
തിരൂരങ്ങാടി: ഗവ: താലൂക്ക് ആശുപത്രിയില്‍ 2025 ജനുവരി 2 ന് മൂന്നിയൂര്‍ കുണ്ടം കടവ് സ്വദേശി പാലത്തിങ്ങല്‍ അബൂബക്കര്‍ മൗലവി (55) മരണപ്പെട്ട സംഭവത്തില്‍ താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയും മനുഷ്യാവകാശ ലംഘനവും ഉണ്ടായെന്ന പരാതിയില്‍ കര്‍ശന നടപടികളും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേരള മനുഷ്യാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. സംഭവത്തില്‍ ആരോപണ വിധേയയായ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ: ഫെബിനക്കെതിരെ നടന്ന വകുപ്പ് തല അന്വേഷണവും ആയതിലെ ശുപാര്‍ശ പ്രകാരം ഡി.എം.ഒ. തുടര്‍ നടപടികള്‍ സ്വീകരിച്ചത് സംബന്ധിച്ചും രണ്ട് മാസത്തിനുള്ളില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.
2025 ജനുവരി 2ന് പുലര്‍ച്ചെ ശ്വാസതടസ്സവും നെഞ്ച് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അബൂബക്കര്‍ മൗലവിയെ ആശുപത്രി ക്യാഷ്വാലിറ്റിയില്‍ എത്തിച്ചത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ: ഫെബിന റസ്റ്റ് റൂമില്‍ ഉറങ്ങുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ നിരന്തരമായി വിളിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ ക്യാഷ്യാലിറ്റിയില്‍ എത്തിയപ്പോഴേക്കും രോഗി മരിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പെ രോഗി മരിച്ചിരുന്നുവെന്ന് കാണിച്ച് ഡോക്ടര്‍ പോലീസിന് ഇന്റിമേഷന്‍ അയക്കുകയായിരുന്നു. തുടര്‍ന്ന് രാവിലെ 10 മണിക്ക് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ വാശി പിടിക്കുക മാത്രമല്ല ഉച്ചക്ക് 12 മണിക്ക് ശേഷമാണ് തിരൂരങ്ങാടിയില്‍ നിന്നും മൃതദേഹം മഞ്ചേരി രിലേക്ക് റഫര്‍ ചെയ്തത്. സ്വാഭാവിക മരണം സംഭവിച്ച വ്യക്തിയുടെ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ ഏറെ വൈകിപ്പിച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ച നടപടിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഷ്‌റഫ് കളത്തിങ്ങല്‍ പാറയും തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് യു.എ. റസാഖും മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയിലാണ് ഉത്തരവ്. പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ അത്യന്തം ഗൗരവമുള്ളതാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ കര്‍ശന നടപടികളും മുന്‍കരുതലുകളും സ്വീകരിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ ഉത്തരവില്‍ പ്രധാന കാര്യങ്ങള്‍ കൂടി ചൂണ്ടി കാട്ടി. കാഷ്വാലിറ്റിയില്‍ എത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിക്കാന്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വറുത്താന്‍ കര്‍ശനമായ ‘ സീറോ ഡിലെ’ പോളിസി നടപ്പിലാക്കണം. ഡോക്ടര്‍മാരുടെയും നഴ്‌സിംഗ് സ്റ്റാഫിന്റെയും സാന്നിധ്യം ഉറപ്പാക്കാന്‍ ബയോമെട്രിക് അല്ലെങ്കില്‍ ഡിജിറ്റല്‍ അറ്റന്‍ഡന്‍സ് സംവിധാനം കാഷ്വാലിറ്റിയില്‍ കര്‍ശനമാക്കണം.
രോഗി എത്തിയ സമയം, മരണ സമയം എന്നിവ രേഖപ്പെടുത്തുന്നതില്‍ സുതാര്യത ഉറപ്പാക്കണം. കുടുംബത്തിന്റെ സാന്നിധ്യത്തില്‍ വേണം ഇത്തരം പ്രാഥമിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കേണ്ടത്. ‘ബ്രോട്ട് ഡെത്ത് ‘ എന്ന് രേഖപ്പെടുത്തുന്നതിന് മുമ്പ് കൃത്യമായ വൈദ്യ ശാസ്ത്ര പരിശോധനകള്‍ നടന്നുവെന്ന് ഉറപ്പാക്കാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരിശോധനാവിധേയമാക്കണം. തിരൂരങ്ങാടി താലൂക്ക് ആശുപത്രി പോലുള്ള പ്രധാന ആശുപത്രികളില്‍ പോസ്റ്റ്‌മോര്‍ട്ടം സൗകര്യങ്ങള്‍ എല്ലാ ദിവസവും ലഭ്യമാണെന്ന് ഉറപ്പ് വരുത്തണം. സൗകര്യമില്ലാത്ത പക്ഷം രോഗിയെ കൊണ്ടുവന്ന ഉടന്‍ തന്നെ ബന്ധുക്കളെ അറിയിക്കണം. മണിക്കൂറുകള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുന്നത് ഒഴിവാക്കാന്‍ വ്യക്തമായ പ്രോട്ടോക്കോള്‍ തയ്യാറാക്കണം. മൃതദേഹം സൂക്ഷിക്കുന്നതിനും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും പ്രത്യേക നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തണമെന്നും മൃതദേഹം വിട്ട് നല്‍കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ പോലീസ് ഇന്‍ക്വസ്റ്റ് കഴിഞ്ഞാലുടന്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കണമെന്നും ആശുപത്രികളില്‍ രോഗികളുടെ ബന്ധുക്കള്‍ക്ക് പരാതി അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌കോ പരാതി പരിഹാര സെല്ലോ രൂപീകരിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.



