്ഞ് അച്ചാമ്മയ്ക്ക് ഇരട്ട ഭാഗ്യം. ചവറ്റുകൊട്ടയിൽ കളഞ്ഞ കാരുണ്യ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭിച്ചു. ഇതിനൊപ്പം എടുത്ത മറ്റൊരു ടിക്കറ്റിന് പ്രോത്സാഹന സമ്മാനമായി 5000 രൂപയും ലഭിച്ചിട്ടുണ്ട്.

പെട്ടിക്കട നടത്തി ഉപജീവനം കണ്ടെത്തുന്ന തലവടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ മംഗലത്ത് കുഞ്ഞ് അച്ചാമ്മയെ തേടിയാണ് ഭാഗ്യമെത്തിയത്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ കൊച്ചമ്മനം ജങ്ഷന് സമീപമാണ് അച്ചാമ്മയുടെ പെട്ടിക്കട. പ്രദേശത്തെ ലോട്ടറി വില്‍പനക്കാരനായ കോതപ്പുഴശ്ശേരി ജോര്‍ജുകുട്ടിയില്‍നിന്നാണ് ഇവര്‍ കാരുണ്യ ലോട്ടറിയുടെ രണ്ട് ടിക്കറ്റുകള്‍ വാങ്ങിയത്.

വ്യാഴാഴ്‌ചത്തെ ഫലപ്രഖ്യാപനത്തിന് ശേഷം ടിക്കറ്റ് പരിശോധിച്ചെങ്കിലും 5000 രൂപയുടെ പ്രോത്സാഹന സമ്മാനം മാത്രമാണ് ഇവരുടെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് ഇവർ വേസ്റ്റ് കൊട്ടയിൽ കളയുകയായിരുന്നു. ഒന്നാം സമ്മാനം അടിച്ച വിവരം പിന്നീട് കുഞ്ഞ് അച്ചാമ്മയുടെ സഹോദരൻ അറിയിച്ചതിനെ തുടർന്ന് രാത്രിയിൽ ഇരുവരും കടയിലെത്തി തെരച്ചിൽ നടത്തുകയും വേസ്റ്റ് കൊട്ടയിൽ നിന്ന് ടിക്കറ്റ് കണ്ടെത്തുകയുമായിരുന്നു. പെസഹാ ദിനത്തിൽ അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയതിന്റെ വലിയ സന്തോഷത്തിലാണ് കുഞ്ഞ് അച്ചാമ്മ.

Share news
error: Content is protected !!
Scroll to Top