കേരളം വിധിയെഴുതി; പോളിങ് 78.22% ; ഇനി കാത്തിരിപ്പിന്റെ 25 ദിനങ്ങൾ

തിരുവനന്തപുരം: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതി. റിപ്പോർട്ടുകൾ പ്രകാരം കനത്ത പോളിങ്ങാണ് നടന്നിരിക്കുന്നത്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പോളിങ് ശതമാനം 78.22 ആണ്. 2021ലെ തെരഞ്ഞെടുപ്പിനെക്കാൾ ഉയർന്ന പോളിങ് നിലയുണ്ട്.  നിലവിൽ ലഭ്യമായ കണക്കനുസരിച്ച് കോഴിക്കോട്ടാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 81.32 ശതമാനം. പാലക്കാടും പോളിങ് ശതമാനം 80 കടന്നിട്ടുണ്ട്. കാസർകോടും പത്തനംതിട്ടയിലുമാണ് പോളിംഗ് കുറവ്. 70.76 ശതമാനമാണ് പത്തനംതിട്ടയിലെ പോളിങ് .വോട്ടെടുപ്പ് അവസാനിക്കുന്ന ആറുമണിക്ക് വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് എത്തിയ എല്ലാവർക്കും ടോക്കൺ നൽകി വോട്ട് ചെയ്യിച്ചു. മെയ് നാലിനാണ് വോട്ടെണ്ണൽ. ഇനി കാത്തിരിക്കേണ്ടത് 25 ദിനങ്ങൾ.

കനത്ത ചൂടിനെ അവഗണിച്ചാണ് ജനങ്ങൾ പോളിങ് ബൂത്തിലേക്ക് ഒഴുകിയെത്തിയത്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനത്തിൽ സ്വാഭാവിക വർധനവുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലേക്ക് എത്തിയത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്.

Share news
error: Content is protected !!
Scroll to Top