
വാഷിങ്ടണ്‍: ഇസ്ലാമാബാദില്‍ നടന്ന സമാധാന ശ്രമങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ യുഎസ് നാവികസേന ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് തടയാന്‍ നാവിക സേനയ്ക്ക് നിര്‍ദേശം നല്‍കിയെന്നും ഇറാന് ചുങ്കം കൊടുത്ത് കടലിടുക്കിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും ഉപരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ മികച്ച രീതിയിലാണ് നടന്നതെന്നും മിക്ക കാര്യങ്ങളിലും ധാരണയായെന്ന് പറഞ്ഞ ട്രംപ്, എന്നാല്‍ ആണവ പദ്ധതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇറാന്‍ തയ്യാറായില്ലെന്നും വ്യക്തമാക്കി.
ഏതെങ്കിലും ഇറാന്‍ പൗരന്‍ തങ്ങളെ വെടിവയ്ക്കുകയോ സമാധാനപരമായി പോകുന്ന കപ്പലുകളെ വെടിവയ്ക്കുകയോ ചെയ്താല്‍ അവരെ നരകത്തിലേക്ക് അയക്കുമെന്നും ഉചിതമായ സമയത്ത് ഇറാനെ അവസാനിപ്പിക്കാന്‍ യുഎസ് തയ്യാറാണെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ തകര്‍ക്കുമെന്നും അമേരിക്കന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘവുമായി വാരാന്ത്യത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം കരാറൊന്നുമില്ലാതെ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പാകിസ്ഥാനില്‍ നിന്ന് മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരുപക്ഷവും തമ്മില്‍ നടന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
അമേരിക്കയുടെ ഉപരോധ പ്രഖ്യാപനത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. സമാധാന കരാറിന് തൊട്ടടുത്തെത്തിയപ്പോള്‍ അമേരിക്ക നിലപാടുകള്‍ മാറ്റിയതാണ് തിരിച്ചടിയായതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി.ഏതെങ്കിലും സൈനിക കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിന് സമീപമെത്തിയാല്‍ അത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ഉപരോധ ഭീഷണികള്‍ക്ക് മുന്നില്‍ ഇറാന്‍ കീഴടങ്ങില്ലെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് പറഞ്ഞു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




