
ഗൂഡല്ലൂർ : വേനലവധി ആരംഭിച്ചതോടെ നീലഗിരിയിൽ സഞ്ചാരികളുടെ വൻ തിരക്ക്, ഞായറാഴ്‌ച കേരളത്തിൽ നിന്നടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് നാടുകാണി ചുരംവഴി എത്തിയത്. നാടുകാണി ടോൾ ചെക്ക് പോസ്റ്റ് മുതൽ ഗൂഡല്ലൂർ -ഊട്ടി റോഡ് വരെ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിരയു
രാവിലെ മുതൽ ഊട്ടി, മുതു മല, ബന്ദിപ്പൂർ, വയനാട് ഭാഗങ്ങളിലേക്ക് വാഹനങ്ങളുടെ പ്രവാഹമാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്‌ആർടിസി ഉൾപ്പെടെയുള്ളവ മണിക്കൂറുകളോളം വൈകി. കഠിനമായ ചൂടിൽനിന്ന് ആശ്വാസം തേടിയാണ് സഞ്ചാരികൾ മലകയറുന്നതെങ്കിലും ഗൂഡല്ലൂർ, പന്തല്ലൂർ, മസിനഗുഡി മേഖലകളിൽ നിലവിൽ ശക്തമായ ചൂടാണ്.
സീസൺ തിരക്കേറിയതോടെ വിനോദസഞ്ചാരികൾ ഭക്ഷണത്തിനായി നെട്ടോട്ടമോടുകയാണ്. പാചകവാതക ദൗർലഭ്യം കാരണം മേഖലയിലെ പല ഹോട്ടലുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. തുറന്ന കടകളിൽ പരിമിതമായ ഭക്ഷണമാണുള്ളത്. പലയിടത്തും ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായും പരാതിയുണ്ട്.
നീലഗിരിയിൽ വസന്തോത്സവത്തിന് തുടക്കമാകാനിരിക്കെ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പരിശോധനകളും കർശനമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സ്പെഷ്യൽ ടീം അതിർത്തികളിൽ വാഹനങ്ങൾ അരിച്ചുപെറുക്കുകയാണ്. രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളിൽ കൈവശംവയ്ക്കുന്നവരിൽ നിന്ന് പണം പിടിച്ചെടുക്കുന്നുണ്ട്. വരുംദിവസങ്ങളിൽ വിഷു പ്രമാണിച്ച് കൂടുതൽ സഞ്ചാരികൾ എത്താൻ സാധ്യതയുള്ളതിനാൽ മേഖലയിൽ തിരക്ക് വർധിക്കും.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




