ദീപക്കിന്റെ ആത്മഹത്യ;ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി;ജയിലില്‍ തുടരും

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി. കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത ജയിലില്‍ തുടരും. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് പൊലീസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയിരുന്നു. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിശോധിച്ച കോടതി വിശദമായ വാദം കേട്ടിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ദീപക് ജീവനൊടുക്കിയതില്‍ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയാണ് ഷിംജിത. അതിനിടെ ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോ നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യാത്രക്കാരി പൊലീസിനെ സമീപിച്ചിട്ടുണ്ട്. പ്രചരിക്കപ്പെട്ട വീഡിയോയില്‍ താന്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആളുകള്‍ തെറ്റിദ്ധരിക്കുമെന്നതിനാല്‍ വീഡിയോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുമാണ് പെണ്‍കുട്ടി കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിനെ സമീപിച്ചത്. സ്വകാര്യ ബസില്‍ അതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്തത് .

സാമൂഹിക മാധ്യമത്തില്‍ അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഈ മാസം 21നാണ് വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. ഷിംജിതയെ വടകരയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു പൊലീസ് പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റില്‍ ഹാജരാക്കിയ ശേഷം ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്ക്കെതിരെ പൊലീസ് കേസെടുത്തത്. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഷിംജിതയ്ക്കെതിരായ നടപടി. അതെസമയം തനിക്ക് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു എന്ന മൊഴിയില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ഷിംജിത.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top