ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവം;യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്നും യുവജന കമ്മീഷന്‍ വ്യക്തമാക്കി.

നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ഈ മാസം 10 ാം തിയതിയാണ് ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് നിതിന്‍ ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചു.

കോളേജിലെ വകുപ്പ് മേധാവി ഡോ. എം കെ റാമും ഡോ. സംഗീത നമ്പ്യാരും മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നുവെന്നും, നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപമെന്നും ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായിരുന്നതായും പലപ്പോഴും നിതിനോട് വൈരാഗ്യവും കാണിച്ചിരുന്നുവെന്നുമാണ് കുടുംബം ആരോപണമുന്നയിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top