നിരന്തരവും അക്ഷീണവുമായ സാഹിത്യ പ്രവര്‍ത്തനത്തിലൂടെ മുഖം നോക്കാതെ ശരിയുടെ പക്ഷം പറയാന്‍ തയ്യാറായ എഴുത്തുകാരനാണ് ഡോ.എസ് കെ വസന്തനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. എസ് കെ വസന്തന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാഷക്ക് ഭാവുകത്വപരവും ഭാഷാപരവുമായ ഉള്ളടക്കം നല്‍കി പുതുവഴി തീര്‍ത്ത ആചാര്യനാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. അദ്ദേഹത്തിന്റെ പേരിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരം നല്‍കി വരുന്നത്. പോയ വര്‍ഷത്തെ അവാര്‍ഡ് ജേതാവായ ഡോ. എസ് കെ വസന്തന്‍ ഉപന്യാസം, നോവല്‍,നിരൂപണം, ഓര്‍മക്കുറിപ്പുകള്‍, ജീവചരിത്രം, ലേഖനങ്ങള്‍ തുടങ്ങി സാഹിത്യത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭയാണ്. സൂക്ഷ്മ നിരീക്ഷണ പാടവവും ജാഗ്രതയും ഉന്മേഷ ഭരിതമായ ആഖ്യാന ശൈലിയും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. സാഹിത്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനം പുരോഗമനോന്‍മുഖമായ എഴുത്തിന് കാരണമായെന്ന് അനുമാനിക്കാം.
കേരള സംസ്‌കാര ചരിത്ര നിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍, പടിഞ്ഞാറന്‍ കാവ്യമീമാംസ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മികച്ച അധ്യാപകന്‍, വാഗ്മി, ഗവേഷണ മാര്‍ഗദര്‍ശി തുടങ്ങിയ നിലകളിലുള്ള ഡോ. വസന്തന്റെ സംഭാവനകള്‍ കൂടി പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
വൈഞ്ജാനിക സംഭാവനകള്‍ക്കൊപ്പം സര്‍ഗാത്മക സാഹിത്യത്തിലും വിരാജിക്കുന്ന ഡോ. വസന്തന്റെ സര്‍ഗാത്മക ലോകം ഒറ്റക്കള്ളിയിലൊതുക്കാനാകില്ല. കേരള ചരിത്ര നിഘണ്ടുവിനെ വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്‌കാരചരിത്രനിഘണ്ടു വസന്തന്‍മാഷ് കേരളത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്. ചരിത്രവും സംസ്‌കാരവും രണ്ടു പഠനപദ്ധതികളെന്ന നിലയില്‍ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളെ അക്കാദമികമായി അടയാളപ്പെടുത്താന്‍ ഈ കൃതിയിലൂടെ സാധിച്ചിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും കനപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങളില്‍ ഒന്നുകൂടിയാണ് കേരള സംസ്‌കാരചരിത്രനിഘണ്ടു. നമ്മള്‍ നടന്ന വഴികള്‍, നിരൂപകന്റെ വായന, അരക്കില്ലം, ഉദ്യോഗപര്‍വ്വം എന്നിങ്ങനെ കഥ, നോവല്‍, നിരൂപണം തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന സാഹിത്യശാഖകളിലായി അറുപതിലധികം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാര നിറവിലുള്ള അദ്ദേഹത്തിന്റെ സാഹിത്യ സപര്യക്കുള്ള അംഗീകാരമെന്ന നിലയില്‍ ഏറെ സന്തോഷത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഭാഷാപഠനവും നവോത്ഥാന കാല അറിവുകളും പുതു തലമുറക്ക് പകര്‍ന്നു നല്‍കാന്‍ കഴിയണമെന്ന് എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് ഡോ. എസ് കെ വസന്തന്‍ അഭിപ്രായപ്പെട്ടു പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭാഷായെയും നമുക്ക് മുന്നിലൂടെ കടന്നു പോയ കാലവും പഠിക്കാന്‍ വിദ്യാര്‍ത്ഥികളും പഠിപ്പിക്കാന്‍ അധ്യാപകരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതമാശംസിച്ചു. ഡോ.വി വേണു പ്രശസ്തി പത്രം വായിച്ചു. ഡോ. അനില്‍ വള്ളത്തോള്‍ ആദരഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍ ചടങ്ങിന് നന്ദി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




