ഗൂഗിൾ പേയിലെ പോക്കറ്റ് മണി ഫീച്ചർ തട്ടിപ്പോ ; വ്യാജ പ്രചരണമെന്ന് കേരള പൊലീസ്

തിരുവനന്തപുരം: വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഗുഗിൾ പേയിലെ പോക്കറ്റ് മണി എന്ന ഫീച്ചറിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വോയ്‌സ് സന്ദേശങ്ങളും പോസ്റ്റുകളും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കേരള പൊലീസ്. പ്രസ്‌തുത സന്ദേശങ്ങളിൽ, ഈ ഫീച്ചർ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നതാണെന്നും പൊതുജനങ്ങൾ ഇത് ഉപയോഗിക്കരുതെന്നും ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ട്‌ടപ്പെടും എന്നതരത്തിലുള്ള വ്യാജവിവരങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. നിങ്ങളുടെ അനുമതിയോ യുപിഐ പിൻ നൽകാതെയോ ഗൂഗിൾ പേയിൽ അക്കൗണ്ട് വഴി പണം നഷ്ടപ്പെടാൻ സാധ്യതയില്ല.

ഇത്തരത്തിൽ പ്രചരിക്കുന്ന ചില വോയ്‌സ് സന്ദേശങ്ങൾ പോക്കറ്റ് മണി ഫീച്ചർ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നുവെന്ന തരത്തിൽ തെറ്റായ ആശങ്കകൾ സൃഷ്ടിക്കുന്നതാണ്. ഈ തരത്തിലുള്ള വിവരങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഇത് സംബന്ധിച്ച് നിലവിൽ സൈബർ തട്ടിപ്പുകൾ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ പൊതുജനങ്ങൾ ഇത്തരം പ്രചാരണങ്ങൾ ആശങ്കപ്പെടേണ്ടതില്ല.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ :-

ഗൂഗിൾ പേ പോക്കറ്റ് മണി റിവാർഡ് ലഭിച്ചിട്ടുണ്ട്, അത് അക്കൗണ്ടിലേക്ക് മാറ്റാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന തരത്തിലുള്ള വാട്‌സാപ്പ് / എസ്എംഎസ് സന്ദേശങ്ങൾ വിശ്വസിക്കരുത്.

ഇത്തരത്തിലുള്ള സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന അപരിചിത ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.

പണം ലഭിക്കാൻ യുപിഐ പിൻ നൽകേണ്ട ആവശ്യമില്ല.

ആരെങ്കിലും പണം ലഭിക്കുമെന്ന് പറഞ്ഞ് യുപിഐ നൽകാൻ ആവശ്യപ്പെടുന്നുവെങ്കിൽ അത് ഉറപ്പായും തട്ടിപ്പാണ് എന്ന് മനസ്സിലാക്കുക.

ഔദ്യോഗിക ആപ്പുകളിലെ ഫീച്ചറുകൾ ഉപയോഗിക്കുമ്പോൾ ഭയപ്പെടേണ്ടതില്ല, എന്നാൽ ജാഗ്രത പാലിക്കുക.

സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന വോയ്‌സ് ക്ലിപ്പുകൾ പരിശോധിക്കാതെ വിശ്വസിക്കരുത്

അപരിചിതരിൽ നിന്നുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കുക.

സൈബർ സാമ്പത്തിക തട്ടിപ്പ് സംഭവിച്ചാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌പ്ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top